കടലിൽ കുളി: തിരയിൽപ്പെട്ട വിദ്യാർഥിയെ കണ്ടെത്തിയില്ല
Mail This Article
കഴക്കൂട്ടം∙ കൂട്ടുകാരുമായി കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു മുങ്ങി താണ പ്ലസ് ടു വിദ്യാർഥി പള്ളിത്തുറ പുതുവൽ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസയുടെയും മേരി ലീജിയയുടെയും മകൻ മെൽബിൻ എഫ്. ജൂസ (അബി–17) യെ കണ്ടെത്താൻ ആയില്ല. ഇന്നലെ വിഴിഞ്ഞത്തു നിന്നും എത്തിയ തീരദേശ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ പള്ളിത്തുറയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് വള്ളങ്ങൾ ഇറക്കി തിരച്ചിൽ നടത്തും.വ്യാഴം വൈകുന്നേരം പള്ളിത്തുറ കടപ്പുറത്ത് കൂട്ടുകാരുമായി കളിച്ച ശേഷം 5 മണിയോടെ നാലു പേരുമായി കടലിൽ കുളിക്കാൻ ഇറങ്ങിയ മെൽബിനും കൂട്ടരും ശക്തമായ തിരയിൽപ്പെട്ടു. മറ്റു മൂന്നുപേർ നീന്തിക്കയറി. ഒപ്പം ഉണ്ടായിരുന്നവർ മെൽബിനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും അതിനിടയിൽ തിരയിൽപ്പെട്ടു മുങ്ങി താണു.