ADVERTISEMENT

ചെറുതുരുത്തി∙ ചോർച്ച തീർ‌ക്കാനെന്ന പേരിൽ  ഭാരതപ്പുഴ തടയണയിലെ  വെള്ളം തുറന്നുവിട്ടു. ചോർച്ചയുള്ള ഭാഗത്തേക്കു നീർച്ചാലിലൂടെ വരുന്ന വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറയ്ക്കാനെന്ന പേരിൽ തടയണയിലെ 9 ഷട്ടറുകളാണു തുറന്നുവിട്ടത്. രാവിലെ തുറന്ന ഷട്ടറുകൾ വെള്ളം തീരാറായിട്ടും അടയ്ക്കാൻ ആളില്ല. ഇതോടെ തടയണയിലെ ജല നിരപ്പു വീണ്ടും താണു. ഭാരതപ്പുഴയിലെ ചെറുതുരുത്തി തടയണയിൽ ചോർച്ച തുടങ്ങിയതു നാലു ദിവസം മുൻപാണ്.

thrissur-neerchal
ഈ നീർച്ചാലുപോലുള്ള ഒഴുക്ക് ഇല്ലാതാക്കാനാണു തടയണ തുറന്നിരിക്കുന്നത്. മണ്ണുമാന്തി ഉപയോഗിച്ചു തിട്ടയുണ്ടാക്കിയാൽ തടയാവുന്ന നീർച്ചാലാണിത്.

തടയണയുടെ തെക്കു ഭാഗത്തു  പ്രളയത്തിൽ മണ്ണൊലിച്ചുപോയ ഭാഗത്തായി രൂപപ്പെട്ട ഗർത്തത്തിലൂടെയാണു വെള്ളം ചോരുന്നത്.  ഇതു കണ്ടെത്താനും തടയാനും ആദ്യ ദിവസങ്ങളിൽ കഴിഞ്ഞില്ല.ചെറുതുരുത്തി പാലത്തിൽ നിന്നും 100 മീറ്റർ പടിഞ്ഞാറു മാറിയാണു തടയണ.  തടയണയിൽ 200 മീറ്റർ ദൂരം വരെ വെള്ളമുണ്ടായിരുന്നു. ചോർച്ചയുള്ള ഭാഗത്തേക്കുള്ള ഒഴുക്കു തടയാൻ രണ്ടു ദിവസമായി മണൽച്ചാക്കുകൾ നിരത്തുണ്ടായിരുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്നു എന്നതു സത്യമാണ്.

ഒഴുക്കുള്ളപ്പോൾ ചാക്കു നിരത്തുന്നതും പ്രയാസമായിരുന്നു.  കുറച്ചുവെള്ളം തുറന്നുവിട്ടു  ജല നിരപ്പു താഴ്ത്തി ഒഴുക്കിന്റെ ശക്തി കുറച്ച ശേഷം തടയണ അടയ്ക്കാമായിരുന്നു. മണൽച്ചാക്കുകൾ നിരത്തി തടയുന്നതിനു പകരം വെള്ളം താഴ്ന്നതോടെ യന്ത്രസഹായത്താൽ മണൽ തിട്ടയുണ്ടാക്കായാലും മതിയായിരുന്നു.     തൊട്ടടുത്തു നീക്കാനുള്ള വലിയ മൺ തിട്ടയുണ്ട്. കലക്ടറുടെ അനുമതിയോടെ ഇതു ചെയ്യാമായിരുന്നു.മണൽച്ചാക്കു നികത്തുന്നതിലും എത്രയോ കുറച്ചു സമയം മതി മണൽത്തിട്ടുണ്ടാക്കാൻ.

യന്ത്രം രണ്ടു ദിവസമായി പുഴക്കരയിലുണ്ടുതാനും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്നു ശക്തിയേറിയ അരുവി പോലെയാണു ചോർച്ചയുള്ള ഭാഗത്തേക്കു വെള്ളം ഒഴുകുന്നത്. ജല നിരപ്പു താഴ്ത്തി ഈ അരുവിയുടെ ഒഴുക്കു തടയുന്നതോടെ ചോർച്ചയും നിലയ്ക്കുമായിരുന്നു. എന്നാൽ ഇന്നലെ രാവിലെ തുറന്ന 9 ഷട്ടറുകൾ രാത്രി വൈകിയും അടച്ചിട്ടില്ല. ചോർച്ചയുള്ള ഭാഗത്തേക്കു വളരെ കുറച്ചു വെള്ളമെ ഒഴുകിയെത്തുന്നുള്ളു. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പറയുന്നതു ജല നിരപ്പു താഴ്ന്നാൽ അവ അടയ്ക്കാൻ നിർദേശിച്ചിരുന്നുവന്നാണ് . 

2മണിയാകുമ്പോഴേക്കും ചോർച്ചുയുള്ള ഭാഗത്തേക്കു നീർച്ചാൽ മാത്രമായി. അവിടെ മണൽ നികത്തിയാൽ പ്രശ്നം തീരുമായിരുന്നു. എന്നാൽ ഈ പ്രദേശത്തെ വെള്ളം മുഴുവൻ തുറന്നു വിടാനാണു ചില ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ജോലി ചെയ്യുന്ന കരാറുകാർക്കാകട്ടെ ഇതേക്കുറിച്ചൊന്നുമറിയില്ല.തടയണയുടെ  തെക്കു വശത്തെ ഭിത്തിയുടെ പുറം ഭാഗത്തെ മണ്ണ് 70 മീറ്റററോളം നീളത്തിൽ   20 അടിയോളം താഴ്ചയിൽ ഒലിച്ചുപോയിരിക്കുകയാണ്. തടയണക്കും കരയ്ക്കും ഇടയിൽ വലിയ ഗർത്തമാണ്.

കരയും തടയണയും ഇടിയാൻ ഇതിടയാക്കും. ഇതു നികത്തിയില്ലെങ്കിൽ മഴക്കാലത്തു തടയണ തകരാനും ഇടയുണ്ട്. തടയണ തുറന്നതോടെ ചെറുതുരുത്തി ഭാഗത്തു ജലക്ഷാമുണ്ടാകുമെന്ന അവസ്ഥയായി. കഴിഞ്ഞ വേനലിൽ ഈ പ്രദേശം രക്ഷപ്പെട്ടതു ഇവിടെ വെള്ളം നിർത്തിയതുകൊണ്ടുമാത്രമാണ്. തീരെ ആലോചനയോ പരിശോധിക്കാൻ ഉദ്യോഗസ്ഥരോ ഇല്ലാതെ ഇത്രയേറെ വെള്ളം ഒഴുക്കികളയുന്നതിന്റെ പ്രത്യാഘാതം രൂക്ഷമാകാനിടയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com