ADVERTISEMENT

തിരുവനന്തപുരം∙ പൊന്മുടി ഗവ.യുപിഎസിലെ ബൂത്തിലേക്കു സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരം. ഉയരത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിലൊന്ന്. ജില്ലയിലെ ഏറ്റവും ഉയരമേറിയ ഇടത്തെ ബൂത്തും. ഇവിടെയെത്തുന്നതിന് പരുക്കൻ പാത മാത്രം. വോട്ടർമാർ തേയില തൊഴിലാളികൾ.  വോട്ടിങ് സാമഗ്രികൾ നേരത്തെ തന്നെ കൈപ്പറ്റിയ പോളിങ് ഉദ്യോഗസ്ഥർ ഇന്നലെ ഇവിടെയെത്താൻ കുറച്ചു വൈകി. കാരണം തോക്ക് ! ബൂത്തിനു സുരക്ഷയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനുള്ള തോക്ക് കിട്ടുന്നതിലുണ്ടായ കാലതാമസമാണ് സമയം വൈകിപ്പിച്ചത്. കാനന പാതയിലെ 20ലേറെ ഹെയർപിൻ വളവുകൾ പിന്നിട്ട് സ്കൂളിനു കുറച്ചുദൂരം മാറിയുള്ള തോടിനു മുന്നിൽ ഉദ്യോഗസ്ഥരെയും കൊണ്ടുള്ള വാഹനം നിന്നു. പോളിങ് സാമഗ്രികളുമായി ഇനി നടന്നുപോകണം. 

ജനുവരിയിൽ സ്കൂളിനു സമീപം പുലി ഇറങ്ങിയിരുന്നു. ആനയുടെയും കരടിയുടേയും ശല്യമുള്ളതിനാൽ മതിലിന്റെ ഉയരം കൂട്ടി സുരക്ഷ വർധിപ്പിച്ചത് അടുത്തിടെ. ഒന്നു മുതൽ 7 വരെ ക്ലാസുകളിലായി 34 കുട്ടികളും അവരെ നയിക്കാൻ 8 അധ്യാപകരും‌. കുട്ടികളിൽ 12 പേർ അസമിൽ നിന്നുള്ള തൊഴിലാളികളുടെ മക്കൾ. അവർ നല്ലതുപോലെ മലയാളം പറയുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ പെരിങ്ങമ്മല വനമേഖലയിലുള്ള ബൂത്തിലെ വോട്ടർമാരിൽ തമിഴ് വംശജരുമുണ്ട്. എല്ലാവരും ലയങ്ങളിൽ താമസം. ആകെയുള്ള 153 വോട്ടർമാരിൽ  71 പുരുഷന്മാരും 82 സ്ത്രീകളും. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം 160 ആയിരുന്നു.

മൊബൈലിനു റേഞ്ചില്ലാത്തതിനാൽ ബിഎസ്എൻഎൽ വോട്ടെടുപ്പു ദിവസത്തേക്കു മാത്രമായി ചെറിയൊരു ടവർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരെയും നേരിട്ട് അറിയാമെന്നതിനാൽ വോട്ടെടുപ്പു സമാധാനപരമായി നടക്കുമെന്ന് ബൂത്ത് ലെവൽ ഓഫിസർ ലതിക ശ്രീനിവാസൻ പറയുന്നു. ബൂത്ത് പ്രശ്നബാധിതമാകാൻ ഒരേയൊരു സാധ്യത മാത്രം: ‘മൃഗാധിപത്യാവകാശത്തിനായി’ ഏതെങ്കിലും വനപ്രജ കടന്നുവന്നാൽ മാത്രം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com