ADVERTISEMENT

തൃശൂർ ∙ പൂരം പ്രദർശനവും സാംപിൾ വെടിക്കെട്ടും ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ദേവസ്വങ്ങൾ സമ്മതമറിയിച്ചതായി ജില്ലാ ഭരണകൂടം. എന്നാൽ, പ്രദർശനവും സാംപിളും ചടങ്ങുകളുടെ ഭാഗമാണെന്നും ഒഴിവാക്കാനാകില്ലെന്നു നിലപാടെടുക്കുകയാണു ചെയ്തതെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിക്കാതെ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ടു കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗമാണു തീരുമാനമാകാതെ പിരിഞ്ഞത്.

നാളെ ചേരുന്ന അടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ധാരണ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്താവുന്ന പൂരം ചടങ്ങുകളുടെ പട്ടിക സമർപ്പിക്കാൻ ഇരു ദേവസ്വങ്ങൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകളുടെ കൂട്ടത്തിൽ തന്നെയാണു സാംപിൾ വെടിക്കെട്ടും പൂരം പ്രദർശനവും ദേവസ്വങ്ങൾ ഉൾപ്പെടുത്തിയത്.

ഇക്കാര്യം ചർച്ച ചെയ്യാൻ കലക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സാംപിൾ വെടിക്കെട്ടും പൂരം പ്രദർശനവും ചടങ്ങുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന സംശയം ഉദ്യോഗസ്ഥർ പങ്കുവച്ചു. എന്നാൽ, ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിൽ ദേവസ്വങ്ങൾ ഉറച്ചുനിന്നു. അതേസമയം, സാംപിളും പ്രദർശനവും ഒഴിവാക്കുന്ന കാര്യത്തിൽ ദേവസ്വങ്ങളുമായി യോജിച്ച തീരുമാനത്തിലെത്തിയെന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

27ന് ആരോഗ്യ വകുപ്പ് – പൊലീസ് സംഘം പൂരപ്പറമ്പ് സന്ദർശിക്കുമെന്നും പൂരത്തിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ചു റിപ്പേ‍ാർട്ട് സമർപ്പിക്കുമെന്നും തീരുമാനമായി. ആചാരങ്ങളെല്ലാം പാലിച്ചു പൂരം നടത്താൻ ജില്ലാ ഭരണകൂട‌ത്തിന്റെ സഹായം കലക്ടർ ദേവസ്വങ്ങൾക്കു വാഗ്ദാനം നൽകി. എന്നാൽ, പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇളവു നൽകണമെങ്കിൽ പൂരത്തിനു മുൻപുള്ള

ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ട് പരിഗണിക്കേണ്ടി വരും. പൂരത്തിന് അണി നിരത്താവുന്ന ആനകളുടെ എണ്ണം സംബന്ധിച്ച ത‍ീരുമാനവും നാളത്തെ യോഗത്തിലുണ്ടാകും. ഡിഎംഒ കെ.ജെ. റീന, ജില്ലാ വികസന കമ്മിഷണർ അരുൺ കെ. വിജയൻ, കമ്മിഷണർ ആർ. ആദിത്യ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി. ചന്ദ്രശേഖര മേനോൻ, സെക്രട്ടറി എൻ. രവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

'സാംപിൾ വെടിക്കെട്ടു പൂരം ആചാരത്തിന്റെ ഭാഗമല്ലല്ലോ എന്ന സംശയം പങ്കുവയ്ക്കുകയാണു ജില്ലാ ഭരണകൂടം ചെയ്തത്. വെടിക്കെട്ടിന് എത്ര വെടിക്കോപ്പ് ഉപയോഗിക്കാമെന്ന വിശദാംശം നൽകാനും ഇതിനു ശേഷം തീരുമാനമെടുക്കാനുമാണ് യോഗം തീരുമാനിച്ചത്. പതിവു രീത‍ിയിൽ പൂരം പ്രദർശനം നടത്താൻ കഴിയുമോയെന്ന ആശങ്ക അധികൃതർ പങ്കുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഒഴിവാക്കാൻ ദേവസ്വങ്ങൾ സമ്മതമറിയിച്ചിട്ടില്ല.’  -പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്

'പൂരം പ്രദർശനവും സാംപിൾ വെടിക്കെട്ടും ഒഴിവാക്കാൻ സമ്മതമറിയിച്ചിട്ടില്ല. ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകളുടെ പട്ടിക നൽകിയ കൂട്ടത്തിൽ സാംപിൾ വെടിക്കെട്ടും പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താനാകൂ എന്നു അധികൃതർ അറിയിച്ചിരുന്നു.  വെടിക്കെട്ടു ചടങ്ങിന്റെ ഭാഗമാണെന്നു തന്നെയാണു ദേവസ്വങ്ങൾ നിലപാടെടുത്തത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അടുത്ത യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും.’-തിരുവമ്പാടി ദേവസ്വം സെക്രട്ടറി എൻ. രവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com