ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റിൽ വീഴ്ചയുണ്ടെന്നു സിഎജി റിപ്പോർട്ട്. ഇതു കെഎസ്ആർടിസി എംഡിക്ക് കൈമാറി. ഡ്രൈവിങ് സ്കൂൾ അധികൃതർ പരീക്ഷകളിൽ ഇടപെടുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. നവീകരിച്ച ട്രാക്കുകളും  ടെസ്റ്റിൽ പരിഷ്കാരങ്ങളും ആവശ്യമാണെന്നു സിഎജി ശുപാർശ ചെയ്തു. ടെസ്റ്റിലെ  മാറ്റങ്ങൾ സംബന്ധിച്ച്  ഗതാഗതവകുപ്പും സിഐടിയുവും ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 37 ഡ്രൈവിങ്  ടെസ്റ്റ് ഗ്രൗണ്ടുകളിൽ പരിശോധന നടത്തിയ സിഎജി ഒട്ടേറെ പിഴവുകൾ ചൂണ്ടിക്കാട്ടി. 

ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റോ ഹെൽമറ്റോ ധരിക്കാറില്ല. ഫോർവീൽ ടെസ്റ്റിനുള്ള എച്ച് ട്രാക്കിനൊപ്പം പാർക്കിങ്  ട്രാക്ക് വേണമെന്ന ചട്ടം 34 ഇടത്തും പാലിക്കപ്പെട്ടില്ല. 20 ഇടത്ത് ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ തന്നെ നടത്തി. 16 സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ പരിശീലകർ ടെസ്റ്റ് എടുക്കുന്ന ആൾക്ക് സഹായത്തിന് ഗ്രൗണ്ടിൽ എത്തി. ലേണേഴ്‌സ് പരീക്ഷയ്ക്കു മുൻപ് സുരക്ഷ ക്ലാസുകൾ  എടുക്കുന്നില്ല തുടങ്ങിയ വീഴ്ചകളാണ് പ്രധാനം.സീറ്റ് ബെൽറ്റ് ഇടാതെ ടെസ്റ്റ് നടത്തിയാൽ പിന്നിലേക്ക് നോക്കി റിവേഴ്സ് എടുക്കുന്നത് എളുപ്പമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഒരു ഓഫിസിൽ ദിവസം 60  ടെസ്റ്റ് മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് ഒരു എംവിഐ  ദിവസം  124 ഡ്രൈവിങ് ടെസ്റ്റ് വരെ നടത്തിയതായി ഇതിനിടെ മന്ത്രിക്കു റിപ്പോർട്ട് ലഭിച്ചു. ദിവസം നൂറിൽ  കൂടുതൽ  ടെസ്റ്റ് നടത്തിയ 10 ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ നേരിട്ട് നിർദേശിച്ചു. രണ്ടു മിനിട്ടിൽ താഴെ സമയം കൊണ്ടാണ് ചിലർ ടെസ്റ്റ് നടത്തി വിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ ഒരേ സമയം ഒരിടത്ത് ഡ്രൈവിങ് ടെസ്റ്റും മറ്റൊരിടത്ത് വാഹന ടെസ്റ്റ് നടത്തിയെന്നും കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com