ADVERTISEMENT

വിഴിഞ്ഞം∙ മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി തടയുന്നതിനു വിദഗ്ധ സംഘം നിർദേശിച്ച പദ്ധതി നടപ്പാകുന്നതു വൈകുന്നു. വർഷകാലത്ത് മീൻപിടിത്ത തുറമുഖത്തേക്കുണ്ടാകുന്ന വലിയ തിരയടി തടയാൻ ബ്രേക്ക് വാട്ടറി(പുലിമുട്ട്)ന്റെ നീളം കൂട്ടണമെന്നാണ് കേന്ദ്ര പഠന സംഘം നിർദേശിച്ചത്.  ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി നടത്തിയ പഠന റിപ്പോർട്ടിലെ നിർദേശത്തെ തുടർന്ന് ഹാർബർ എൻജി. വകുപ്പ് നേതൃത്വത്തിൽ പദ്ധതി രേഖ സമർപ്പിച്ച്  ഒരു വർഷത്തിലേറെയായിട്ടും തുടർ നടപടിയില്ല.

പദ്ധതിക്കു ഭരണാനുമതി ലഭിക്കാത്തതിനാൽ നടപ്പാകുന്നതു നീളുകയാണ്. ഫണ്ടിന്റെ അഭാവമാണ് കാരണമെന്ന് പറയുന്നു. കാലവർഷത്തിൽ മത്സ്യബന്ധന തുറമുഖത്തേക്കുള്ള ശക്തമായ തിരയടി കാരണം  വള്ളങ്ങൾക്ക് ഹാർബർ മൗത്ത് വഴി വന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വള്ളങ്ങൾ മറിഞ്ഞും മറ്റും നിരവധി അപകടങ്ങളും മുൻകാലത്തുണ്ടായി. മൗത്തിൽ വലിയ തോതിൽ മണ്ണടിഞ്ഞിട്ടുണ്ടെന്നും അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു.

നിരന്തര ആവശ്യത്തെ തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി(വിസിൽ) നേതൃത്വത്തിൽ സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ നേതൃത്വത്തിൽ നടത്തിയ 8 മാസ പഠനത്തെ തുടർന്നാണ് സീവേഡ് ബ്രേക്ക് വാട്ടർ 45 ഡിഗ്രി ചരിവിൽ 270 മീറ്റർ നീളം കൂട്ടണമെന്ന് വിസിലിനു സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇവിടെ നിശ്ചിത മീറ്റർ താഴ്ചയുള്ള ഭാഗത്തു നിന്നാണ് ബ്രേക്ക് വാട്ടർ നീളം കൂട്ടാൻ നിർദേശിച്ചത്.

പുതിയ ആധുനിക മത്സ്യബന്ധന തുറമുഖം വീണ്ടും ചർച്ചയാകുന്നു
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖ പദ്ധതി നടപ്പാകുന്നതിനോടനുബന്ധിച്ചു പറഞ്ഞിരുന്ന വലിയ കടപ്പുറത്തെ ആധുനിക മത്സ്യബന്ധന തുറമുഖം വരുന്നതു സംബന്ധിച്ചു വീണ്ടും ചർച്ചകൾ സജീവമായതായി ഹാർബർ എൻജി. വകുപ്പ് അധികൃതർ. ഇടയ്ക്ക് ഈ പദ്ധതി സംബന്ധിച്ച് അധികൃതർ കാര്യമായി പ്രതികരിച്ചിരുന്നില്ല. പുലിമുട്ടു ദീർ‌ഘിപ്പിക്കൽ പദ്ധതിയുടെ ചുവടു പിടിച്ചു നിലവിലെ മത്സ്യബന്ധന തുറമുഖത്തെ കൂടുതൽ സൗകര്യങ്ങളോടു കൂടി വികസിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ തുറമുഖ പദ്ധതി രേഖയനുസരിച്ചു നിർദേശിക്കപ്പെട്ട സ്ഥലത്ത് ആധുനിക തുറമുഖം വേണമെന്ന ആവശ്യം ഉയർന്നിട്ടുള്ളതായും തിരഞ്ഞെടുപ്പിനു ശേഷം ഇതു സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടക്കുമെന്നും ഹാർബർ എൻജി. വകുപ്പ് അധികൃതർ പറഞ്ഞു. നിർദിഷ്ട സ്ഥലത്തെ ആധുനിക തുറമുഖത്തിനു പുലിമുട്ടു ദീർഘിപ്പിക്കൽ പദ്ധതി നടപ്പാകേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com