ADVERTISEMENT

ചേലക്കര∙ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തോടടുത്തപ്പോൾ ചേലക്കര മണ്ഡലത്തിൽ മുന്നണികൾ ആവേശപ്പോരിലേക്ക്. പര്യടന പരിപാടികൾ അവസാനിപ്പിച്ച സ്ഥാനാർഥികൾ മണ്ഡലമെമ്പാടുമെത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തത്രപ്പാടിലാണ്. മുന്നണികൾ കുടുംബ യോഗങ്ങളും വാർഡ് തല സംഗമങ്ങളും സംഘടിപ്പിച്ചു സ്ഥാനാർഥികൾക്ക് അവസരമൊരുക്കുന്നുണ്ട്. 

ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നു

എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ മണ്ഡലത്തിലെ തന്റെ അവസാന ഘട്ട പ്രചാരണത്തിലാണ്. യുഡിഎഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ മുമ്പു പര്യടനത്തിന് എത്താത്ത കേന്ദ്രങ്ങളിൽ ചെന്ന് വോട്ടർമാരെ കണ്ട് വോട്ടു തേടുന്ന തിരക്കിലാണ്. പിന്തുണ ഉറപ്പിക്കാൻ ആരാധനാലയങ്ങൾ സന്ദർശിച്ച എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് കുടുംബയോഗങ്ങളിലും എത്തുന്നുണ്ട്. 

ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് ദേശമംഗലത്തെ കുടുംബയോഗത്തിൽ

കലാശക്കൊട്ട് കാത്തിരുന്ന അണികളുടെ ആവേശം നിശബ്ദ പ്രചാരണത്തിലേക്കു വഴിമാറിയതോടെ സ്ഥാനാർഥികൾക്കൊപ്പം ആൾക്കൂട്ടമേറി. വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണവും മുന്നണി സ്ഥാനാർഥികൾക്കായുള്ള വിവിധ സംഘടനകളുടെ പ്രചാരണങ്ങളും അവസാന നാളുകളിലെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.

വാഹന പ്രചാരണ ജാഥ നടത്തി

തിരുവില്വാമല∙ കേരള കോ–ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തലപ്പിള്ളി താലൂക്ക് കമ്മിറ്റി യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി നടത്തിയ വാഹന പ്രചാരണ ജാഥ സഹകരണ ബാങ്ക് പ്രസിഡന്റ് എം. അരവിന്ദാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ഉദയൻ, ജാഥാ ക്യാപ്റ്റൻ സിമി.ജി.നായർ, ജോസഫ് പൂമല, ഷാജി, സിജാ ഹരിദാസ്, വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

ചേലക്കരയിൽ എൽഡിഎഫ് റാലിയും  യോഗവും

ചേലക്കര∙ എൽഡിഎഫ് ലോക്കൽ കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പു പൊതുയോഗം സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സോളമൻ അധ്യക്ഷത വഹിച്ചു. കെ.ഇ.രാജൻ, എം.എം. വർഗീസ്, കെ.രാധാകൃഷ്ണൻ,പി.എ.ബാബു എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് പുറകോട്ടു നടന്ന്  പ്രതിഷേധിച്ചു

പാഞ്ഞാൾ∙ 25 വർഷം പ്രതിനിധാനം ചെയ്ത ഇടതുപക്ഷം മണ്ഡലത്തിന്റെ വളർച്ചയെ പുറകോട്ടു കൊണ്ടുപോയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ദേശമംഗലം കമ്മിറ്റി പ്രസിഡന്റ് നിഷാദ് തലശ്ശേരിയും യൂത്ത് കോൺഗ്രസ് നേതാവ് സുബിൻ തലശേരിയും ചേർന്ന് പഴയന്നൂർ മുതൽ ചെറുതുരുത്തി വരെ 25 കിലോമീറ്റർ പുറകോട്ട് നടന്ന് പ്രതിഷേധിച്ചു.പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി.കെ. മുരളീധരൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

എംഎസ്എഫ് നേതാവ് റംഷാദ് പള്ളം അധ്യക്ഷത വഹിച്ചു. ജാഥയ്ക്ക് പാഞ്ഞാൾ യുഡിഎഫ് കമ്മിറ്റി ഉദുവടിയിൽ സ്വീകരണം നൽകി.    പ്രസിഡന്റ് ടി.കെ.വാസുദേവൻ,കോൺഗ്രസ് നേതാക്കളായ ജോണി മണിച്ചിറ, കെ.നാരായണൻകുട്ടി, മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം.അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി. പുറകോട്ട് നടത്തം വൈകിട്ട് ചെറുതുരുത്തിയിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com