ADVERTISEMENT

കോയമ്പത്തൂർ ∙ ലോക്ഡൗണിൽ നഗരത്തിൽ കുടുംബത്തോടൊപ്പം കുടുങ്ങിയ യുവാവ് നാട്ടിൽ പോകാൻ മോഷ്ടിച്ച ബൈക്ക് ഉടമയ്ക്കു പാഴ്സലായി തിരിച്ചയച്ചു. മോഷ്ടാവിനോടു ക്ഷമിച്ച ഉടമ, പാഴ്സൽ ചാർജായ 1400 രൂപ കൊടുത്തു ബൈക്ക് തിരിച്ചെടുത്തു. നാട്ടിൽ പോകാൻ വേണ്ടി കൊണ്ടുപോയതല്ലേ, കേസൊന്നും വേണ്ടെന്നു പൊലീസിനെയും അറിയിച്ചു. കണ്ണംപാളയം പിരിവിലെ ലെയ്ത്ത് വർക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മേയ് 18ന് ഉച്ചകഴിഞ്ഞാണു കാണാതായത്. സൂലൂർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായതിനാൽ ലോക്ഡൗൺ കഴിഞ്ഞ് അന്വേഷിക്കാമെന്നായി.

ഇതോടെ സ്വയം അന്വേഷണത്തിനു സുരേഷ് കുമാർ ഇറങ്ങി. പലയിടങ്ങളിലെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഒടുവിൽ ഒരു യുവാവ് തന്റെ ബൈക്ക് ഓടിച്ചു പോകുന്ന വിഡിയോ ലഭിച്ചു. ഈ വിഡിയോ പകർത്തി പലർക്കും അയച്ചുകൊടുത്തു. കണ്ണംപാളയം പിരിവിൽ താമസിക്കുന്ന ബേക്കറി ജീവനക്കാരനാണു മോഷ്ടാവെന്നു തിരിച്ചറിഞ്ഞു. ഇതിനിടെ ബൈക്ക് എടുത്ത വ്യക്തി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കണ്ട വിലാസത്തിൽ വാഹനം പാഴ്സലായി അയച്ചു.

സുലൂരിലെ കുറിയർ സ്ഥാപനത്തിൽനിന്നു വിളി വന്നപ്പോൾ ബൈക്ക് ആണെന്നറിഞ്ഞു. കുറിയർ ചാർജ് അടച്ചു ബൈക്ക് എടുത്തു. എടുത്തയാളെ മനസ്സിലായെങ്കിലും തന്റെ പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്നു സൂലൂർ പൊലീസിനെ അറിയിച്ചു. ലോക്ഡൗൺ തുടങ്ങിയതിനെത്തുടർന്നു കുടുംബത്തോടൊത്തു നഗരത്തിൽ കുടുങ്ങി വിഷമിച്ച വ്യക്തി മോഷ്ടിച്ച ബൈക്കിലാണു നാട്ടിലേക്കു പോയതത്രെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com