ADVERTISEMENT

കുത്താമ്പുള്ളി ∙ ഇത് രവി. കോയമ്പത്തൂർ സ്വദേശി. വർഷങ്ങളായി കുത്താമ്പുള്ളിയിൽ നെയ്ത്തുകാരനായ രവി ഇന്നലത്തോടെ നെയ്ത്തു താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. നൂലും കസവും ഇല്ലാത്തതാണു കാരണം.  ദിവസങ്ങൾക്കു മുൻപു കൂലി പകുതിയായിരുന്നു.  പിന്നെ അതിന്റെ പകുതിയായി കുറഞ്ഞു. ഇനി പണി ഇല്ലാത്തതിനാൽ കൂലി കിട്ടുമെന്നുറപ്പില്ല റേഷൻ അരി സൗജന്യമാണ്. പക്ഷേ, രവിക്ക് റേഷൻ കാർഡ് ഇല്ല. കാർഡ് ഇല്ലാത്ത കുടുംബങ്ങൾ, ആധാർ കാർഡും ഫോൺ നമ്പറും ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകിയാൽ അരി ലഭിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്.

പക്ഷേ, രവിക്കു ഫോൺ നമ്പറുമില്ല. ഇതു രവിയുടെ മാത്രം കഥയല്ല. കുത്താമ്പുള്ളിയിൽ ഒരു ഫോൺ നമ്പർ പോലുമില്ലാത്ത നെയ്ത്തുകാർ വേറെയുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തീരെ ഇല്ലാത്തതിനാൽ അതിഥി തൊഴിലാളികൾ‌ക്കുള്ള ക്യാംപുകളും ഈ പ്രദേശത്തില്ല. തുണിക്കടകൾ ആഴ്ചകളായി അടച്ചിട്ടിരിക്കുന്നതിനാലും എവിടെയും വിപണനം നടക്കാത്തതിനാലും തറി ഉടമകളും പ്രതിസന്ധിയിലാണ്.

ബാങ്കിൽ നിന്നു വായ്പ എടുത്തും മറ്റുമാണ് ഇവരിൽ പലരും നെയ്ത്തുകാർക്ക് ഇത്രയും ദിവസം കൂലി കൊടുത്തത്. ഇനിയുള്ള ദിവസങ്ങളിൽ ഇവർക്കു നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കാനുള്ള പണം കണ്ടെത്തണം. കച്ചവടം അനിശ്ചിതത്വത്തിലായതിനാൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളൊന്നും തറി ഉടമകൾക്കു പോലും വായ്പ നൽകുന്നില്ല. നാടുപേക്ഷിച്ച് കുടുംബവുമായി ഇവിടെയെത്തിയ പലർക്കും ഫോൺ വേണ്ടതിന്റെ ആവശ്യകത ഇതുവരെ തോന്നിയിരുന്നില്ല. ഫോൺ ഇല്ലാത്തതിനാൽ അന്നം മുടങ്ങുന്ന സ്ഥിതി അവർ പ്രതീക്ഷിച്ചുമില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com