ADVERTISEMENT

തിരുവനന്തപുരം∙ മരണവീട്ടിൽ പെയ്യുന്ന മഴയെപ്പറ്റി കവി എ.അയ്യപ്പൻ ഇങ്ങനെയെഴുതി: ‘മരണവീട്ടിലെ മഴ തോരുന്നേയില്ല.. മഴയെ പ്രണയിച്ചവന്റെ മരണത്തിന് മഴയ്ക്കു വരാതിരിക്കാനാവില്ലല്ലോ!’ മഴയെ പ്രണയിച്ചവരായിരുന്നു അയ്യപ്പനും നമ്പി രാജേഷും. മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയുടെ ‘പെരിയപ്പ’ ആയിരുന്നു അയ്യപ്പൻ. അമൃതയുടെ അച്ഛന്റെ വലിയമ്മയുടെ മകൻ. കരമനയിൽ ഒന്നിച്ചായിരുന്നു ഇരുകുടുംബങ്ങളും കഴിഞ്ഞത്. അമൃതയ്ക്കു 11 വയസ്സുള്ളപ്പോഴാണ് അയ്യപ്പന്റെ മരണം. വെള്ള പുതച്ചു കിടക്കുന്ന പെരിയപ്പയുടെ ദൃശ്യം അമൃതയുടെ ഓർമകളിലുണ്ട്. 

‘പെരിയപ്പയുടെ മരണം പോലെ താങ്ങാൻ പറ്റാത്ത വേർപാടാണ് ചേട്ടന്റേതും. മരിച്ചുവെന്നു വിശ്വസിക്കാനാവുന്നില്ല. കരയാൻ പോലും കഴിയുന്നില്ല. ’ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായ അമൃത പറയുന്നു. തനിക്കു തീരെ സുഖമില്ലെന്ന് മസ്കത്തിലെ ഇന്ത്യൻ സ്കൂളിലെ ഐടി മാനേജരായ നമ്പി രാജേഷ് ഭാര്യയെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പെട്ടെന്നു യാത്രയ്ക്കു തയാറായത്. പക്ഷേ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പെട്ടെന്നുള്ള സമരത്തെ തുടർന്ന് ഭർത്താവിന് അരികിലെത്താനായില്ല. ‘ഞാൻ അവിടെയെത്തിയിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല. ഏതെങ്കിലും വിമാനത്തിൽ കയറ്റിവിടാൻ ഞാൻ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ ആരും ഒന്നും ചെയ്തില്ല..’ –അമൃത പറഞ്ഞു. 

നമ്പി രാജേഷിന്റെ ഭാര്യ അമൃതയും (മധ്യത്തിൽ) സഹോദരി ഐശ്വര്യയും അന്തരിച്ച കവി എ.അയ്യപ്പനോടൊപ്പം ചെറുപ്രായത്തിൽ.  (ഫയൽ 
ചിത്രം)
നമ്പി രാജേഷിന്റെ ഭാര്യ അമൃതയും (മധ്യത്തിൽ) സഹോദരി ഐശ്വര്യയും അന്തരിച്ച കവി എ.അയ്യപ്പനോടൊപ്പം ചെറുപ്രായത്തിൽ. (ഫയൽ ചിത്രം)

മക്കളായ അനിഘയെയും ശൈലേഷിനെയും നമ്പി രാജേഷ് ദിവസവും വിഡിയോ കോളിൽ കാണുമായിരുന്നു. നഴ്സിങ് പഠനത്തിന് വേണ്ടിയാണ്   മസ്കത്തിലുണ്ടായിരുന്ന അമൃതയും കുട്ടികളും നാട്ടിലെത്തിയത്. പഠനശേഷം കാനഡയിലേക്കു പോകാനായിരുന്നു ഇവരുടെ തീരുമാനം. മാസത്തിൽ 2 തവണയെങ്കിലും കരമന നെടുങ്കാട്ടെ വീട്ടിലെത്തുമായിരുന്നു നമ്പി രാജേഷ്. ഒടുവിൽ വന്നപ്പോൾ എപ്പോഴും കൊണ്ടു നടന്നിരുന്ന ക്യാമറ ഭാര്യയ്ക്കു സമ്മാനിച്ചാണു മടങ്ങിയത്. ‘ഇത് ഇനി നീ ഉപയോഗിക്കണം. നല്ല ചിത്രങ്ങളെടുക്കാൻ പഠിക്കണം.!’ ഇതായിരുന്നു വാക്കുകൾ. 

