ചൂഴ–പുനലാൽ റോഡ് തകർന്ന് യാത്ര ദുരിതത്തിൽ

Mail This Article
ആര്യനാട് ∙ വെള്ളനാട്–ആര്യനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചൂഴ–പുനലാൽ റോഡ് തകർന്നതോടെ യാത്ര ദുരിതത്തിൽ. രണ്ട് കിലോമീറ്ററിലധികം ദൂരം വരുന്ന റോഡിന്റെ വശങ്ങളിൽ ധാരാളം കുടുംബങ്ങൾ താമസിക്കുകയാണ്. റോഡിന്റെ പലഭാഗത്തും ടാറിങ് തകർന്നു കുഴികളായി. കൂടാതെ മെറ്റലുകൾ ഇളകിയതോടെ ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. വളവും കയറ്റവും ഇറക്കവും വരുന്ന റോഡിൽ ടാറിങ് നശിച്ചതോടെ യാത്ര ദുരിതത്തിൽ ആണ്. പുനലാൽ ഭാഗത്ത് നിന്ന് ചൂഴ വഴി ആര്യനാട്ടേക്കും തിരിച്ചും എത്തുന്നതിന് എളുപ്പമാർഗമാണ് ഈ റോഡ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡിന്റെ വശത്ത് കുഴിയെടുത്ത് മൂടുകയും ചെയ്തു. വാഹനങ്ങൾ പോകുമ്പോൾ ഇതിൽ നിന്ന് പൊടി പടരുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പ്രദേശവാസി പുനലാൽ രാജമണി റോഡ് ടാറിങ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസ്സിൽ നൽകിയ അപേക്ഷ പൊതുമരാമത്ത് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ധാരാളം കുടുംബങ്ങളുടെ യാത്രയ്ക്കായുള്ള ആശ്രയമായ റോഡ് ഉടനടി ടാറിങ് നടത്തുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.