ADVERTISEMENT

തൃശൂർ∙ കൂട്ടുകാരെല്ലാം ഓരോ രൂപങ്ങൾ കയ്യിൽ പച്ചകുത്തി. സംഗീതിന്റെ ഊഴം വന്നപ്പോൾ ഒരു ഫോട്ടോ എടുത്തു കയ്യിൽ കൊടുത്തു. ഇതാരാണെന്നു പച്ചകുത്തുകാരൻ ചോദിച്ചപ്പോൾ ഈ ‘പച്ചമകൻ’ പറഞ്ഞു. അച്ഛനാണ്.ആദ്യമായാണ് അച്ഛന്റെ മുഖം പച്ചകുത്താൻ ഒരാളെത്തുന്നത്. അത്ഭുതത്തോടെ സംഗീതിനെ നോക്കിയ പച്ചകുത്തുകാരനോട്  അവൻ പറഞ്ഞു: അച്ഛനെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ..

പച്ചകുത്തിയത് കണ്ടപ്പോൾ അച്ഛൻ ഞെട്ടി. പിന്നെ ചോദിച്ചു: എന്തിനാടാ വേദനയൊക്കെ സഹിച്ച്.. അത് ഉള്ളിന്റെ ഉള്ളിൽ വന്നതാണചഛാ.. എന്നു  മറുപടി. പെട്ടെന്ന് അച്ഛൻ പൊട്ടിക്കരഞ്ഞു. സംഗീതിനെ കെട്ടിപ്പിടിച്ചു. ഇത് ഇരിങ്ങാലക്കുട പൊറത്തുശേരി പാറപ്പുറം വീട്ടിൽ സംഗീത് സന്തോഷ്. ഷെഫ് ആയി ഗുജറാത്തിൽ ജോലി ചെയ്യുമ്പോൾ പച്ചകുത്തണമെന്നു വിചാരിച്ചതാണ്. പിന്നെ നാട്ടിൽ വന്നപ്പോഴാണു നടന്നത്. അച്ഛൻ കട്ട ഫ്രണ്ടാണെന്ന് സംഗീത് പറയുന്നു. തന്റെ മുഖം പച്ചകുത്തിയ മകനെക്കുറിച്ച് അച്ഛൻ കൂട്ടുകാരോടു പറഞ്ഞു. കേട്ടപ്പോൾ അവർക്കുംസന്തോഷം. പലരും വീട്ടിൽ വന്ന് സംഭവം കണ്ടു.

കെഎൽഎഫ് കമ്പനി ജീവനക്കാരനാണ് അച്ഛൻ സന്തോഷ്. അമ്മ സന്ധ്യ. സഹോദരി സ്നേഹ.എന്തുകൊണ്ട് അമ്മയുടെ  മുഖം പച്ചകുത്തിയില്ല –? എന്ന ചോദ്യത്തിനും സംഗീതിനു മറുപടിയുണ്ട്. ‘ അമ്മയേയും വലിയ ഇഷ്ടാണ്. ഒരു പൊടി ഇഷ്ടം കൂടുതൽ അച്ഛനോടാണ്. പിന്നെ ഞാനും അമ്മയും അച്ഛനും പെങ്ങളുമൊക്കെ രാത്രി അത്താഴം കഴിഞ്ഞാൽ ഒരുമിച്ചിരുന്നു മണിക്കൂറുകളോളം സംസാരിക്കും. എന്നിട്ടേ ഉറങ്ങാറുള്ളു. അച്ഛൻ കിടു ആണ്–’സംഗീത് പറയുന്നു. മനസ്സിൽ പച്ചകുത്തുംപോലെ പതിയുന്ന ആ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com