ADVERTISEMENT

തിരുവനന്തപുരം∙ ഏക മകൾ ദേവിയും ഭർത്താവ് നവീനും മരിച്ചതിന്റെ നടുക്കത്തിലാണ് വട്ടിയൂർക്കാവ് മൂന്നാംമൂടിലെ കാവിൽ വീട്. ദേവിയുടെ അച്ഛനും പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറുമായ ബാലൻ മാധവന്റെ ഫോണിലേക്ക് രാവിലെ 11.30നാണ് അരുണാചൽ പ്രദേശിലെ എസ്പിയുടെ കോൾ വന്നത്. ‘താങ്കളുടെ മകളും ഭർത്താവും ഹോട്ടൽ മുറിയിൽ മരിച്ചു കിടക്കുന്നു’– എസ്പി പറഞ്ഞ ഈ വിവരം ഞെട്ടലോടെ ബാലൻ മാധവൻ കേട്ടു നിന്നു.

വളരെ വൈകിയാണ് ദേവിയുടെ അമ്മ ലത വിവരം അറിഞ്ഞത്. മകളുടെ മരണവാർത്ത കേട്ട അവർ അതു താങ്ങാനാകാതെ തളർന്നുവീണു. മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ദേവിയുടെ വീട്ടുകാർ. ഹോട്ടൽമുറിയിൽ ഇവർക്കൊപ്പം മരിച്ചനിലയിൽ കണ്ടെത്തിയ ആര്യയുടെയും ദേവിയുടെയും വീടുകൾ അടുത്തടുത്താണ്. ദേവിയും നവീനും കടുത്ത വിശ്വാസികളായിരുന്നില്ല. എന്നാൽ നവീൻ അടുത്തകാലത്തായി പലരോടും ആത്മീയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏറെനാളായി മീനടത്തെ വീട്ടിലായിരുന്നു താമസം. 

"എന്റെ ബന്ധുവാണു ദേവി. വിദ്യാസമ്പന്നരാണ് ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ പെട്ടത്. ഇതു ഗുരുതരമായി  കാണണം. ബോധവൽക്കരണം നടത്തി ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കണം. തിരുവനന്തപുരത്തും ബ്ലാക്ക് മാജിക്ക് സംഘങ്ങൾ ഉണ്ട്. ഇതിലേക്ക് ഇവരെ നയിച്ചവരെ കണ്ടെത്തണം".

മരണവിവരം എത്തുന്നത് വിവാഹ ഒരുക്കങ്ങൾക്കിടെ
തിരുവനന്തപുരം∙ സ്കൂൾ അധ്യാപിക ആര്യ മരിച്ചത് വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടെ. അടുത്ത മാസം 7ന് ആണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മുംബൈയിലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു വരൻ. 27ന് ആര്യയെ കാണാതായി. രാവിലെ 7 മണിയോടെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ മടങ്ങിയെത്തിയില്ല. അച്ഛൻ അനിൽകുമാർ സ്കൂളിൽ വിവരം തിരക്കിയപ്പോൾ ആര്യ സ്കൂളിൽ വന്നിട്ടില്ലെന്നും ഒരാഴ്ച അവധി പറഞ്ഞിരുന്നുവെന്നും അറിഞ്ഞു. 10 മണിയോടെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

"ദേവിയും നവീനും വളരെ സന്തോഷത്തോടെയാണു ജീവിച്ചത്. വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. കോട്ടയത്ത് നവീന്റെ വീട്ടിലാണ് ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് തിരുവനന്തപുരത്തു വന്നിരുന്നത്. അരുണാചലിൽ വിനോദയാത്രയ്ക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്  ".

ആര്യയുടെ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചപ്പോൾ കോളുകൾ പോയത് ദേവിയുടെ നമ്പറിലേക്കാണെന്നു കണ്ടെത്തി. പിന്നീട് ദേവിയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ദേവിയും ഭർത്താവ് നവീനും യാത്ര പോയതിന്റെ വിവരങ്ങൾ ലഭിച്ചു. 27ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു മൂവരും ഗുഹാവത്തിയിലേക്കു പോയതായി കണ്ടെത്തുകയും ചെയ്തു. വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ആര്യയുടെ തിരോധാനം രഹസ്യമായാണ് വീട്ടുകാരും പൊലീസും കൈകാര്യം ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയതാകുമെന്നു പറഞ്ഞു പൊലീസ് വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തു. മകൾ ഇന്നോ നാളെയോ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അനിൽകുമാറും ഭാര്യ ജി.ബാലാംബികയും. ഇന്നലെ ഉച്ചയോടെയാണ് ആര്യയുടെ മരണവാർത്ത വീട്ടുകാർ അറിയുന്നത്.

arya-b-nair-1
ആര്യ

നാൾവഴി

▶ മാർച്ച് 17
നവീനും ഭാര്യയും കോട്ടയം മീനടത്തു നിന്നു തിരുവനന്തപുരത്ത് എത്തി (ദൃശ്യം നഗരത്തിലെ സിസിടിവികളിൽ നിന്നു പൊലീസിന് ലഭിച്ചു)
▶ മാർച്ച് 27
മൂവരും തിരുവനന്തപുരം വഴി കൊൽക്കത്തയിലേക്ക്. അവിടെ നിന്നു ഗുവാഹത്തി വഴി ഇറ്റാനഗറിൽ. ആര്യയെ കാണാനില്ലെന്നു ബന്ധുക്കൾ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
▶ മാർച്ച് 28
ഇറ്റാനഗറിൽ നിന്നു 120 കിലോമീറ്റർ ദൂരെയുള്ള സിറോ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോട്ടലിൽ മൂവരും മുറിയെടുത്തു. നവീനും ഭാര്യയും വീട്ടിലേക്ക് വിളിക്കുന്നു. ഞങ്ങൾ കുറച്ചുദിവസം കഴിഞ്ഞ് എത്തുമെന്ന് അറിയിക്കുന്നു.
▶മാർച്ച് 29
മൂവരും ഹോട്ടലിൽ നിന്നു മാർക്കറ്റിൽ പോയ ശേഷം മുറിയിൽ തിരിച്ചെത്തി (ഹോട്ടൽ ജീവനക്കാരുടെ മൊഴി)
▶ഏപ്രിൽ 2
രാവിലെ 11.30ന് അരുണാചൽ പ്രദേശ് പൊലീസ് ബന്ധുക്കളെ മരണ വിവരം അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com