ADVERTISEMENT

നാഗർകോവിൽ ∙ തക്കല കൽക്കുളം താലൂക്ക് ഓഫിസിനു മുന്നിലായി മുൻ തമിഴ്നാട് മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയുടെ പ്രതിമ. അതിനു സമീപത്തെ സ്പീക്കറിലൂടെ തമിഴ് അനൗൺസ്മെന്റ്  ‘ഭാവിയിൽ തമിഴ് മക്കളെ നയിക്കേണ്ടവൻ, ഉദയനിധി സ്റ്റാലിന് സ്വാഗതം’. കറുപ്പും ചുവപ്പും നിറഞ്ഞ ഡിഎംകെ വർണത്തിൽ അണിയിച്ചൊരുക്കിയ ട്രാവലറിനു മുകളിൽ നിന്ന് ഉദയനിധി ജനങ്ങൾക്കിടയിലേക്ക്. ഉദയനിധിയുടെ ഇരുവശത്തുമായി കൈകൾ കൂപ്പി കന്യാകുമാരി ലോക്സഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്തും വിളവങ്കോട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി താരകൈ കത്ബർട്ടും.

‘എപ്പടി ഇരിക്കെ’ വെള്ളക്കുപ്പായവും ജീൻസും ധരിച്ച്, ചുണ്ടിലൊളിപ്പിച്ച ചിരിയുമായി ഉദയനിധി റോഡിൽ നിന്ന അമ്മമാരോട് മാറി മാറി ചോദിച്ചു. തക്കല ജംക്‌ഷനിലും സമീപത്തെ പാലസ് റോഡിലുമായി പൂരത്തിനുള്ള ആളുണ്ട്. അതിലെ ഡിഎംകെ, കോൺഗ്രസ്, സിപിഎം, എഎപി, മുസ്‌ലിം ലീഗ്, വിടുതലൈ ചെറുത്തൈ കക്ഷി (വിസിപി), മക്കൾ നേയർ കക്ഷി, എംഡിഎംകെ പാർട്ടികളിലെ നേതാക്കന്മാരെ പേരെടുത്ത് പറഞ്ഞ് സ്വാഗതം ചെയ്തു.

തുടർന്ന് ജനങ്ങളോട് ചോദ്യം: ‘തിരഞ്ഞെടുപ്പിൽ നിങ്ങൾ ഏത് ചിഹ്നത്തിലാണ് വോട്ട് ചെയ്യുന്നത് ?’ ‘കൈപ്പത്തി ചിഹ്നം’– ജനങ്ങളുടെ മറുപടി ‘എങ്കിൽ കൈകൾ ഉയർത്തി പറയൂ, എത്ര വോട്ട് ഭൂരിപക്ഷത്തിൽ നിങ്ങൾ വിജയ് വസന്തിനെ വിജയിപ്പിക്കും’ ‘2 ലക്ഷത്തിനു മുകളിൽ’ ‘നീങ്ക കൈപ്പത്തിക്ക് സെയ്യറ ഓരോ വോട്ടും മോദിക്ക് വെക്കറ വേട്ട. തമിഴ്നാട് മക്കൾ യാരെന്ന് കാട്ട്’.

നീണ്ട ഒറ്റയാൾ പ്രസംഗത്തിനു പകരം ജനങ്ങളുമായി അരമണിക്കൂർ നീണ്ട സംഭാഷണത്തിന്റെ തുടക്കമായിരുന്നു അത്. നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഉദയനിധി, തലൈവർ (സ്റ്റാലിൻ) സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികൾ ജനങ്ങളെക്കൊണ്ടു തന്നെ പറയിപ്പിച്ചു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കാൽക്കൽ കുമ്പിട്ടിരിക്കുന്ന എടപ്പാടി കെ.പളനിസ്വാമിയുടെ ചിത്രം ഉയർത്തി ‘പാദം താങ്ങി പളനിസ്വാമി’ എന്ന് സ്റ്റാലിൻ ശൈലിയിൽ വിമർശനം.

കന്യാകുമാരിയിൽ ഐടി പാർക്കും വിവേകാനന്ദപ്പാറയിൽ കണ്ണാടിപ്പാലവും ഒട്ടേറെ വാഗ്ദാനങ്ങളിൽ ചിലത് മാത്രം. തമിഴ്നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ 31 മണ്ഡലങ്ങളിലും പോയി വിജയം ഉറപ്പാക്കി, കന്യാകുമാരി ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകണമെന്ന് അഭ്യർഥിച്ചു. നിയമസഭാംഗമായതോടെ സിനിമ ഉപേക്ഷിച്ചെങ്കിലും മാസ് ഡയലോഗുകൾ മറന്നിട്ടില്ല. പര്യടനം അവസാനിപ്പിച്ചത് ഹീറോ പരിവേഷത്തിൽ തന്നെ. ‘തലൈവർ സൊൽവതു സെയ്‌വാ, സെയ്‌വതു മട്ടും താൻ സൊൽവാ. കലൈജ്ഞറുടെ പേരനാ, തലൈവരുടെ പയ്യനാ അൻപോട് കേൾക്കറേ, കൈ ചിഹ്നത്തിൽ വോട്ട് പോടണം’– ഒരിക്കൽക്കൂടി ഓർമിപ്പിച്ച് ജനങ്ങൾക്കിടയിലൂടെയുള്ള യാത്ര ഉദയനിധി തുടർ‌ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com