ADVERTISEMENT

തൃശൂർ∙ ‘‘ സാറ് കോൺഫറൻസ് ഹാളിലാ’തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ എച്ച് എസ്. പ്രാൺസിങ്ങിനെ ഇന്നലെ അന്വേഷിച്ചപ്പോൾ മറുപടി. ‘‘ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിനർമാർക്കുള്ള പരിശീലനം ഓൺലൈൻ ആയി അറ്റൻഡ് ചെയ്യുകയാണ്’. നാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പിന്റെ ചർച്ചയും ആഘോഷവും നടക്കുമ്പോൾ പ്രാൺസിങ്ങിനെപ്പോലെ ഊണും ഉറക്കവും കളഞ്ഞു കലക്ടറേറ്റിലും ജില്ലയുടെ പലഭാഗത്തും തിരഞ്ഞെടുപ്പു സേവനം ചെയ്ത ഉദ്യോഗസ്ഥർ അടുത്ത യുദ്ധം ഏറ്റെടുത്തു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം! ഇടവേളയിൽ എത്തുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ബാക്കി ജോലികളും. തിരഞ്ഞെടുപ്പിനെ വിജയമാക്കിയ ഈ വൻ ഉദ്യോഗസ്ഥ സേനയ്ക്ക് ഒരു സല്യൂട്ട്.

ഉദ്യോഗസ്ഥപ്പട 

മുന്നിൽ പടത്തലവനായി കലക്ടർ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആർഒയുമാണു കലക്ടർ. തൊട്ടുപിന്നിൽ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭാ, ജില്ലാ പഞ്ചായത്ത്,കോർപറേഷൻ ഡിവിഷനുകൾക്ക് ഓരോന്നിനും ഓരോ ആർഒ മാരുടെ മുൻനിര സംഘം.ഇതേ എണ്ണം ഇലക്ടറർ റജിസ്ട്രേഷൻ ഓഫിസർമാരുടെ നിര വേറെ.

thrissur-police-healping-old-man

ഇവർക്കു പിന്നിൽ അരയും തലയും മുറുക്കി മുവായിരത്തോളം വരുന്ന തിരഞ്ഞെടുപ്പു നടത്തിപ്പുകാർ. മുവായിരത്തിലേറെ ബുത്തുകളിലായി 10,000 വരുന്ന പോളിങ് ഉദ്യോഗസ്ഥർ അഥവാ കാലാൾപ്പട... ബാഹുബലി സിനിമയിലെ യുദ്ധസന്നാഹം പോലെ അവർ ഒറ്റക്കെട്ടായി നടത്തിയ മുന്നേറ്റത്തിലാണ് നമ്മൾ വിജയകരമായി വോട്ടുകുത്തിയത്.

മോഡൽ ആയി നോഡൽ

നോഡൽ ഓഫിസർമാരുടെ ഒരു നിര. യുദ്ധത്തിന്റെ കോപ്പുകൂട്ടൽ അവരുടെ വക. വരവു ചെലവ്, പെരുമാറ്റച്ചട്ടം, പൊതുമുതലിലെ കയ്യേറ്റം ഒഴിപ്പിക്കൽ, വോട്ടിങ് യന്ത്രം, സൂചിയും നൂലും മുതൽ തിരഞ്ഞെടുപ്പുമഷി വരെയുള്ള സാമഗ്രികൾ അങ്ങനെ നീളുന്ന പത്തോളം വിഭാഗങ്ങളുടെ നോഡൽ ഓഫിസർമാർ. വാഹനങ്ങൾ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിന് ആർടിഒ നോഡൽ ഓഫിസറായി വേറെ സംഘം. വില്ലേജ് ഓഫിസർമാരുടെ സെക്ടറൽ ഓഫിസർ നിര.

കോവിഡ് സ്പെഷൽ പോരാളികൾ

thrissur-election-checking

കോവിഡിനെ നേരിടാൻ മറ്റൊരു നോഡൽ ഓഫിസർ. കോവിഡ് രോഗികളെ വോട്ടു ചെയ്യിക്കാൻ സ്പെഷൽ ബാലറ്റിന് വേറെ നോഡൽ ഓഫിസർ...

കോവിഡ് കിറ്റും സാനിറ്റൈസറും മാസ്കും കയ്യുറയുമെല്ലാം കൈകാര്യം ചെയ്ത വലിയൊരു സംഘം. ആരോഗ്യവകുപ്പിന്റെ സേന. ക്രമസമാധാനം ഉറപ്പാക്കാൻ അധ്വാനിച്ച വലിയൊരു പൊലീസ് സംഘം. അതിനു പുറമേ സ്പെഷൽ പൊലീസുകാരുടെ മറ്റൊരു സേന.

ഉറക്കമില്ലാത്ത രാത്രികൾ

ജില്ലാ ഭരണകൂടത്തിലെ മിക്ക ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പു നടത്തിപ്പനായി മിക്ക ദിവസവും ഓഫിസ് വിട്ടിരുന്നത് രാത്രി 11നാണ്. അവസാന രണ്ടാഴ്ചയോളം 24 മണിക്കൂറും കലക്ടറേറ്റിൽ പ്രവർത്തിച്ച കൺട്രോൾ റൂം വേറെ.

യുദ്ധതന്ത്രങ്ങൾ

thrissur-for-election

വോട്ടർ പട്ടിക തയ്യാറാക്കിയപ്പോൾ തുടങ്ങിയതാണ് യുദ്ധതന്ത്രം മെനയൽ. പഴുതടച്ചുള്ള ആസൂത്രണം. ഒക്ടോബറിൽ അവസാന പട്ടിക പുറത്തിറക്കലോടെ സർവ സന്നാഹവും രംഗത്തിറങ്ങി.. .നാമനിർദേശം സ്വീകരിക്കൽ, സ്ഥാനാർഥി പട്ടിക തയ്യാറാക്കൽ, പ്രിന്റിങ്, യന്ത്രമൊരുക്കൽ, സാമഗ്രി വിതരണം, പോളിങ് ബുത്ത് തയ്യാറാക്കൽ..വോട്ടു ചെയ്തശേഷമുള്ള യന്ത്രങ്ങളുടെ ക്രമീകരണം, വോട്ടെണ്ണൽ..തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം നടന്നത് പൊരിഞ്ഞയുദ്ധം.

വിശ്രമമില്ല; ഇനി നിയമസഭായുദ്ധം

thrissur-covid-election

തദ്ദേശതിരഞ്ഞെടുപ്പിന്റെ യുദ്ധഭൂമിയിൽ നിന്ന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് സേനാതലവൻമാർ. അതിന്റെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. വോട്ടർപട്ടിക, കോവിഡ് മുൻകരുതൽ, തിരഞ്ഞെടുപ്പ് പ്ലാനിങ് ഇവ സംബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള ക്ലാസുകളിൽ പങ്കെടുക്കുകയാണ് ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com