ADVERTISEMENT

തിരുവനന്തപുരം∙ ‘ശശി തരൂരിന്റെ ആരാധകനാണു ഞാൻ. ഇന്ത്യൻ രാഷ്ട്രീയത്തിലെ രത്നമാണദ്ദേഹം’–കിള്ളിപ്പാലത്ത് തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരുടെ ആവേത്തിലേക്ക് താരപരിവേഷവുമായി വന്നിറങ്ങിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാക്കുകൾക്കു മുന്നിൽ തരൂർ നിറചിരിയോടെ വിനയാന്വിതനായി. അരികിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ കയ്യടിച്ചു.  മിനി വാനിലൊരുക്കിയ താൽക്കാലിക വേദിയിലേക്ക് അണികൾ ആർപ്പുവിളികളോടെ പൂക്കൾ  വിതറി. കിള്ളിപ്പാലം മുതൽ പാളയം വരെ ആവേശത്തിരയിളക്കിയ റോഡ് ഷോ 

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ കക്ഷികൾ അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പാണക്കാട് തങ്ങൾ രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായ തരൂരിന് ഈ ദൗത്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.  തരൂരിന്റെ പ്രസംഗം കേട്ട് ആരാധകനായ അനുഭവം പങ്കുവച്ച ശിവകുമാർ കർണാടകയിൽ നിന്നുള്ള രാജ്യസഭ എംപിയായ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെയും ഇടതുപക്ഷത്തേയും കടന്നാക്രമിക്കാനും മടിച്ചില്ല.

‘ബിജെപിയും കേരളം ഭരിക്കുന്ന കക്ഷിയും തമ്മിൽ കൈകോർത്തിരിക്കുകയാണ്. എൽഡിഎഫിന് വോട്ട് ചെയ്താൽ അത് ബിജെപിക്കു നൽകുന്ന പോലെയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്’– ശിവകുമാർ കത്തികയറി. തരൂരിനും പാണക്കാട് തങ്ങൾക്കുമൊപ്പം ശിവകുമാറും റോഡ് ഷോയ്ക്കുള്ള തുറന്ന വാഹനത്തിൽ കയറിയെങ്കിലും ഗതാഗത തിരക്ക് മൂലം വൈകിയതോടെ മറ്റു മണ്ഡലങ്ങളിലും പ്രചാരണത്തിനു പോകേണ്ട അദ്ദേഹം മറ്റൊരു വാഹനത്തിൽ മടങ്ങി. 

പെൺകുട്ടികൾ അടക്കമുള്ള കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ.  തിരക്കേറിയ ചാലക്കമ്പോളത്തിലെ ഇടുങ്ങിയ റോഡ് വഴി കിഴക്കേക്കോട്ട വരെയുള്ള ഒരു കിലോമീറ്റർ താണ്ടാൻ അരമണിക്കൂറിലേറെ വേണ്ടി വന്നു. ഇടറോഡുകളിൽ നിന്നടക്കമെത്തി കാത്തുനിന്നവർ ഷാളും മാലകളും ബൊക്കെയും നൽകിയും പൂക്കൾ വിതറിയുമാണ്  വരവേറ്റത്. കമ്പോളത്തിനുള്ളിൽ മാത്രം 7 സ്ഥലങ്ങളിൽ തരൂരും തങ്ങളും ചെറുവാക്കുകളിൽ വോട്ടഭ്യർഥിച്ചു.

കിഴക്കേക്കോട്ടയിൽ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ്. പാളയത്ത് റോഡ് ഷോ സമാപിക്കുമ്പോൾ പാണക്കാട് തങ്ങൾ പറഞ്ഞു.‘അമ്പലവും മുസ്‌ലിം –ക്രിസ്ത്യൻ പള്ളികളും ഒരുമിച്ചുള്ള ഈ സ്ഥലം പോലെ സാഹോദര്യത്തോടെ നമ്മുടെ രാജ്യം നിലനിൽക്കാൻ യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കണം’.എല്ലാവരേയും സാഹോദര്യത്തോടെ ഉൾക്കൊള്ളുന്ന വികസനമെന്ന ഗാരന്റി ആവർത്തിച്ച് തരൂർ പ്രചാരണം തുടർന്നു.

രാജീവ് ചന്ദ്രശേഖർ കേരളത്തിലോ  കർണാടകത്തിലോ ചെയ്തതെന്തെന്ന് പറയണം: ഡി.കെ.ശിവകുമാർ 
തിരുവനന്തപുരം ∙ 18 വർഷം രാജ്യസഭാ എംപിയും പിന്നീടു കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ കേരളത്തിലോ കർണാടകത്തിലോ നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും പറയാമോ എന്നു വെല്ലുവിളിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശിവകുമാർ.  2 കോടി പേർക്കു തൊഴിൽ നൽകുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. അതിൽ 2 ലക്ഷം തൊഴിലെങ്കിലും കേരളത്തിൽ നൽകാൻ രാജീവ് ചന്ദ്രശേഖർ എന്തുകൊണ്ടു ശ്രമിച്ചില്ല– ശിവകുമാർ ചോദിച്ചു   

ആത്മാർഥതയും സത്യസന്ധതയുമാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പ്രത്യേകത. അതിനെ മാതൃകയാക്കാൻ ശ്രമിക്കുന്നവരാണു ഞങ്ങൾ. എന്നാൽ, ഇത്രത്തോളം വലിയൊരു വ്യവസായി കേരളത്തിലോ കർണാടകയിലോ സ്വന്തമായി കാറോ വീടോ ഇല്ലെന്നു സത്യവാങ്മൂലം നൽകിയാണു തിരുവനന്തപുരത്തു മത്സരിക്കുന്നത്. അതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണം. ഇൗ സത്യവാങ്മൂലം മാത്രം മതി അദ്ദേഹത്തിന്റെ സത്യസന്ധത അളക്കാനെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഐടി പ്രഫഷനലുകൾ ബംഗളൂരുവിലേക്കാണു വരുന്നത്.

അവർക്കായി കേരളത്തിൽ എന്തു സൗകര്യം ഒരുക്കിയെന്ന് ശിവകുമാർ ചോദിച്ചു.‘ ‘പാർലമെന്റിൽ‌ തരൂരിന്റെ സംഭാവനയോടു തുലനം ചെയ്യാൻ ആരുമുണ്ടെന്നു തോന്നുന്നില്ല. 2 മാസം മുൻപ് ഞാൻ തിരുവനന്തപുരത്തു പങ്കെടുത്ത പരിപാടിയിൽ വച്ചാണ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാൽ, ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്നു പറഞ്ഞത്.  സത്യസന്ധമായി അഭിപ്രായം പറഞ്ഞതിനു രാജഗോപാലിനെ  സല്യൂട്ട് ചെയ്യുന്നെന്നും ശിവകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com