ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ തിങ്കളാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ തോതിൽ മഴ പെയ്യാതിരുന്നത് ആശ്വാസമായി. വെള്ളക്കെട്ട് ഉണ്ടായ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോഴും വെള്ളക്കെട്ടുള്ളത്. പല റൂട്ടുകളിലും ഗതാഗതവും പുനരാരംഭിച്ചു. കുറച്ചു റൂട്ടുകളിൽ ഗതാഗത തടസ്സം തുടരുന്നു. 

മഴയുടെ ശക്തി കുറഞ്ഞതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ.
മഴയുടെ ശക്തി കുറഞ്ഞതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ.

കടൽക്ഷോഭ ഭീഷണി നേരിടുന്ന പഞ്ചായത്തുകളായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം പഞ്ചായത്തുകളിൽ കടലേറ്റവും കുറഞ്ഞിട്ടുണ്ട്. 41 ദുരിതാശ്വാസ ക്യാംപുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് കോർപറേഷൻ പരിധിയിലും ചാലക്കുടിയിലും വെള്ളമിറങ്ങി ആശങ്ക ഒഴിഞ്ഞു. ഇടിയഞ്ചിറയിൽ വളയം ബണ്ടും മണലൂർ പഞ്ചായത്തിലെ  മണലൂർ താഴം പടവിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഹൈ ലെവൽ കനാലിന്റെ ബണ്ടും പൊട്ടിച്ചു. 

 

വെള്ളമൊഴിയാതെ

ചേർപ്പ്, ചാഴൂർ, വല്ലച്ചിറ, പാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. കരുവന്നൂർ പുഴയിൽ നിന്നും അതേടനുബന്ധിച്ച ചാലുകളിൽ നിന്നുമാണ് ഇവിടേക്കു വെള്ളം കയറുന്നത്. കോടന്നൂർ പള്ളിപ്പുറം -ആലപ്പാട്, ഹെർബർട്ട് കനാൽ - എട്ടുമന, പഴുവിൽ - കരാഞ്ചിറ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാന പാതയിൽ ഇഞ്ചമുടിയിലും വെള്ളക്കെട്ടു രൂക്ഷമാണ്. 

   പഴുവിൽ - കരാഞ്ചിറ റോഡിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിറയ്ക്കൽ കുറുമ്പിലാവ് എൽപി സ്കൂൾ, സിഎൻഎൻ സ്കൂൾ, പല്ലിശേരി സെന്റ് മേരീസ് എൽപി സ്കൂൾ, പടിഞ്ഞാട്ടുമുറി ജെബി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങിയിട്ടുണ്ട്. 

 

ബണ്ട് പൊട്ടിച്ചു

ഹൈ ലെവൽ കനാലിന്റെ ബണ്ട് പൊട്ടിച്ചതോടെ അന്തിക്കാട്, ചാഴൂർ ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഏനാമാവ് റഗുലേറ്റർ വഴി പോകുന്നുണ്ട്. എളവള്ളി, മുല്ലശേരി തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളിൽ വെള്ളം കയറിയതോടെ മുരളി പെരുനെല്ലി എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് ഇടിയഞ്ചിറയിൽ വളയം ബണ്ട് പൊട്ടിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. മുല്ലശേരി ഇടിയഞ്ചിറ റഗുലേറ്ററിനു സമീപമുള്ള വളയം ബണ്ടിന്റെ അവശേഷിക്കുന്ന 30 മീറ്ററോളം ഭാഗമാണ് പൊട്ടിച്ചത്. 

 

പെരിങ്ങൽക്കുത്തിൽ  2 സ്ലൂസും അടച്ചു

തൃശൂർ ∙ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ രണ്ട് സ്ലൂസ് ഗേറ്റും ഇന്നലെ അടച്ചു.       ഇന്നലെ വൈകിട്ട് 4 ന് 413.20 മീറ്ററാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29.22 ശതമാനം ആണിത്.   പൂമല ഡാമിന്റെ എല്ലാ സ്പിൽവേ ഷട്ടറുകളും അര ഇഞ്ച് തുറന്നിട്ടുണ്ട്.     

തമിഴ്നാട് ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാത്രി 9.30ന് 0.30 അടി തുറന്ന് ഇന്നലെ പുലർച്ചെ രണ്ടിന് അടച്ചു. 1081.45 ക്യുസെക്സ് ജലമാണ് കേരള ഷോളയാറിലേക്ക് ഒഴുക്കിയത്. കേരള ഷോളയാറിൽ വൈകിട്ട് 4ന് 2646.70 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 73.02 ശതമാനം വെള്ളമുണ്ട്. 2653 അടിയാണ് ബ്ലൂ അലർട്ട് ലെവൽ. ഫുൾ റിസർവോയർ ലെവൽ 2663 അടി. 

 

ക്യാംപുകളിൽ 726 പേർ

കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായാണ് 41 ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. 287 സ്ത്രീകൾ, 269 പുരുഷൻമാർ, 170 കുട്ടികൾ ഉൾപ്പെടെ ആകെ 726 പേരാണ് ക്യാംപുകളിൽ ഉള്ളത്. ഇവരിൽ മുതിർന്ന പൗരൻമാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. 

ജില്ലയിൽ അഞ്ച് ക്യംപുകൾ ക്വാറന്റീനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 35 പേർ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവർ ക്യാംപുകളിലില്ല. അടിയന്തര സാഹചര്യം വന്നാൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കാൻ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com