വേനൽമഴ: കടുത്ത ചൂടിൽ ചെറിയ ആശ്വാസം; ഒരു മണിക്കൂർ മഴയിലും തലസ്ഥാനം വെള്ളക്കെട്ടിൽ

Mail This Article
തിരുവനന്തപുരം∙ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കൂർ മാത്രം പെയ്ത മഴയിൽ തലസ്ഥാനം വെള്ളക്കെട്ടിലായി. കഴിഞ്ഞ വർഷം ഒക്ടോബറിലും നവംബറിലും ഒരു രാത്രി മുഴുവൻ പെയ്ത മഴയിലാണ് തലസ്ഥാനം മുങ്ങിയതെങ്കിൽ ഇന്നലെ പകൽ കുറച്ചുനേരം മാത്രം പെയ്ത മഴയിലാണ് പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുണ്ടായത്.
തമ്പാനൂർ, എസ്എസ് കോവിൽ റോഡ്, രാജാജി നഗർ, ബേക്കറി ജംക്‌ഷൻ, പാറ്റൂർ, വഞ്ചിയൂർ തുടങ്ങിയ എല്ലാ മഴക്കാലത്തും മുങ്ങുന്ന പ്രദേശങ്ങൾ മാത്രമല്ല, കവടിയാർ–പൈപ്പിൻമൂട് റോഡ്, നന്തൻകോട്, അമ്പലമുക്ക്–എൻസിസി റോഡ് തുടങ്ങിയ പ്രദേശങ്ങളും ഇന്നലെ വെള്ളക്കെട്ടിൽ കുരുങ്ങി. എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതെന്നു വിശദീകരിക്കാൻ ജല അതോറിറ്റി അധികൃതർക്കും കഴിയുന്നില്ല.
നഗരത്തിലെ ഡ്രെയ്നേജ് സംവിധാനം വൃത്തിയാക്കാത്തതാണ് പ്രധാന കാരണമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായാണ് സാധാരണ ഡ്രെയ്നേജുകൾ വൃത്തിയാക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്ത വിധം ഓടകളിൽ അഴുക്കു നിറഞ്ഞിരിക്കുന്നത് പ്രധാന കാരണമാണ്. ഇടവിട്ട് ചില ദിവസങ്ങളിൽ വേനൽ മഴ പെയ്യാൻ തുടങ്ങിയതോടെ നഗരത്തിൽ കൊതുകു ശല്യവും വർധിച്ചിട്ടുണ്ട്. മലിനജലം കെട്ടിക്കിടക്കുന്നതാണ് കൊതുകുകൾ മുട്ടയിട്ടു പെരുകാൻ കാരണമായത്.