ADVERTISEMENT

കുന്നംകുളം ∙ സിപിഎം പിൻതുണച്ചതോടെ 4 കോൺഗ്രസ് അംഗങ്ങൾ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ബിജു സി.ബേബി,  മിനി മോൻസി,ലീല ഉണ്ണിക്കൃഷ്ണൻ,മിഷ സെബാസ്റ്റ്യൻ എന്നിവർക്കാണ് സിപിഎം വോട്ട് ചെയ്തത്. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച്  വിജയിച്ച കോൺഗ്രസ് വിമതൻ ടി. സോമശേഖരന്റെ വോട്ടും ഇവർക്ക് ലഭിച്ചു. ഇതോടെ ഈ സ്ഥിരം സമിതിയുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായി.    ബിജെപി, ആർഎംപി എന്നിവർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടുന്നത് തടയാനാണ്  സിപിഎം അടവു നയം പ്രയോഗിച്ചത്.  ഇന്നലെ നടത്തിയ വോട്ടെടുപ്പിൽ  പൊതുമരാമത്ത്, വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ നാല് സമിതികളിലാണ് സിപിഎമ്മും കോൺഗ്രസ് വിമതനും ചേർന്ന് അധ്യക്ഷ പദവി ഉറപ്പിച്ചത്. ധനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷ പദവി നഗരസഭ ഉപാധ്യക്ഷനാണെന്നിരിക്കെ സിപിഎമ്മിന് ഇതിനകം ഇൗ സമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിച്ചു കഴിഞ്ഞു. 

4 സമിതികൾ കൂടി ഇന്നലെ ഭൂരിപക്ഷ പിൻതുണ ഉറപ്പാക്കിയതോടെയാണ് 5 സ്ഥിരം സമിതികൾ അധിപത്യം നേടിയത്. മറ്റു സമിതികൾ പിടിച്ചെടുക്കുന്നതിന് വോട്ടുകൾ വിഭജിച്ചു നൽകിയപ്പോൾ ക്ഷേമ കാര്യ സ്ഥിരം സമിതിയിൽ മത്സരിക്കാൻ സിപിഎമ്മിന് ആളില്ലായിരുന്നു. ഇവിടെ കോൺഗ്രസിനെ പിൻതുണ നൽകാൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. മത്സരിക്കാൻ ആരും നാമനിർദേശ പത്രിക നൽകാതിരുന്നതിനെ തുടർന്ന്  4 സമിതികളിലേക്കു 9 പേരെ കൂടി ഇനിയും തിര‍ഞ്ഞെടുക്കേണ്ടതുണ്ട്. ഇൗ സ്ഥാനങ്ങളിലേക്ക് ഇന്ന് 11ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ആർഎംപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.  37 അംഗ നഗരസഭ കൗൺസിലിൽ കക്ഷിനില. സിപിഎം 18, ബിജെപി 8, കോൺഗ്രസ് 7, ആർഎംപി 3, സ്വതന്ത്രൻ 1.

 ആശയക്കുഴപ്പം തീരാതെ കോൺഗ്രസ് 

നഗരസഭ സ്ഥിരം സമിതിയിലേക്ക് സിപിഎം വോട്ട് ലഭിച്ച് വിജയിച്ചവർ രാജിവയ്ക്കണമോ എന്നതു സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച സജീവം. തീരുമാനം എടുക്കാൻ പാർട്ടി നേതൃത്വം ഇന്ന് വൈകിട്ട് 5ന് യോഗം ചേരും.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു സി. ബേബി അടക്കം 4 പേരെയാണ് ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്ക് സിപിഎം അംഗങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചത്. ഇതോടെ ഇൗ സ്ഥിരം സമിതിയുടെ അധ്യക്ഷ പദവി കോൺഗ്രസിന് ഉറപ്പായി. സ്ഥിരം സമിതി അംഗത്വം രാജിവയ്ക്കാതെ തുടർന്നാൽ സിപിഎം വിരുദ്ധ രാഷ്ട്രീയത്തിന്റെ പോർമുഖം കോൺഗ്രസിന് നഷ്ടമാകുമെന്നും ബിജെപി ഇൗ സ്ഥാനം നേടുമെന്നും വാദിക്കുന്നവർ പാർട്ടിയിൽ ഉണ്ട്. ഇതേ സമയം നഗരസഭയിലെ ക്ഷേമ പ്രവൃത്തികളിൽ കൂടുതൽ ഇടപെടാനുള്ള അവസരമാണ് ഇൗ സമിതിയുടെ അധ്യക്ഷ പദവിയെന്നും ബിജെപിയെ മാറ്റി നിർത്താൻ ഇത് ഉപകരിക്കുമെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

ഈ സാഹചര്യം വിലയിരുത്തിയ ശേഷം ഡിസിസി നേതൃത്വത്തിന്റെ നിർദേശം കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.  അതേസമയം, ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് സിപിഎം നഗരസഭ കൗൺസിലർമാർ കോൺഗ്രസിന് വോട്ടു ചെയ്തതെന്നു സിപിഎം നേതൃത്വം വിശദീകരിച്ചു. കോൺഗ്രസുമായി മറ്റു വിധത്തിലുള്ള നീക്ക്പോക്കും ധാരണയും  ഇല്ലെന്നും  വിശദീകരിച്ചു. എന്നാൽ, സിപിഎം അംഗങ്ങൾ പരസ്യമായി കോൺഗ്രസിന് വോട്ട് ചെയ്തു വിജയിപ്പിച്ചത് കുന്നംകുളത്ത് പുതിയൊരു മുന്നണി രാഷ്ട്രീയത്തിന് തുടക്കമായെന്ന് ബിജെപി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ സഹായിച്ച കോൺഗ്രസിനുള്ള പ്രത്യുപകാരമാണ് സ്ഥിരം സമിതിയിൽ സിപിഎം നൽകിയ വോട്ടുകളെന്നു ബിജെപി പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. കെ.കെ. മുരളി അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com