ADVERTISEMENT

അതിരപ്പിള്ളി ∙ പരിയാരം റേഞ്ചിലെ കുരിശുമുടി മലയിൽ ഉണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള വനം വകുപ്പിന്റെ നടപടികൾ തുടരുന്നു. 3 ദിവസമായി ശ്രമം തുടരുന്നുണ്ടെങ്കിലും കാട്ടുതീ അണയ്ക്കാനായിട്ടില്ല. സമീപ കാടുകളിൽ തീ വ്യാപിക്കുന്നത് തടയുന്നതിനു കുരിശുമുടിക്കു ചുറ്റും ഫയർ ബെൽറ്റ് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ വനത്തിനുള്ളിൽ കാറ്റ് ശക്തമായതോടെ കൂടുതൽ പരിസരത്തേക്കു തീ പടർന്നു. വ്യാഴം വൈകിട്ട് വനം വകുപ്പ് ജീവനക്കാരാണ് പിള്ളപ്പാറ ജനവാസ മേഖലയ്ക്കു മുകൾ ഭാഗത്ത് ഉൾക്കാട്ടിൽ തീ പടരുന്നത് കണ്ടത്.

തുടർന്ന് തീ അണയ്ക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ജനവാസ മേഖലയിൽ നിന്നു 10 കിലോമീറ്റർ ദൂരത്തിലാണ് കാട് കത്തിയമരുന്നത്. ചെങ്കുത്തായ മലകൾ കയറിയും വന്യജീവി ആക്രമണങ്ങളും തരണം ചെയ്തു വേണം ജീവനക്കാർക്ക് ഇവിടേക്ക് എത്താൻ. തീയുടെ പ്രഭവ കേന്ദ്രം കണ്ടെത്തി ഉടൻ നടപടികൾ സ്വീകരിക്കാൻ വൈകി. ഇതോടെ കാട്ടു തീ വ്യാപനം കൂടി. സംഭവ സ്ഥലത്ത് ജീവനക്കാരെ എത്തിക്കുന്നതിനു നേരിട്ട കാലതാമസം തീ പടരുന്നതിനു കാരണമായി. കാട്ടു തീ പടരുന്നത് തടയാൻ പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യപ്രകാരം സ്വകാര്യ മേഖലയിലെ ഹെലികോപ്റ്റർ കമ്പനി തയാറായെങ്കിലും വനം വകുപ്പ് അനുമതി നൽകിയില്ലെന്ന് സൂചനയുണ്ട്.

വനപാലകരും വനം സംരക്ഷണ സമിതി പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും തീ അണയ്ക്കാൻ സജീവമായി രംഗത്തുണ്ട്. എന്നാൽ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരുന്നതിന് ഉള്ള ബുദ്ധിമുട്ടാണ് രക്ഷാപ്രവർത്തകരെ വലയ്ക്കുന്നത്. കൊടും ചൂടിൽ 3 മണിക്കൂർ കുന്നു കയറി സംഭവ സ്ഥലത്ത് എത്തിച്ചേരുന്ന രക്ഷാപ്രവർത്തകർക്ക് തുടർന്നുള്ള ജോലികൾ കഠിനവും അപകടങ്ങൾ നിറഞ്ഞതുമാണ്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കാടിനുള്ളിൽ കഴിയുന്ന ജീവനക്കാരും ദുരിതത്തിലാണ്. ദിവസം 100 ജീവനക്കാരാണ് തീ കെടുത്തുന്നതായി വനത്തിനുള്ളിൽ കഴിയുന്നത്. ഇതിനിടയിൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

നിലവിൽ തീ നിയന്ത്രിക്കുന്ന രീതികൾ

 ബ്ലോവർ: തീ പടരാൻ സാധ്യതയുള്ള മേഖലയിലെ ചപ്പു ചവറുകൾ നീക്കം ചെയ്ത് ഫയർ ബെൽറ്റുകൾ ഉണ്ടാക്കുന്നു.
 കൗണ്ടർ ഫയർ: കത്തി നിൽക്കുന്ന പ്രദേശത്തിനു എതിർ ദിശയിൽ നിന്നും തീ പടർത്തി വ്യാപനം തടയുന്നു.
 പച്ചിലക്കെട്ട്: അടിക്കാടുകളിലെ തീ പച്ചിലക്കെട്ടു കൊണ്ട് അടിച്ച് കെടുത്തുകയാണ് ജീവനക്കാർ ചെയ്യുന്നത്.
 വെള്ളം: വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുന്ന സംവിധാനങ്ങൾ വനം വകുപ്പിന് ഉണ്ടെങ്കിലും വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്ത ഉൾക്കാട്ടിലാണു തീപിടിത്തം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com