ADVERTISEMENT

വാടാനപ്പള്ളി ∙ കഴുത്തിൽ വെട്ടുകത്തിവച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ പ്ലസ്ടു വിദ്യാർഥിനി തറപറ്റിച്ചു. തളിക്കുളം പ‍ഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. രജനിയുടെയും ഹേനന്റെയും മകൾ സ്മൃതി ആണ് ധീരതയുടെ ആൾരൂപമായത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരിക്കെ ലഭിച്ച പരിശീലനമാണ് സ്മൃതിക്കു കരുത്തായത്. ഇന്നലെ പുലർച്ചെ 2.30ന് ഇടശേരിയിലെ വീട്ടിൽ നടന്ന സംഭവങ്ങളിങ്ങനെ: സ്മൃതിക്കു പഠനമുറി നിർമിക്കാൻ വീടിന്റെ മുകൾഭാഗം പൊളിച്ച നിലയിലായിരുന്നു. പുറത്ത് അയയിൽ കിടന്ന മുണ്ടു തളപ്പാക്കിയ മോഷ്ടാവ് കവുങ്ങിലൂടെ കയറിയാണു മുകൾഭാഗത്തെത്തിയതെന്നു സംശയിക്കുന്നു.

മോഷ്ടാവ് വീട്ടിനുള്ളിൽ നിന്നു കൈക്കലാക്കിയ വെട്ടുകത്തി, ഉറങ്ങിക്കിടന്നിരുന്ന സ്മൃതിയുടെ കഴുത്തിൽവച്ചു. ആഭരണം കവരാൻ ശ്രമിക്കുന്നതിനിടെ സ്മൃതി ഉണർന്നു. ഇതോടെ കഥമാറി. സ്കൂളിലെ എസ്പിസിയിൽ നിന്നു സ്വായത്തമാക്കിയ അഭ്യാസമുറ പുറത്തെടുത്ത സ്മൃതി, ഞൊടിയിടയിൽ വെട്ടുകത്തി തട്ടിത്തെറിപ്പിച്ചു കള്ളനെ തള്ളി താഴെയിട്ടു. ബഹളം കേട്ടു രജനിയും ഹേനനും മുകളിലെത്തിയതോടെ മോഷ്ടാവ് ഒരുവിധം രക്ഷപ്പെട്ടു. എസ്പിസി പഠനകാലത്തു മോഷ്ടാവിനെ നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്മൃതിക്കു പരിശീലനം നൽകിയിരുന്നു.

പഠനമുറി നിർമിക്കാൻ സ്മൃതിക്കു സഹായമായി ലഭിച്ച പണം അലമാരയിൽ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. മേഖലയിലെ മറ്റുചില വീടുകളിലും ഇന്നലെ പുലർച്ചെ മോഷണ ശ്രമം നടന്നു. വലിയകത്ത് മുഹമ്മദലിയുടെ വീട്ടിലെ ചുമരും ഗ്രില്ലും തകർത്ത നിലയിലാണ്. ഇടശേരി വെള്ളാനി വീട്ടിൽ ജെൽസയുടെ വീട്ടിൽ നിന്നു ജനൽവഴി മൊബൈൽ ഫോൺ കവർന്നു. വെള്ളാനി വിശ്വംഭരന്റെ വീട്ടിലും മോഷണ ശ്രമമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com