ADVERTISEMENT

തൃശൂർ ∙ പഞ്ചായത്ത് പ്രസിഡന്റിന്റെയും പൊലീസിന്റെയും മുന്നിൽ വനിതാ വില്ലേജ് ഓഫിസർ കൈ ഞരമ്പു മ‍ുറിച്ചു. ‘എന്നെ കൊല്ലെന്നു’ നിലവിളിച്ചുകൊണ്ടു പുത്തൂർ വില്ലേജ് ഓഫിസർ സി.എൻ. സിമിയാണു മകൻ നോക്കിനിൽക്കെ ഞരമ്പുമുറിച്ചത്. സിപിഎം ഭരിക്കുന്ന പുത്തൂർ പഞ്ചായത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് കാരണമെന്നു വില്ലേജ് ഓഫിസർ പറഞ്ഞു.    

ഇന്നലെ രണ്ട് മണിയോടെ ഓഫിസിനുള്ളിലാണ് സംഭവം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു വില്ലേജ് ഓഫിസിൽ നിന്നു സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.ജി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ രാവിലെ വില്ലേജ് ഓഫിസിലെത്തി ഘെരാവോ തുടങ്ങി. വിവരമറിഞ്ഞു ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബും സംഘവും എത്തി.     

സെർവർ തകരാർ മൂലം ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിൽ തടസ്സമുണ്ടെന്നു വില്ലേജ് ഓഫിസർ പറഞ്ഞു. എന്നാൽ, മറ്റ‍ു വില്ലേജ‍ുകളിലേതു പോലെ  എഴുതി നൽകണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചർച്ചയുടെ ഭാഗമായി തഹസിൽദാരുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെ മേശവലിപ്പിൽ നിന്നു ബ്ലേഡ് എടുത്തു വില്ലേജ് ഓഫിസർ സിമി മൂന്നുവട്ടം കൈഞരമ്പ് മുറിക്കുകയായിരുന്നു. മകൻ പ്രവീൺ ആനന്ദ് നോക്കി നിൽക്കെയായിരുന്നു ഇത്.  രക്തമൊലിക്കുന്ന കയ്യുമായി സിമി നിലവിളിച്ചുകൊണ്ട് സ്റ്റോർ റൂമിലേക്കോടി. മകൻ പ്രവീൺ പൊലീസ് സഹായത്തോടെ സിമിയെ പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കയ്യിൽ ഇന്നു പ്ലാസ്റ്റിക് സർജറി നടത്തും.

ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തണമെന്ന് എംപി

തൃശൂർ ∙ തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിനു വഴങ്ങാതിരുന്നതിന്റെ പേരിൽ വില്ലേജ് ഓഫിസർ സിമിയെ അപമാനിച്ച സിപിഎം സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നു ടി.എൻ. പ്രതാപൻ എംപി. വില്ലേജ് ഓഫിസറെ ആശുപത്രിയിൽ സന്ദർശിക്കുകയായിരുന്നു എംപി. 

സ്വൈര്യമായി  ജോലി  ചെയ്യാൻ സാഹചര്യംഒരുക്കണം: കെജിഒയു

തൃശൂർ ∙ സർക്കാർ ജീവനക്കാർക്ക് സ്വൈര്യമായി  ജോലി ചെയ്യാനുള്ള സാഹചര്യം  ജില്ലാ ഭരണകൂടം ഒരുക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി. പ്രതിഷേധത്തിന്റെ മറവിൽ വില്ലേജ് ഓഫിസറായ വനിതായെ മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യാ ശ്രമത്തിനു വരെ ഇടയാക്കുകയും ചെയ്തവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. കെ.ജെ.കുര്യാക്കോസ്, വി.എം ഷൈൻ, തോമസ് സ്കറിയ, സി.ബി. അജിത്ത് കുമാർ, പി.രാമചന്ദ്രൻ, എ.എൻ.മനോജ്, ടി.പി.ബൈജു, റാഫി പോൾ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com