ADVERTISEMENT

ചാലക്കുടി ∙ ചാലക്കുടിയുടെ പാരമ്പര്യവും പൈതൃകവുമായി ഇഴചേർന്നു കിടക്കുന്ന ട്രാംവേ റെയിൽവേ പാതയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ സംരക്ഷിക്കുന്നതിനു വഴി തെളിയുന്നു. ഗവേഷകർക്കും വിദ്യാർഥികൾക്കും ഈ നാടിന്റെ പൂർവ പാരമ്പര്യത്തിന്റെ അടയാളങ്ങൾ ഇനി കൺവെട്ടത്തുണ്ടാകും.

ട്രാംവേ  മ്യൂസിയത്തിന്റെ സജ്ജീകരണ ഉദ്ഘാടനം ഇന്ന് 1.30നു കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി നിർവഹിക്കും. ബി.ഡി. ദേവസി എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. 

അൽപം ചരിത്രം

ചാലക്കുടിയെ പ്രസിദ്ധമാക്കിയ റെയിൽ പാത, 1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ച രാജ ഋഷി എന്നറിയപ്പെട്ട രാമ വർമ പതിനഞ്ചാമന്റെ ആശയമായിരുന്നു. ട്രാംവേ വന്നതോടെ ചാലക്കുടി കൊച്ചി രാജ്യത്തിന്റെ ഫോറസ്റ്റ് തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. പറമ്പിക്കുളം ഭാഗത്തെ വനമേഖലയിൽനിന്നു രാജ്യത്തിന് അകത്തും പുറത്തുമുള്ള നൂറുകണക്കിനു പ്രദേശങ്ങളിലേക്കു ട്രാംവേ വഴിയൊരുക്കി.

1901 മുതൽ 1907 വരെയാണു ട്രാംവേയുടെ നിർമാണം. ജർമൻ റെയിൽവേ എൻജിന്റെ സാങ്കേതിക വിദ്യയും ബ്രിട്ടീഷുകാരുടെ റെയിൽപാത സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് ട്രാംവേ സ്ഥാപിച്ചത്. കൊച്ചി രാജ്യത്തിന്റെ ഖജനാവ് നിറയ്ക്കുന്ന പദ്ധതിയായും ട്രാംവേ മാറി.

കൊച്ചി രാജ്യത്തിന്റെ അന്നത്തെ വാർഷിക ബജറ്റായിരുന്ന 18 ലക്ഷം രൂപയിൽ നാലു ലക്ഷം രൂപ ട്രാംവേയിലൂടെ ലഭിച്ച വരുമാനമായിരുന്നു.

രേഖകൾ കണ്ടെടുത്തത് ഡോ. സണ്ണി ജോർജ്

ഗവേഷകനും കറുകുറ്റി എസ്​സിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ജലഗവേഷണ വിഭാഗം തലവൻ ഡോ. സണ്ണി ജോർജാണ് കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ചരിത്ര രേഖകൾ പലതും തപ്പിയെടുത്തത്.

തന്റെ ഔദ്യോഗിക യാത്രകൾക്കിടയിൽ ഒരു ഹോബി പോലെ ലണ്ടനിലെ ഇന്ത്യ ഓഫിസ് വായനാശാലയിൽ നിന്നും ഒരു നൂറ്റാണ്ടു മുൻപ് ട്രാംവേയുടെ എൻജിൻ നിർമിച്ചു നൽകിയ ജർമനിയിലെ ഹോളൻസ്റ്റൈൻ ആൻഡ് കുപ്ലർ എന്ന കമ്പനിയിൽ നിന്നുമെല്ലാം ശേഖരിച്ച വിവരങ്ങളുടെ അമൂല്യ ശേഖരം ഡോ. സണ്ണി ജോർജിന്റെ കൈവശമുണ്ട്.

ഈ രേഖകൾ കൂടി പരിശോധിച്ചാണു സർക്കാർ പൈതൃക മ്യൂസിയം സ്ഥാപിക്കാനുള്ള തീരുമാനത്തിനു പച്ചക്കൊടി കാട്ടിയത്. ഈ രേഖകളെല്ലാം ഇവിടെ സ്ഥാപിക്കുന്ന മ്യൂസിയത്തിന് ഉപകരിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com