മികച്ച ഫൊട്ടോഗ്രഫർ കൂടിയായ നമ്പി ഏറെയും മഴച്ചിത്രങ്ങളാണ് പകർത്തിയിരുന്നത്.  മെമ്മറി കാർഡ് പുതിയൊരു ചിത്രം ചേർക്കാൻ ഇടമില്ലാതെ നിറഞ്ഞിരിക്കുകയാണ്. പുതിയ ക്യാമറ വാങ്ങുകയാണോ എന്നു അമൃത ചോദിച്ചപ്പോൾ ‘എനിക്കിനി ക്യാമറയെന്തിന്’ എന്നായിരുന്നു നമ്പിയുടെ ചോദ്യം. ‘കോഴ്സ് തീരാൻ ഇനി 2 വർഷം കൂടിയുണ്ട്. പഠനം പൂർത്തിയാക്കി നല്ലൊരു ജോലി നേടണമെന്നത് ചേട്ടന്റെ ആഗ്രഹമായിരുന്നു. അത് സാധിക്കണം. കുട്ടികളെ നന്നായി വളർത്തണം.’ വരും നാളുകളെക്കുറിച്ച് അമൃത പറയുന്നു. അമൃതയുടെ യാത്ര മുടങ്ങിയ സംഭവത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ അലംഭാവം തുടരുകയാണ്.    

nodal@airindiaexpress.com എന്ന ഒരു ഇ മെയിൽ വിലാസം നൽകി അതിലേക്ക് കാര്യങ്ങൾ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പേരോ ഫോൺ നമ്പറോ കൂടെയില്ലാത്ത ഒരു വിലാസത്തിലേക്ക് ‘എന്റെ ഭർത്താവിന് നിങ്ങളുടെ അനാസ്ഥ മൂലം ഈ ലോകത്തു നിന്നു നേരത്തെ പോകേണ്ടി വന്നു’ എന്നെഴുതി കാര്യങ്ങൾ വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല അമൃത എന്നു മാത്രം.

നമ്പി രാജേഷിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും
വിമാനയാത്ര മുടങ്ങിയതിനാൽ ഭാര്യയ്ക്ക് അവസാനമായി കാണാനാവാതെ മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും. നമ്പി രാജേഷിനെ കാണാനായി ഭാര്യ അമൃതയുടെ യാത്ര എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് മുടങ്ങിയിരുന്നു. ഇതിനിടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ നമ്പി രാജേഷ് മരിക്കുകയും ചെയ്തു. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാലുടനെ കാണാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

സച്ചിൻദേവ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഇന്നലെ നമ്പി രാജേഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി. നമ്പി രാജേഷിന്റെ സംസ്കാര ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിമാന കമ്പനി അധികൃതർ തുടർന്ന് വിവരങ്ങൾ അന്വേഷിച്ചിട്ടില്ല. അമൃതയും അമ്മയും ഇക്കഴിഞ്ഞ 8ന് മസ്കത്തിലേക്കു പോകാനാണ് ടിക്കറ്റ് ബുക്കു ചെയ്തിരുന്നത്. യാത്ര മുടങ്ങിയതിനെ തുടർന്ന് ടിക്കറ്റു തുകയിൽ നിന്ന് 310 രൂപ കിഴിച്ചുള്ള പണം കഴിഞ്ഞ ദിവസം ഏജൻസി തിരികെ നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com