ADVERTISEMENT

തിരുവനന്തപുരം ∙ പ്രസംഗിച്ച വേദികളിലെല്ലാം ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡോ. ശശി തരൂർ. ബിജെപി രാജ്യത്ത് സൃഷ്ടിച്ച വിഭാഗീയതയെപ്പറ്റിയാണ് ഇന്നലത്തെ പ്രചാരണ പരിപാടികളിൽ തരൂർ ഊന്നിപ്പറഞ്ഞത്. ‘കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയെ പുറത്താക്കുകയാണ് ഇത്തവണ മുഖ്യലക്ഷ്യം. വർഗീയത പ്രചരിപ്പിച്ചു ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന സർക്കാരിനെ മാറ്റി, എല്ലാ ജനവിഭാഗങ്ങളെയും ഒരു പോലെ കാണുകയും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാരിനെ അധികാരത്തിലെത്തിക്കണം. അതിന് കൂട്ടായ പ്രവർത്തനം ഉണ്ടാകണം’– തരൂർ പറഞ്ഞു. 

കരിക്കകം ചാമുണ്ഡി ക്ഷേത്ര സന്നിധിയിൽ കഴക്കൂട്ടം മണ്ഡലത്തിലെ പ്രചാരണപരിപാടി കെപിസിസി മുൻ ഉപാധ്യക്ഷൻ ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് തരൂർ എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി തരൂരിനെ വരവേൽക്കാൻ എത്തിയിരുന്നു.   ജനാധിപത്യവും മതേതരത്വവും പൗരസ്വാതന്ത്രവും ഉറപ്പു വരുത്തുന്ന ഇന്ത്യൻ ഭരണഘടനയെ  അത്ഭുതത്തോടെയാണ് ലോക രാഷ്ട്രങ്ങൾ കാണുന്നതെന്നും ആ ഭരരണഘടനയെ തകർക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ  സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടത്തിയ റോഡ് ഷോ.

മോദി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ തരൂരിനെ വീണ്ടും വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കി. രാത്രി ഏറെ വൈകി മണ്ണന്തലയിലാണ് പര്യടനം സമാപിച്ചത്.  എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ റോഡ് ഷോയുമായി നിരത്തുകളിൽ നിറ​ഞ്ഞു. ‘രാജീവം വിടരട്ടെ’ എന്ന പേരിലുള്ള റോഡ് ഷോ തിരുമല, നേമം, ആറ്റുകാൽ, പട്ടം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ഉള്ളൂർ എന്നിവിടങ്ങളിൽ നടന്നു. തുറന്ന ജീപ്പിൽ സഞ്ചരിച്ച സ്ഥാനാർഥി റോഡിനിരുവശവും ജനങ്ങളെ അഭിവാദ്യം ചെയ്തു.  

തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ 
പ്രചാരണം നടത്തുന്നു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു.

യുവാക്കളുടെ ബൈക്ക് റാലിയും നടന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഒട്ടേറെ പേർ സ്ഥാനാർഥിയെ കാണാനെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രധാന്യം വ്യക്തമാക്കി സ്ഥാനാർഥിയുടെ ഹ്രസ്വപ്രസംഗവും നടന്നു. 2  പതിറ്റാണ്ടു മുൻപ് രാജ്യത്തെ ടെക്നോളജി നഗരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന തിരുവനന്തപുരം വ്യക്തമായ കാഴ്‌ചപ്പാടും മാസ്റ്റർ പ്ലാനും ഇല്ലാതയുള്ള വികസന സമീപനങ്ങൾ കാരണം ഇന്ന് ഏറ്റവും പിന്നിലാണെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ടൂറിസവും ഐടിയുമല്ലാതെ ഒരു വികസനവും ഇവിടെ സാധിക്കില്ലയെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത്.

അതേ സമയം തൊട്ടടുത്ത സംസ്ഥാനങ്ങളിൽ വ്യവസായം ധാരാളമായി വരുന്നുണ്ട്. കേരളത്തിൽ വ്യവസായ ശാലകളും നിക്ഷേപങ്ങളും വരില്ല എന്ന മനോഭാവമാണു മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം ഇന്നലെ വലിയശാലയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നഗരകേന്ദ്രത്തിലെ പ്രധാന സ്ഥലങ്ങളിൽ തൊഴിലാളികളും സ്ത്രീകളും ഉൾപ്പെടെ വൻ ജനാവലി പന്ന്യനെ വരവേറ്റു. പൂമാല ചാർത്തിയും പുഷ്പവൃഷ്ടി നടത്തിയും സ്ഥാനാർഥിയെ സാധാരണ ജനവിഭാഗങ്ങൾ വരവേറ്റു. ആന്റണി രാജു എംഎൽഎയും ഇന്നലെ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. 51 കേന്ദ്രങ്ങളിൽ പന്ന്യനു വരവേൽപ് നൽകി. രാത്രി വൈകി രാജാജി നഗറിലായിരുന്നു അവസാന സ്വീകരണ പരിപാടി. സമാപന സമ്മേളനം ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ∙ വാഹന പര്യടനത്തിനും പൊതുയോഗങ്ങൾക്കുമൊപ്പം കഴിയാവുന്നിടത്തോളം വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് ആറ്റിങ്ങലിലെ മുന്നണി സ്ഥാനാർഥികൾ.  യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ വാമനപുരം നിയോജക മണ്ഡലത്തിലായിരുന്നു. രാവിലെ നെല്ലനാട് നിന്നും ആരംഭിച്ച പര്യടനം രാത്രി വഞ്ചുവത്ത് സമാപിച്ചു. ഇന്നു രാവിലെ 8.30 മുതൽ 12.30 വരെ പെരിങ്ങമല, കുറുപുഴ, പാങ്ങോട് മേഖലകളിലും ഉച്ചയ്ക്ക് ശേഷം ആര്യനാട്, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ വിവിധയിടങ്ങളിലും പര്യടനം നടത്തും. 

എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ കാട്ടാക്കട, വിളപ്പിൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ പള്ളിമുക്കിൽ നിന്നും ആരംഭിച്ച പാപ്പനത്താണു സമാപിച്ചത്. ഇന്നു വാമനപുരം മണ്ഡലത്തിലാണ്. രാവിലെ 8നു പാലാംകോണത്ത് നിന്നും ആരംഭിച്ച് രാത്രി മൂഴിയിൽ സമാപിക്കും.എൻഡിഎ സ്ഥാനാർഥിയായ കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്നലെ വാമനപുരം നിയോജക മണ്ഡലത്തിലായിരുന്നു. രാവിലെ വെള്ളംകുടിയിൽ നിന്നും ആരംഭിച്ച പര്യടനം മൂന്നംകുഴിയിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com