ADVERTISEMENT

തൃശൂർ ∙ സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിച്ച ചിഹ്നം ഏതെന്നു നാളെ അറിയാം. ചിലർക്ക് ആവശ്യപ്പെട്ടവ തന്നെ ലഭിക്കും. ചിലർക്കെങ്കിലും അവർ ഇഷ്ടപ്പെടാത്ത ചിഹ്നവുമായി ഇനിയുള്ള നാളുകളിൽ നാടു മുഴുവൻ ഓടി നടക്കേണ്ടിവരും.

ചെക് പോസ്റ്റ് കടന്ന് ഓട്ടോ

സ്വതന്ത്ര ചിഹ്നങ്ങളിൽ ഓട്ടോറിക്ഷയാണു കൂടുതൽ പേരും ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ വാഹനമായതിനാൽ പ്രചാരണത്തിൽ സഹായിക്കും എന്നതാണ് ഒരു കാരണം. ഓട്ടോ തൊഴിലാളികൾ സ്വാഭാവികമായും തങ്ങളുടെ പ്രചാരകരായി മാറും എന്നും അവർ വിശ്വസിക്കുന്നു. ചിഹ്നങ്ങൾ ബൂത്തിനു സമീപത്തു പ്രദർശിപ്പിക്കരുത് എന്നാണു ചട്ടമെങ്കിലും തിരഞ്ഞെടുപ്പു ദിവസം വയോധികരെ കൊണ്ടുവരുമ്പോൾ ബൂത്ത് മുറ്റം വരെ ഓട്ടോയ്ക്കു പ്രവേശനമുണ്ടാവും.

കണ്ണു വെട്ടിക്കും കണ്ണട

ബൂത്തിൽ കയറിക്കൂടാൻ പറ്റിയ ചിഹ്നങ്ങൾക്കെല്ലാം ഡിമാൻഡ് ഉണ്ട്. കണ്ണടയാണ് അവയിൽ പ്രധാനം. വോട്ടർ അകത്ത് എത്തുമ്പോൾ പോളിങ് ഏജന്റ് കണ്ണട ഒന്നു തൊട്ടു കാണിച്ചാൽ കഴിഞ്ഞില്ലേ കഥ.! കാഴ്ച കുറഞ്ഞ ഏജന്റിനോടു കണ്ണട വയ്ക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പു ചട്ടത്തിൽ വകുപ്പില്ലല്ലോ.

ചിഹ്നം അനുവദിക്കുന്ന സന്ദർഭങ്ങളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വട്ടം കറക്കുന്ന പ്രശ്നമാണ് കണ്ണട. ഫാൻ ആണ് ഉദ്യോഗസ്ഥരെ കറക്കുന്ന മറ്റൊരു സംഗതി. ഈ ചൂടുകാലത്ത് ബൂത്തിനുള്ളിൽ ഫാൻ വേണ്ടെന്ന് എങ്ങനെ പറയാനാകും? മഷിക്കുപ്പിയും പേനയുമാണു സ്വതന്ത്രർക്ക് അനുവദിക്കാവുന്ന മറ്റൊരു ചിഹ്നം. അവിടെയും പ്രശ്നമുണ്ട്. 

ബൂത്തിൽ മഷിക്കുപ്പി ഇല്ലാതാക്കാൻ പറ്റുമോ? വോട്ട് രേഖപ്പെടുത്താൻ പോകുന്നവരെ മുഴുവൻ അടയാളപ്പെടുത്താൻ മഷി വേണ്ടേ?സ്റ്റൂൾ, മേശ എന്നിവയും ബൂത്തിനകത്ത് ഉണ്ടാവുമെങ്കിലും അവയ്ക്ക് അത്ര ഡിമാൻഡ് ഇല്ല. ബ്ലാക്ക് ബോർഡ് ചിഹ്നമായി അനുവദിക്കാറുണ്ട്. പക്ഷേ, അങ്ങനെ അനുവദിച്ചിടത്ത് ബൂത്തിനകത്ത് ബോർഡ് ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ wഅവ തലേന്നു തന്നെ ബുദ്ധിപൂർവം മാറ്റി വയ്ക്കാറുണ്ട്.

ന്യൂജെൻ ആകണോ?

മൊബൈൽ ഫോൺ ആണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലുള്ള മറ്റൊരു ചിഹ്നം. ബൂത്തിനുള്ളിൽ മൊബൈൽ ഉണ്ടാവും എന്നതു മാത്രമല്ല കാരണം. മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതമില്ലല്ലോ. ഡിജിറ്റൽ യുഗത്തിൽ സ്ഥാനാർഥിക്കു കുറച്ചു കൂടി മോഡേൺ ആകണോ? ലാപ്ടോപ്പും അനുവദിച്ചു തരും.

പന്തും പന്തവും മുതൽ കാറും ട്രെയിൻ എൻജിനും വരെ 75 ചിഹ്നങ്ങളാണു സ്വതന്ത്ര സ്ഥനാർഥികൾക്ക് അനുവദിക്കാവുന്നവയായി തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. മാസ്ക് ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥാനാർഥിയോട് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വിചിത്രനെതിരെ ഏത് അപരൻ?

പെരുമ്പിലാവ് ∙ ഈ സ്ഥാനാർഥിക്കെതിരെ അപരനെ നിർത്താൻ നിങ്ങൾ പാടു പെടും. കടവല്ലൂർ പഞ്ചായത്തിലെ 20–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പേര് അത്ര വിചിത്രമാണ്; വി.സി.വിചിത്രൻ! പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം കടവല്ലൂർ വേമ്പൻപടവ് മേഖലയിലെ 100 ഏക്കർ തരിശ് പാടം കൃഷിയോഗ്യമാക്കുന്നതിനു മുന്നിട്ടിറങ്ങി പ്രവർത്തിച്ചിരുന്നു. ഇതേ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും പേരിലെ വ്യത്യസ്തതയിൽ മോശമല്ല; നിഷിൽ കുമാർ. പഞ്ചവാദ്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം ഇതേ വിഷയത്തിൽ ഗവേഷക വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com