ADVERTISEMENT

തൃശൂർ ∙ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആപ്പ് നോക്കി കണ്ണുകഴച്ചിട്ടും ഒടിപി വരാത്തവർ, ആപ്പ് എങ്ങനെ ഡൗൺ ലോഡ് ചെയ്യണമെന്നറിയാൻ ബാറിനു സമീപത്തെത്തിയവർ, ടോക്കൺ കിട്ടിയെങ്കിലും ഊഴമെത്താൻ ഇനി ഒരു മണിക്കൂറെങ്കിലും വരി നിൽക്കേണ്ടവർ...  അവരെല്ലാം കണ്ടുനിൽക്കവെയായിരുന്നു  ആ സംഭവം. ഏവരുടെയും  മനസ്സുരുക്കുന്ന കാഴ്ച. ഇനി ആർക്കും ഇങ്ങനെ വരുത്തരുതേ എന്നു മാത്രമേ അവർക്കെല്ലാം പ്രാർഥിക്കാനായുള്ളു. കരളു വാടുമെന്നറിഞ്ഞിട്ടും മദ്യം വേണ്ടെന്നു വയ്ക്കാൻ തയാറല്ലാത്തവരുടെ കരളലയിപ്പിച്ചത് 

കഴിഞ്ഞ ദിവസം ഗരുഡ ബാറിൽ മദ്യം വാങ്ങാനെത്തിയ യുവാവിനുണ്ടായ അനുഭവമാണ്.  ടോക്കൺ ഉണ്ടെന്നുറപ്പാക്കി 5 പേരെ വീതമായിരുന്നു ബാറിനകത്തേക്കു കയറ്റുന്നത്.  അതിനായി ഗേറ്റ് മുകളിലേക്കുയർത്തുമ്പോൾ  മദ്യം വാങ്ങിക്കഴിഞ്ഞവരെ ഒന്നിച്ചു പുറത്തു കടത്തുകയും ചെയ്യുകയായിരുന്നു രീതി. അങ്ങനെ ഗേറ്റ് ഉയർത്തിയപ്പോൾ പുറത്തേക്കോടിയ യുവാവിന്റെ അരയിൽ നിന്നു താഴേക്കു വീണത്, സാക്ഷാൽ കുപ്പി.!! 

ചില്ലു കുപ്പി താഴേക്കു വീണാൽ എന്തു സംഭവിക്കുമോ അതു തന്നെ സംഭവിച്ചു. പൊട്ടിത്തകർന്നതു കണ്ടുനിന്നവരുടെ നെഞ്ചാണ്. സെക്യൂരിറ്റിക്കാർ തലയിൽ കൈ വച്ചു. വരിയിലുണ്ടായിരുന്നവർ ഊഴം മറന്ന് ഓടിയെത്തി. റോഡിൽ ഉണ്ടായിരുന്നവരെല്ലാം പാഞ്ഞുവന്നു. കുപ്പി പൊട്ടിക്കാനായിട്ടായിരുന്നു കാത്തിരിപ്പും വരിയുമെല്ലാം. പക്ഷേ, ഈ പൊട്ടിയത് ആർക്കും വിശ്വസിക്കാനായില്ല. ഫുള്ളും പോയി. 

ആദ്യമാദ്യം സഹാനുഭൂതിയോടെ യുവാവിനെ നോക്കിയ ആൾ‍ക്കൂട്ടത്തിനു പിന്നെ, കിട്ടിയ അവസരം പൊട്ടിച്ചുകളഞ്ഞതിലുള്ള മുറുമുറുപ്പായി. 3 ലീറ്റർ വാങ്ങാൻ അവസരമുള്ളപ്പോൾ ഒരു ഫുൾ മാത്രം വാങ്ങുന്നവർക്കെല്ലാം ഇതൊരു പാഠമായിരിക്കട്ടെ എന്ന ആരുടെയോ ആത്മഗതം മാത്രം അൽപം ഉച്ചത്തിലായി. ‘പൊട്ടിക്കാൻ’ കുപ്പി കിട്ടാത്തവർ നിയന്ത്രണം വിടും മുൻപ് യുവാവ് ഓട്ടോയിൽ കയറി സ്ഥലം വിട്ടതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com