ADVERTISEMENT

തൃശൂർ∙ ഓട്ടോക്കൂലി ചോദിച്ചപ്പോൾ യാത്രക്കാരൻ കൊടുത്തത് സ്വർണമാല. മുക്കുപണ്ടമാണെന്നുറപ്പിച്ച് ഡ്രൈവർ സ്വർണക്കടയിൽ കൊടുത്തു പരിശോധിച്ചപ്പോൾ സംഗതി സ്വർണം തന്നെ. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം 2 പവൻ‍. പോരാത്തതിന് ഒരു മൊബൈൽ ഫോണും. ഓട്ടോക്കൂലി തരുമ്പോൾ തിരിച്ചു തന്നാൽ മതിയെന്നു പറഞ്ഞാണ് കക്ഷി പോയത്. വന്നാൽ തിരിച്ചു കൊടുക്കാൻ മാലയും മൊബൈലുമായി നടക്കുകയാണ് ഓട്ടോ ‍ഡ്രൈവർ. കെഎസ്ആർടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ രേവതിനാണു വേറിട്ട അനുഭവമുണ്ടായത്.

സംഗതി ഇങ്ങനെ:

നഗരത്തിൽ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു പെരിന്തൽമണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആൾ ഓട്ടം വിളിച്ചത്. ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോൾ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാൾ മുൻപ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നൽകാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു.

ഈ അനുഭവം പറഞ്ഞ് അയാളോടു പണം തരാതെ പോകരുതെന്ന് അഭ്യർഥിച്ചു. അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ട് പൊലീസിനെ വിളിച്ചു. സഞ്ചിയിൽ നിന്ന് സ്വർണനിറമുള്ള മാലയെടുത്ത് ഇത് ഓട്ടോക്കാരനു കൊടുക്കാമെന്നു യാത്രക്കാരൻ പറഞ്ഞു. പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെ യാത്രക്കാരന്റെ മൊബൈലിൽ നിന്നു ബന്ധുവിന്റെ നമ്പർ എടുത്തു ടെംപിൾ പൊലീസ് വിളിച്ചു.

ഇയാൾ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണു പതിവെന്നും പറഞ്ഞ വീട്ടുകാർ മുക്കുപണ്ടമാകാനാണു സാധ്യതയെന്നും പറഞ്ഞു. അമ്പലം കമ്മിറ്റിക്കാർ രേവതിന്റെ അവസ്ഥ കണ്ട് ഡീസൽ കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോൾ യാത്രക്കാരൻ വീണ്ടും രേവതിന്റെ ഓട്ടോയിൽ കയറി. തൃശൂരിൽ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശൂർ വടക്കേ സ്റ്റാൻഡിൽ ഇറങ്ങി. കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു.

മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോൾ മൊബൈൽ ഫോണും. കൂലി തരുമ്പോൾ തിരിച്ചു തന്നാൽ മതിയെന്നു വാക്കു പറഞ്ഞു. രണ്ടുദിവസമായിട്ടും പൈസ തരാൻ അയാൾ എത്താതായപ്പോൾ രേവത് ഒരു കൗതുകത്തിന് സുഹൃത്തിന്റെ സ്വർണക്കടയിൽ മാല കൊണ്ടുചെന്നു. ഉരച്ചു നോക്കിയപ്പോൾ സ്വർണം. 2 പവൻ തൂക്കം! നേരിയ മനോവൈകല്യമുള്ളവരെപ്പോലെയാണ് അയാൾ പെരുമാറിയതെന്ന് ടെംപിൾ പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com