ADVERTISEMENT

തൃശൂർ ∙ റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ ഡിവൈഎസ്പി ഓഫിസുകൾക്കും കീഴിൽ ഡിറ്റെൻഷൻ സെന്റർ ആരംഭിക്കാൻ ഉത്തരവ്. കോവിഡ് ബാധയില്ലെന്നുറപ്പാക്കുന്ന പരിശോധനാഫലം ലഭിക്കുന്നതുവരെ റിമാൻഡ് തടവുകാരെ ജയിലിൽ പ്രവേശിപ്പിക്ക‍ില്ലെന്ന നിലപാടിൽ ജയിൽവകുപ്പ് ഉറച്ചുനിന്നതോടെയാണ് ആഭ്യന്തര വകുപ്പ് പുതിയ തീരുമാനത്തിലെത്തിയത്. ഓരോ സെന്ററിലും ഒരു എസ്ഐ, 2 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ തടവുകാർക്കു കാവലൊരുക്കും. വാട്സാപ്പ് വിഡിയോ കോളിലൂടെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്ക‍ാനും നിർദേശമുണ്ട്. 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ റിമാൻഡ് പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കില്ലെന്നു നേരത്തെ ജയിൽവകുപ്പ് മേധാവി ഉത്തരവിട്ടിരുന്നു. റിമാൻഡ് തടവുകാരെ ലോക്കപ്പിൽ പാർപ്പിക്കാൻ നിയമപരമായ തടസ്സമുള്ളതിനാൽ പൊലീസും എക്സൈസും പ്രതിസന്ധിയിലായി. ഇതോടെ ജയിൽ മേധാവിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തിയിരുന്നു. റിമാൻഡ് തടവുകാർക്കു ജയിൽവകുപ്പ് തന്നെ ക്വാറന്റീൻ സൗകര്യം ഒരുക്കണമെന്നും ജയിലിൽ പ്രവേശിപ്പിക്കാൻ കോവിഡ് പരിശോധന ആവശ്യമില്ലെന്നുമായിരുന്നു പുതിയ ഉത്തരവ്. 

ഇതിനിടെ തിരുവനന്തപുരത്തും കണ്ണൂരിലുമായി 5 തടവുകാർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ജയിൽവകുപ്പ് നിലപാട് കടുപ്പിച്ചു. ഇതോടെയാണ് ഡിറ്റെൻഷൻ സെന്ററുകൾ ആരംഭിക്കാൻ ഉത്തരവെത്തിയത്. ഓഫിസ് സമുച്ചയത്തോടു ചേർന്നു തന്നെ പലയിടത്തും റിമാൻഡുകാരെ പാർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതികളെ ഈ കേന്ദ്രങ്ങളിലെത്തിച്ച ശേഷമേ റിമാൻഡ് റിപ്പോർട്ട് തയാറാക്കൂ. 

റിമാൻഡുകാർ 3841

സംസ്ഥാനത്തെ ജയിലുകളിൽ റിമാൻഡ് തടവുകാരുടെ എണ്ണം 3841 ആയതായി ജയിൽ വകുപ്പ്. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും റിമാൻഡ് തടവുകാരുടെ എണ്ണം കുറയുന്നില്ല. ജയിലുകളിൽ രോഗബാധയുണ്ടാകാതിരിക്കാൻ സൂപ്രണ്ടുമാർക്കു കർശന നിർദേശം നൽകി. ഏതെങ്കിലും റിമാൻഡ് തടവുകാരനു കോവിഡ് ഉണ്ടായാൽ റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നു സൂപ്രണ്ടുമാർക്കു ജയിൽവകുപ്പ് മേധാവി നിർദേശം നൽകി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com