ADVERTISEMENT

തൃശൂർ ∙ ഇന്ത്യയിൽ ഗവർണറെ തടയുന്ന സ്ഥിതിയുള്ള മറ്റൊരു സംസ്ഥാനവുമില്ലെന്നു മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള. അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ പി. പരമേശ്വരനെ അനുസ്മരിക്കാൻ ഭാരതീയ വിചാരകേന്ദ്രവും തൃശൂർ പൗരാവലിയും ചേർന്നു സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഭിന്നാഭിപ്രായങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. ഭയമില്ലാതെ അഭിപ്രായം തുറന്നുപറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ, കേരളത്തിലെ പ്രവണതകൾ നേരെ എതിർദിശയിലാണെന്നു വിശ്വസിക്കേണ്ടിവരും. ഗവർണർമാരെ തടയുന്ന സാഹചര്യം കേരളത്തിലല്ലാതെ വേറെവിടെയാണുള്ളത്? 

ഇത്തരം സാഹചര്യങ്ങളിലൊക്കെയാണ് പി. പരമേശ്വരന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നത്. ധർമത്തിന്റെ ഉദാത്ത മാതൃകയാണ് പി. പരമേശ്വരൻ. പാർട്ടിഭേദങ്ങൾക്കതീതമായി എല്ലാവർക്കും സ്വീകാര്യനാണദ്ദേഹം. നന്മയിൽ വിശ്വസിക്കുന്നവരെല്ലാം മുന്നോട്ടുവരേണ്ട സാഹചര്യമാണിതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് സി.എൻ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. 

മേയർ അജിത ജയരാജൻ, ചിന്മയ മിഷൻ ആചാര്യൻ സ്വാമി ഗഭീരാനന്ദ, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി സദ്ഭവാനന്ദ, തേറമ്പിൽ രാമകൃഷ്ണൻ, വിവേകാനന്ദ വേദിക് മിഷൻ ഡയറക്ടർ ഡോ. ലക്ഷ്മ‍ീകുമാരി, ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, ബിഎംഎസ് ദേശീയ അധ്യക്ഷൻ സി.കെ. സജിനാരായണൻ, ഡോ. പി.വി. കൃഷ്ണൻ നായർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ, സിപിഐ ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വ‌ാരിയർ, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയംഗം സി.കെ. സുനിൽ, ജില്ലാ ജനറൽ സെക്രട്ടറി എം.വി. വിനോദ് എന്നിവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com