ADVERTISEMENT

വർക്കല∙ തീർഥാടകരുടെ നിരന്തര സാന്നിധ്യമുള്ള പാപനാശം തീരത്തിനു സമീപത്ത് കടലിൽ ചേരുന്ന തോടിനുള്ളിൽ നിരന്തരം മാലിന്യം കലരുന്നതു തടയാൻ ഇനിയും നടപടിയില്ലെന്നു ആക്ഷേപം. ബലിതർപ്പണത്തിനു പേരുകേട്ട പാപനാശം തീരവും ജനാർദന സ്വാമി ക്ഷേത്രവും അതു പോലെ പുരാതനമായ വർക്കല ക്ഷേത്രക്കുളവും തീർഥാടകരെ സംബന്ധിച്ചു പരമപ്രധാനമാണ്. എത്ര കഠിനമായ വരൾച്ചയിലും ക്ഷേത്രക്കുളത്തിൽ നിന്നു നിലയ്ക്കാതെ പ്രവഹിക്കുന്ന ജലമാണ് തോട് വഴി കടൽത്തീരത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ഇതു പുണ്യ തീർഥം പോലെ കണക്കാക്കപ്പെടുന്നു. എന്നാൽ ഈ തോടിലേക്കാണു റിസോർട്ടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യം ഒഴുക്കി വിടുന്നത്. 

ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. പരാതി വന്നാൽ കർശനമായി തടയുമെന്ന അധികൃതരുടെ ഉറപ്പ് പാഴ് വാക്ക് മാത്രമായി ആവർത്തിക്കുന്നു. കുളത്തിൽ നിന്നു പടിഞ്ഞാറു തീരം വരെ നീളുന്ന തോടിനു ഏകദേശം 300 മീറ്ററെങ്കിലും ദൂരമുണ്ട്. തോടിന്റെ പരിസരത്തു ചെറുതും വലുതുമായ നിരവധി റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് മാലിന്യം എളുപ്പത്തിൽ തള്ളാനുള്ള മാർഗം തോ‌ട് തന്നെയാണ്. ഇതിനാൽ രഹസ്യമായും പരസ്യമായും പൈപ്പുകൾ സ്ഥാപിച്ചു മാലിന്യം തോടിനുള്ളിൽ ഒഴുക്കി വിടുന്നു. പരിസരത്തെ കെട്ടിടങ്ങൾ നിർമാണം വർധിച്ചതോടെയാണ് ഈ പ്രവണത കൂടിയത്. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി തീരത്ത് തിരക്കേറിയതോടെ കടലിൽ ഒഴുകിയെത്തുന്ന ജലത്തിൽ വ്യാപകതോതിൽ മാലിന്യം കലരുന്നതായി പരാതി ഉയർന്നു. സ്ഥലത്തെ വിവിധ സംഘടനകളും പരിസ്ഥിതി സ്നേഹികളും തോടും ജലവും പ്രാധാന്യത്തോടെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കർശനമായ നടപടി തുടക്കം മുതൽ തന്നെ സ്വീകരിക്കാത്തതാണ് തോടിന് ദുരവസ്ഥയ്ക്കു കാരണമെന്നു ആക്ഷേപം ശക്തമാണ്. ഇടക്കാലത്ത് തോടിന്റെ അവസ്ഥ തീർത്തും ശോചനീയ വേളയിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തോട് പരിശോധിച്ചു കണ്ടെത്തിയ മാലിന്യം ഒഴുക്കുന്ന പൈപ്പ് കുഴലുകൾ അടച്ചിരുന്നു. എന്നാൽ അധികൃതരുടെ ശ്രദ്ധ ഇല്ലാതായതോടെ സ്ഥിതി പഴയതു പോലെയായി. 

നിലവിൽ വലിയൊരു അളവിൽ ജലം നിരന്തരം കടൽതീരത്തേക്കു പ്രവഹിക്കുന്നുണ്ട്. ഇതര സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർ ജലം ശുദ്ധമെന്നു കണക്കാക്കി ഇതിലേക്ക് കൈകാൽ കഴുകാൻ ഇറങ്ങുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നൽകാൻ ബോർഡ് സ്ഥാപിക്കുന്നത് അടക്കമുള്ള നടപടി പോലും നഗരസഭ സ്വീകരിച്ചിട്ടില്ല. അതേസമയം കടുത്ത ജലക്ഷാമം നേരിടുന്ന വേളയിൽ ഇതുപോലെ തോടുകൾ വഴി പ്രവഹിക്കുന്ന ജലം സംഭരിച്ചു വിതരണം ചെയ്യാൻ തക്ക കർമ പദ്ധതികളെക്കുറിച്ചു ചിന്തിക്കേണ്ട വേളയിലാണ് അതിൽ മാലിന്യം നിറച്ചു കടലിലേക്കു ഒഴുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com