ADVERTISEMENT

തൃശൂർ ∙ മുദ്രാ വായ്പയുടെ പേരിൽ സംസ്ഥാനത്ത് ഓൺ‌ലൈൻ തട്ടിപ്പുകൾ. ഈട് വയ്ക്കാതെ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. സംശയനിവാരണത്തിനു ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ അംഗങ്ങളായിട്ടുള്ളവരുടെ വിവരങ്ങളും ഫോൺ നമ്പറും ചോർത്തിയെടുത്താണു തട്ടിപ്പ്. സന്ദേശം ഇടുന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാൽ എങ്ങനെ അപേക്ഷിക്കണമെന്നു വിശദീകരിക്കുന്ന ഓട്ടമാറ്റിക് മെസേജ് ലഭിക്കും. അതിൽ നൽകിയിട്ടുള്ള ലിങ്ക് പ്രധാൻമന്ത്രി മുദ്ര യോജന വായ്പകൾ വിശദീകരിക്കുന്ന സൈറ്റുകളിലേക്കാണ്. സൈറ്റിലെ വിവരങ്ങൾ വിശ്വാസയോഗ്യമായിരിക്കും. വായ്പ പാസാക്കുന്നതിനു നേതൃത്വം നൽകുന്നവരുടെ തിരിച്ചറിയൽ കാർഡും നൽകും.

പക്ഷേ, തിരിച്ചറിയൽ രേഖകൾ വ്യാജമായിരിക്കും. സൈറ്റിലെ വിവരങ്ങൾ കണ്ട് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയവ അയച്ചാൽ തട്ടിപ്പിലെ ഇരകളായി തീരും. 2 ദിവസത്തിനുള്ളിൽ വായ്പ പാസായെന്ന വിവരം അറിയിക്കും. ആവശ്യക്കാരന്റെ പേരും വായ്പ പാസായെന്നു കാണിക്കുന്ന വിശദാംശങ്ങളും ഉൾപ്പെടുത്തിയ പിഡിഎഫ് ഫയലാണു ലഭിക്കുക. തുടർന്നാണ് ലോൺ പ്രൊട്ടക്‌ഷൻ ഇൻഷുറൻസ് എന്ന പേരിൽ 3000 രൂപയോളം ആവശ്യപ്പെടുന്നത്. ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ അയയ്ക്കാനാവും നിർദേശം. പണം ഇവരുടെ അക്കൗണ്ടിൽ എത്തിച്ചേർന്നാൽ വായ്പ പാസായിട്ടുണ്ടെന്നും ജിഎസ്ടി, സർവീസ് ചാർജ് തുടങ്ങിയവ അയയ്ക്കണമെന്നും പറ‍ഞ്ഞായിരിക്കും വിളി. പണം തിരികെ ചോദിക്കാൻ തുടങ്ങിയാലോ പാസായ വായ്പാ തുക ചോദിച്ചാലോ ഇവർ നമ്പർ ബ്ലോക്കാക്കും.

സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്താണ് മുദ്രാ വായ്പയെക്കുറിച്ചു കേൾക്കുന്നത്. സർക്കാരിന്റേതാണെന്നു കേട്ടതോടെ വേഗം തന്നെ രേഖകളും ഫോട്ടോയും അയച്ചു. പല തവണകളിലായി 41000 രൂപയോളം കൊടുത്തു. എന്നിട്ടും വായ്പാ തുക ലഭിച്ചില്ല. പണം തിരികെ ചോദിച്ചപ്പോഴാണ് നമ്പർ ബ്ലോക്ക് ആക്കിയത്.
തൃശൂർ സ്വദേശിനി

ലോക്​ഡൗണിന്റെ ആരംഭത്തിലാണു വായ്പയ്ക്ക് അപേക്ഷിച്ചത്. ഇൻഷുറൻസ് തുകയായി 3000 രൂപയ്ക്കു പുറമേ വീണ്ടും പണം ചോദിച്ചപ്പോൾ സംശയം തോന്നി. വായ്പ വേണ്ട, 3000 രൂപ തിരിച്ചു നൽകിയാൽ മതിയെന്നു പറ‍‍ഞ്ഞപ്പോൾ 7 ദിവസത്തിനുള്ളിൽ തുക അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നായിരുന്നു മറുപടി. പണം കിട്ടാതെ വന്നതോടെ വീണ്ടും വിളിച്ചു. രണ്ടു മണിക്കൂർ കാത്തിരിക്കാൻ പറ‍‍ഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും നമ്പർ ബ്ലോക്ക് ആക്കി.
തിരുവനന്തപുരം സ്വദേശി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com