ADVERTISEMENT

വാണിയമ്പാറ ∙ ‘ഞാൻ വരുമെന്നു പ്രതീക്ഷിച്ചില്ല അല്ലേ..’ പാണഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡായ വാണിയമ്പാറയിലെ സ്ഥാനാർഥികൾ തങ്ങളുടെ വോട്ടർമാരിൽ ഒരു വിഭാഗത്തോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. 

കാരണം, പീച്ചി ഡാമിന്റെ മറുകരയുടെ അറ്റത്തുള്ള ഒളകര, പാത്രക്കണ്ടം, കൊന്നക്കൽ ഉറവ് എന്നിവിടങ്ങിലെ വോട്ടർമാരെ കാണാൻ സ്ഥാനാർഥിക്ക് എത്തിപ്പെടണമെങ്കിൽ ചില്ലറ അധ്വാനം പോര. പാലക്കാട് ജില്ലയിലൂടെ 2 പഞ്ചായത്തുകളും 10 വാർഡുകളും പിന്നിട്ടു വേണം സ്ഥാനാർഥിക്കു വോട്ടർമാരുടെ അടുത്തെത്താൻ. എല്ലാ വാർഡുകളിലും 2 ബൂത്തുകൾ വീതമുള്ളപ്പോൾ വാണ‍ിയമ്പാറ വാർഡിൽ 3 ബൂത്തുകളുണ്ട്.

മൂന്നാം ബൂത്തിനു കീഴിലെ വോട്ടർമാരെ കാണണമെങ്കിൽ സ്ഥാനാർഥിക്ക് 20 ക‍ിലോമീറ്ററിലേറെ സഞ്ചരിച്ചെത്തണമെന്നു മാത്രം. പീച്ചി ഡാമിന്റെ ജലസംഭരണിയ‍ുടെ മൂലയിൽ തുരുത്തു പോലെ കാണപ്പെടുന്ന മേഖലയാണിത്. കരമാർഗം ഇവിടെയെത്തണമെങ്കിൽ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന കണ്ണമ്പ്ര, കിഴക്കഞ്ചേരി പഞ്ചായത്തുകളിലൂടെ സഞ്ചരിക്കണം. മുൻപൊക്കെ വോട്ടർമാർ ഇതുവഴി സഞ്ചരിച്ചാണ് വാണിയമ്പാറയിലെ പോളിങ് സ്റ്റേഷനിലെത്തിയിരുന്നത്.

1996–ൽ ഇവിടെ പ്രത്യേക പോളിങ് സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസിൽ ആരംഭിച്ചു. ഈ കെട്ടിടം ഇപ്പോൾ ക്വാർട്ടേഴ്സ് ആയി മാറി. ഒളകരയിൽ പുതിയ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം ഈ വർഷം സ്ഥാപിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ജസീന നൗഷാദ്, എൽഡിഎഫ് സ്ഥാനാർഥി സുബൈദ അബൂബക്കർ, ബിജെപി സ്ഥാനാർഥി പി.വി. ലതിക എന്നിവരാണു മത്സരരംഗത്തുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com