വിരമിക്കാൻ 1099 പേർ; കെഎസ്ഇബിയിൽ ആൾക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും
Mail This Article
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ കൂട്ടവിരമിക്കലിന്റെ മാസം. ഈ മാസം 31 ന് ഫീൽഡ് ജീവനക്കാർ ഉൾപ്പെടെ 1099 പേർ പടിയിറങ്ങുന്നതോടെ ബോർഡിൽ ആൾക്ഷാമവും സാമ്പത്തിക ബുദ്ധിമുട്ടും കൂടുതൽ രൂക്ഷമാകും. 1099 പേരിൽ 35% ഓവർസീയർ തസ്തികയിലുള്ളവരാണ്. 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും 23 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർമാരും കൂട്ട വിരമിക്കലിൽ ഉൾപ്പെടും. സെക്‌ഷൻ ഓഫിസുകളിൽ ലൈൻമാൻ തസ്തികയിൽ ഉൾപ്പെടെ ജീവനക്കാരുടെ കുറവ് പ്രശ്നമാകുമെന്നു വ്യക്തമായതോടെ പരിചയസമ്പന്നരായ മുൻ ജീവനക്കാരെ ദിവസവേതന കരാറിൽ നിയമിക്കാൻ ബോർഡ് ഉത്തരവിറക്കി.
65 വയസ്സിൽ താഴെയുള്ള വിരമിച്ച ജീവനക്കാരെയും പരിചയ സമ്പന്നരായ കരാർ ജീവനക്കാരെയുമാണ് നിയമിക്കുക. വിരമിച്ചവർക്ക് ദിവസേന 750 രൂപയും കരാർ ജീവനക്കാർക്ക് അംഗീകൃത നിരക്കിലുള്ള തുകയുമാണ് വേതനമായി നൽകുക. ഇലക്ട്രിക്കൽ സർക്കിളിലെ ഡപ്യൂട്ടി ചീഫ് എൻജിനീയറാണ് ഓരോ സെക്‌ഷൻ ഓഫിസിലും ആവശ്യമായ കരാർ ജീവനക്കാരുടെ എണ്ണം കണക്കാക്കി നിയമനം നടത്തേണ്ടത്.
ഓഗസ്റ്റ് 4 വരെയോ അതിനു മുൻപ് ബോർഡ് ഉത്തരവിടുന്നതു വരെയോ ആണ് നിയമനം. വിരമിക്കൽ ആനുകൂല്യം നൽകുന്നതിന് വലിയ സാമ്പത്തിക ബാധ്യത പ്രതീക്ഷിച്ചിരുന്ന കെഎസ്ഇബിക്ക് വേനൽമഴ ആശ്വാസമായി. ദിവസേന 2 കോടിയിലധികം യൂണിറ്റ് വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ പ്രതിദിന വൈദ്യുതി വാങ്ങൽ കുറഞ്ഞു.ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഉൽപാദനം തുടങ്ങാനും കഴിഞ്ഞു. ലാഭിക്കുന്ന തുക വിരമിക്കൽ ആനുകൂല്യങ്ങൾക്കായി മാറ്റാമെന്ന പ്രതീക്ഷയിലാണ് ബോർഡ്.