ADVERTISEMENT

ചേർപ്പ് ∙ ഊരകം കൊറ്റംകുളം മാടപ്പാട്ടിൽ അയ്യപ്പൻ എന്ന 85കാരൻ ദേവീക്ഷേത്രങ്ങളിൽ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ദാരികൻ കളിയിലെ അറിയപ്പെടുന്ന വട്ടമുടി വേഷം ചെയ്യുന്ന കലാകാരനാണ്. ചെറിയൊരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസങ്ങളൊന്നിൽ മൂന്നു മണിക്കൂറോളം സമയമെടുത്ത് വീണ്ടും ചുട്ടി കുത്തി അരമണി, വാൾ, കച്ച, കരിമുടി, വട്ടമുടി എന്നിവ അണിഞ്ഞു.ശേഷം വീടിനു മുന്നിലെ പരദേവതാ ക്ഷേത്രത്തിൽ തൊഴുതു നിന്നു. മേളവും കാഴ്ചക്കാരും നൃത്തവുമില്ലാതെയുള്ള നിൽപ്.

thrissur-ayyappan-praying
അവസാനമായി വട്ടമുടി ചമയങ്ങൾ അണിഞ്ഞ ശേഷം അത് അഴിച്ചു വയ്ക്കുന്നതിന് മുൻപ് പരദേവത ക്ഷേത്രത്തിൽ പ്രാർഥിക്കുന്ന അയ്യപ്പൻ

ഒടുവിൽ, കണ്ണീരോടെ ചമയങ്ങളഴിച്ചു എന്നെന്നേക്കുമായി. ചമയങ്ങളണിഞ്ഞുള്ള ഒരു ഫോട്ടോ പോലും അയ്യപ്പന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. കുറച്ച് ചിത്രങ്ങൾ എടുത്ത് ഓർമയ്ക്കായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇനി കേരളത്തിലെ കാവുകളിൽ അയ്യപ്പനാശാന്റെ സാന്നിധ്യമുണ്ടാവില്ല. പാരമ്പര്യമായി ലഭിച്ച സിദ്ധിയുടെ അവസാനത്തെ കണ്ണിയായി അയ്യപ്പനാശാൻ മാറി. 6 പതിറ്റാണ്ടിലേറെ നീണ്ട ഒരു തപസ്യയ്ക്കാണ് ഇതോടെ വിരാമമായത്. പരമ്പരാഗതമായി പഠിച്ചെടുത്തതാണ് അയ്യപ്പൻ ഈ കലാരൂപം.

thrissur-ayyapan-makeup
അയ്യപ്പനെ വട്ടമുടി ചമയങ്ങൾ അണിയിക്കുന്നു.

മുളവടി കൊണ്ട് കയ്യിൽ കൊട്ട, മുറം, പറ എന്നിവ ഉണ്ടാക്കി വിൽക്കുന്ന ജോലി ചെയ്തിരുന്ന അയ്യപ്പൻ ഇരുപതാം വയസ്സോടെയാണു ദാരികൻ കളിയുടെ ഭാഗമായുള്ള വട്ടമുടിവേഷത്തിൽ അരങ്ങേറുന്നത്.മരം കൊട്ടിന്റെ താളത്തിൽ പാട്ടിന്റെ അകമ്പടിയോടെ 3 മണിക്കൂർ പ്രത്യേക നൃത്തച്ചുവടുകളാണ് ഈ കലാരൂപത്തിന് . ഇത്രയും ത്യാഗം സഹിച്ച് കളി കഴിഞ്ഞാൽ ലഭിക്കുക ഒരു കോടി മുണ്ടും തുച്ഛമായ തുകയും മാത്രമാണ്. പരമ്പരാഗതമായി ലഭിച്ച സ്വത്താണ് ഈ കല. ദേവിക്കുള്ള അർച്ചനയും. അതാണ് 6 പതിറ്റാണ്ടിലേറെക്കാലം ഈ കലാകാരനെ ഈ രംഗത്തു പിടിച്ചു നിർത്തിയത്.

thrissur-ayyapan
വട്ടമുടി കലാകാരനായ അയ്യപ്പൻ തനിക്ക് ലഭിച്ച പുരസ്ക്കാരവുമായി വീടിനു മുറ്റത്തെ പരദേവതാ ക്ഷേത്രത്തിന് മുന്നിൽ

പുതിയ തലമുറയിലുള്ളവർ ആരും ഈ രംഗത്തേക്ക് കടന്നു വരുന്നില്ലെന്നതിന്നാൽ ഈ കലാരൂപം അന്യം നിന്നു പോകുമെന്നതാണ് ഇദ്ദേഹത്തിന്റെ സങ്കടം.അർഹമായ അംഗീകാരം ലഭിക്കാത്തതിനാൽ പുതുതലമുറ ഈ കലാരൂപം പഠിക്കാത്തതിൽ കുറ്റം പറയാൻ സാധിക്കില്ലെന്നും അയ്യപ്പൻ പറയുന്നു. ഭാര്യ അമ്മിണി ഇക്കാലമത്രയും പിന്തുണയുമായി ഭർത്താവിനൊപ്പം ഉണ്ടായിരുന്നു. ഇന്ദിര, അംബിക, ഹരിദാസ് എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com