ADVERTISEMENT

മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ: ശശി തരൂർ
തിരുവനന്തപുരം∙ തലസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിലാണു മുഖ്യ മത്സരമെന്നു യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. നാമനിർദേശ പത്രിക നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

‘ത്രികോണ മത്സരം എന്നു പറയുമെങ്കിലും കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലെ സാഹചര്യം തന്നെയാവുമെന്നാണ് തോന്നുന്നത്. ഞങ്ങൾ തന്നെയാണു മുന്നിൽ. പക്ഷേ രണ്ടാം സ്ഥാനത്തിപ്പോൾ കാണുന്നത് ബിജെപിയെയാണ്. തിരുവനന്തപുരത്ത് കൂടുതൽ എതിർക്കുന്നത് ബിജെപിയെയാണ്.  എസ്ഡിപിഐ പിന്തുണ എനിക്കു വേണ്ടി മാത്രം പ്രഖ്യാപിച്ചതല്ല. ആ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പാർട്ടി നേതൃത്വം പ്രതികരിക്കും. ഒരു രാഷ്ട്രീയ പാർട്ടി നിയമപരമായി അറിയിച്ചു കഴിഞ്ഞ ഫണ്ട് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയാതെ വരുന്നതു ജനാധിപത്യത്തിന് നല്ലതല്ല. നികുതി ഭീകരവാദം ശരിയല്ല. തോൽവി ഉറപ്പായതുകൊണ്ടാണ് പ്രതിപക്ഷ കക്ഷി നേതാക്കളെ ബിജെപി ഭരണകൂടം ജയിലിൽ അടയ്ക്കുന്നത്. അവർ ഭയത്തിലാണെന്നതിന്റെ തെളിവാണിത്. 9 സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ കിട്ടിയ സീറ്റ് ബിജെപിക്ക് ഇത്തവണ കിട്ടില്ലെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്’– അദ്ദേഹം പറഞ്ഞു.

വരണാധികാരിയായ കലക്ടർ ജെറോമിക് ജോർജിനു മുന്നിലാണ് അദ്ദേഹം 3 സെറ്റ് പത്രിക സമർപ്പിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ വി.എസ്.ശിവ കുമാർ, ശക്തൻ നാടാർ, എം.വിൻസന്റ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി തിരുവനന്തപുരം കലക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തുന്നു. ഡി.കെ.മുരളി, വി.ശശി, കടകംപള്ളി സുരേന്ദ്രൻ, സി.ജയൻബാബു തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി തിരുവനന്തപുരം കലക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തുന്നു. ഡി.കെ.മുരളി, വി.ശശി, കടകംപള്ളി സുരേന്ദ്രൻ, സി.ജയൻബാബു തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

അടൂർ പ്രകാശിന്റേത് തോൽവി ഭയന്നുള്ള ആരോപണം:വി.ജോയ്
തിരുവനന്തപുരം∙ ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളും കള്ളവോട്ടുകളുമുണ്ടെന്ന യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം തോൽവി ഭയന്നുള്ളതും അടിസ്ഥാനരഹിതവുമാണെന്നു എൽഡിഎഫ് സ്ഥാനാർഥി വി.ജോയ്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പരാതിയുണ്ടെങ്കിൽ നിയമപരമായി പോവുകയാണ് വേണ്ടത്. ഇക്കാലത്ത് ഇരട്ട വോട്ടുകൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുണ്ട്. കഴിഞ്ഞ തവണ അടൂർ പ്രകാശ് ജയിച്ചത് ബിജെപിയുടെ സഹായത്തോടെയാണ്. ഇതു വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ബിജെപി ഓഫിസ് സെക്രട്ടറിയുടെ ശബ്ദരേഖ.  വി.മുരളീധരനും കെ.സുരേന്ദ്രനും ചേർന്ന് ശോഭ സുരേന്ദ്രന് വോട്ട് കുറയ്ക്കാൻ നടത്തിയ ശ്രമമാണ് പുറത്തായത്. ഇത്തവണ മുരളീധരന് ഇവിടെ മത്സരിക്കാൻ സാഹചര്യമൊരുക്കുക എന്നതായിരുന്നു തന്ത്രം. ഓഫിസ് സെക്രട്ടറിയുടെ ആരോപണം ശരിയല്ലെങ്കിൽ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. ഇത്തവണ യുഡിഎഫ്–ബിജെപി ബാന്ധവം വന്നാലും പ്രതിരോധിക്കാൻ വേണ്ട പ്രവർത്തനം എൽഡിഎഫ് നടത്തുന്നുണ്ട്’– ജോയ് പറഞ്ഞു.

കുടപ്പനക്കുന്ന് ജംക്ഷനിൽ നിന്ന് പ്രകടനമായാണ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. വരാണാധികാരിയായ എഡിഎം സി.പ്രേംജിയ്ക്കു മുന്നിൽ 3 സെറ്റ് പത്രികയാണു നൽകിയത്. നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായർ, ആനാവൂർ നാഗപ്പൻ, എ.എ.റഹിം എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com