നിലയ്ക്കാമുക്ക്– മല്ലൻകുന്നുവിളയിൽ ജലഅതോറിറ്റി കുഴിച്ച കുഴി വാഹനയാത്രികർക്കു അപകടക്കെണി

Mail This Article
ചിറയിൻകീഴ്∙വക്കത്തു നിലയ്ക്കാമുക്ക്–മല്ലൻകുന്നുവിള ഭാഗത്തു പ്രധാന പാതയിൽ പൈപ്പു നന്നാക്കാൻ ജലഅതോറിറ്റി കുഴിച്ച കുഴി ഇരുചക്രവാഹനയാത്രികർക്കു മരണക്കെണിയൊരുക്കുന്നു. ഇവിടെ പാതയുടെ പുനർനിർമാണം നടന്നുവരികയാണ്. ജലഅതോറിട്ടിയുടെ മുഖ്യ പൈപ്പ് പൊട്ടിയതുമൂലം പാതയോരത്തു വലിയ കുഴി രൂപപ്പെടുകയും തുടർന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതരെത്തി പൈപ്പിന്റെ ചോർച്ച അടച്ചശേഷം കുഴിയടയ്ക്കാതെ സ്ഥലം വിടുകയുമാണുണ്ടായത്.
നിലവിൽ കഴിഞ്ഞ ഒന്നരമാസമായി മല്ലൻകുന്നുവിള ഭാഗം കേന്ദ്രീകരിച്ചു ബൈക്കുയാത്രികർ അപകടത്തിൽ പെടുന്നതു പതിവുസംഭവങ്ങളായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലയ്ക്കാമുക്കു ഭാഗത്തു നിന്നു വക്കത്തേക്കു ബൈക്കിൽ പോവുകയായിരുന്ന രണ്ടു യുവാക്കൾ എതിരെവന്ന ഓട്ടോറിക്ഷയ്ക്കു സൈഡുകൊടുക്കുന്നതിനിടെ ഇതേ കുഴിയിൽപെട്ടു ഗുരുതരപരുക്കേറ്റു. കുഴിയിലേക്കു പതിച്ച ബൈക്ക് പൂർണമായി തകരുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തെ വൈദ്യുതിപോസ്റ്റിൽ ഇടിച്ചുകയറുകയുമുണ്ടായി.
മല്ലൻകുന്നുവിള ഭാഗത്തു ജലഅതോറിറ്റി പൈപ്പിന്റെ പണികൾ പൂർത്തീകരിച്ചശേഷം കുഴി നികത്താത്തതു നാളിതുവരെ 16ൽപ്പരം അപകടങ്ങളാണു നടന്നിട്ടുള്ളത്. ഇതിൽ കാലിനും കൈയ്ക്കും ഗുരുരതമായി പരുക്കേറ്റവരിൽ 10ലധികം യുവാക്കളുണ്ട്. പലരും ഇപ്പോഴും ആശുപത്രികളിൽ ചികിൽസയിലുമാണ്. ഗ്രാമപഞ്ചായത്ത്–പൊലീസ് അധികൃതർക്കും സ്ഥലത്തെ അപകടാവസ്ഥയെക്കുറിച്ചു നാട്ടുകാരും സമീപവാസികളും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.