ADVERTISEMENT

നെയ്യാറ്റിൻകര ∙ വേലിയേറ്റം ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾക്കു പിന്നാലെ കടുത്ത മത്സ്യക്ഷാമവും തീരദേശവാസികളെ ദുരിതത്തിലാക്കുന്നു. ഭൂരിഭാഗം യാനങ്ങളും മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയെത്തുന്നത് ഒഴിഞ്ഞ ‌വലകളുമായി. മുടക്കുന്ന തുകയുടെ പകുതി പോലും തിരികെ കിട്ടാതെ വന്നതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാതെ പകച്ചു നിൽക്കുന്നു. അന്തരീക്ഷത്തിലെ അമിതമായ ചൂട് കാരണം മീനുകൾ കടലിലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയതാണ് മത്സ്യ ക്ഷാമത്തിന് കാരണമായി മീൻ പിടുത്തക്കാർ പറയുന്നത്. കടൽ തണുത്താൽ മാത്രമേ കാര്യമായ കോള് ലഭിക്കുകയുള്ളൂവെന്ന് അവർ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 100 മുതൽ 120 വരെ ദിനങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിനു വേണ്ടി പോകാൻ സാധിച്ചതെന്ന് കരുംകുളം പഞ്ചായത്ത് പരിധിയിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു. എങ്കിലും കുടുംബത്തിന്റെ ദുരിതം കണ്ടിരിക്കാൻ കഴിയാതെ ഈ പാവങ്ങൾക്ക് വള്ളവുമായി കടലിൽ ഇറങ്ങേണ്ടി വരുന്നു.

സ്ഥിരമായി മഴയും കാറ്റും കാരണം കാലാവസ്ഥാ നിയന്ത്രണങ്ങൾ പതിവായതിനാൽ പൊഴിയൂർ, പൂവാർ, കരുംകുളം അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു വളരെ കുറഞ്ഞിട്ടുണ്ട്. കടലേറ്റം കാരണം ഇപ്പോൾ ഒരാഴ്ചയിലേറെയായി  ഇവർക്ക് തൊഴിൽ നഷ്ടമായി. അതിൽ നിന്ന് തൊഴിലിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മത്സ്യക്ഷാമം രൂക്ഷമായി മാറിയിരിക്കുന്നത്. ഇപ്പോൾ 6000 രൂപ മുടക്കി കടലിൽ പോയാൽ ലഭിക്കുന്നത് 1500രൂപയ്ക്ക് താഴെ വിലക്കുള്ള മീനുകളാണ്. ഇതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നർ ലോറികളിൽ മീനുകൾ തീരത്ത് എത്തിച്ച് വിൽക്കുന്ന സംഘങ്ങൾ പെരുകുന്നതിനാൽ വള്ളത്തിൽ പോയി കൊണ്ടുവരുന്ന മീനിന് ലഭിക്കുന്ന വിലയും കുറവാണ്. ഇതും തെല്ലൊന്നുമല്ല അവരെ അലട്ടുന്നത്. പല മീൻ പിടുത്തക്കാരും മറ്റു തൊഴിലുകളിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്. വർഷങ്ങൾക്ക് മുൻപ് ഈ സീസണിൽ ചെമ്മീൻ, കണവ, അയല, ചൂര, മത്തി തുടങ്ങിയ മീനുകൾ ലഭിച്ചിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com