ADVERTISEMENT

തൃശൂർ∙ പൂരം ആദ്യമായി  ആൾക്കൂട്ടമില്ലാതെ, ആരവമില്ലാതെ നടക്കും. പൂരം ചടങ്ങുമാത്രമായി നടത്തിയിട്ടുണ്ട്. ഉപേക്ഷിച്ചിട്ടുമുണ്ട്. എന്നാൽ ചടങ്ങുകൾ  പതിവുപോലെ, കാണികളുടെ നേർസാന്നിധ്യമില്ലാതെ, ആരവമില്ലാതെ നടക്കുന്നത്  ആദ്യമാണ്. കോവിഡ് വ്യാപനത്തിന്റെ തീവ്രത അപ്രതീക്ഷിതമായി ഉയർന്നപ്പോൾ ദേവസ്വങ്ങളും സർക്കാരും ചേർന്നെടുത്ത തീരുമാനം ചരിത്രത്തിൽ എഴുതപ്പെടും. വീട്ടിലിരുന്നു സുരക്ഷിതമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമായി പൂരം ആസ്വദിക്കാം.

തൃശൂർ പൂരത്തിനായി നടുവിലാലിൽ ഒരുക്കുന്ന പന്തൽ.
തൃശൂർ പൂരത്തിനായി നടുവിലാലിൽ ഒരുക്കുന്ന പന്തൽ.

പൂരമെന്നു പറഞ്ഞാൽത്തന്നെ ആളുകളുടെ ഒഴുക്കാണ്. വെളുപ്പിനു മുതൽ ജനം എല്ലാ വഴികളിലൂടേയും ഒഴുകിയെത്തുമായിരുന്നു. 11 മണിക്കു മഠത്തിൽ വരവു പഞ്ചവാദ്യം മുതൽതന്നെ ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടു തുടങ്ങും. 12നു പാറമേക്കാവു പുറത്തേക്കിറങ്ങുമ്പോഴേക്കും അവിടെയും തിരക്കാകും. പിന്നെ വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണു പഞ്ചവാദ്യവും മേളവും കൊട്ടിക്കയറുന്നത്.വാദ്യ ഘോഷത്തെ പൂരമാക്കുന്നത് ആകാശത്തേക്ക് കൈ ഉയർത്തി താളമിടുന്ന ആയിരക്കണക്കിനാളുകളാണ്.

പൊരിവെയിൽ നിലാവാക്കി മാറ്റുന്നത് ഈ ആരാധകരാണ്. ഇവരില്ലാതെയാകും ഇത്തവണത്തെ പൂരം. ചെമ്പട സമാപിച്ചു പാറമേക്കാവു വടക്കുന്നാഥനിലേക്കു വരുന്നതിനു മണിക്കൂറുകൾ മുൻപുതന്നെ ഇലഞ്ഞിത്തറ നിറഞ്ഞു കവിയും. ജനക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി വേണം വാദ്യക്കാർക്ക് അകത്തേക്കു കടക്കാൻ.അകത്തു കടന്നു മേളം കേൾക്കുക എന്നതു ആലോചിക്കാൻപോലുമാകാത്ത അവസ്ഥയാകും. ഇത്തവണ അതുമുണ്ടാകില്ല. മേളക്കാർ മാത്രമാകും അകത്തുണ്ടാകുക. കുടമാറ്റത്തിനു തെക്കോട്ടിറങ്ങുമ്പോൾ ആനകൾ ഇറങ്ങിവരുന്നതു ജനങ്ങളുടെ തിരമാലകളിലേക്കാണ്. പാറമേക്കാവിന്റെ ആനകൾ ഇറങ്ങുമ്പോൾത്തന്നെ വൻ ആരവം കേട്ടു തുടങ്ങും.

തിരക്കിനിടയിലൂടെ ആനകൾ കടലിനു നടുവിലൂടെയെന്നപോലെയാണു പോകുക.രാമവർമ രാജാവിന്റെ പ്രതിമയെ വലംവച്ചു പാറമേക്കാവ് കുടമാറ്റത്തിനായി നിരക്കും.തിരുവമ്പാടി തെക്കെ ഗോപുര നടയിലേക്ക് ഇറങ്ങുമ്പോഴും പൊലീസ് ബലം പ്രയോഗിച്ചാണു ജനത്തെ നീക്കുന്നത്. അര മണിക്കൂറോളം സമയമെടുത്താണു ആനകൾ പൂർണമായും നിരക്കുന്നത്. അതോടെ രണ്ടു മണിക്കൂറോളം നീളുന്ന കുടമാറ്റം തുടങ്ങും. ഓരോ ഭാഗത്തും കുടകൾ മാറി മാറി ഉയരുമ്പോൾ നടുവിൽ ആയിരക്കണക്കിനാളുകൾ തിരമാലകളെന്നപോലെ ആടി ഉലയും. ഇവരുടെ ആരവുംകൊണ്ടു തെക്കെ ഗോപുരനട പ്രകമ്പനം കൊള്ളും. എല്ലാ പൂരപ്രേമികളുടെയും മനസ്സിൽ ഇതാവും കാഴ്ച.

ഇത്തവണ വാദ്യങ്ങളുടെ ചെറിയൊരു അകമ്പടിയോടെ കുറച്ചു സമയം മാത്രം  കുടകൾ മാറി മാറി ഉയരും. അതിനു സംഘാടകരുടെ ആർപ്പു വിളി മാത്രം അകമ്പടിയാകും. തിരുവമ്പാടി ഒരാനപ്പുറത്തു തെക്കോട്ടിറങ്ങുന്നതിനാൽ ചടങ്ങുമാത്രം നടത്തി മടങ്ങും. പാറമേക്കാവ് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കുടമാറ്റത്തിനു ശേഷം ദേശങ്ങൾ പിരിയുന്നതു ജനത്തെ വകഞ്ഞുമാറ്റിയാണ്. അപ്പോഴും പൂരപ്പറമ്പു നിറഞ്ഞു കവിഞ്ഞിരിക്കും. എന്നാൽ ഇത്തവണ ആരുമില്ലാതെയാകും കുടമാറ്റത്തിനു ശേഷം പിരിയുക.

വെളിപ്പിനു 3 നു നടക്കുന്ന വെടിക്കെട്ടിനായി രാത്രി 12 മണിയോടെ സ്വരാജ് റൗണ്ട് നിറഞ്ഞു തുളുമ്പും. ഉയരമുള്ള കെട്ടിടങ്ങൾക്കു മുകളിൽ ജനം നിറയും. ഓരോ വിഭാഗം പൊട്ടിക്കുമ്പോഴും ജനം ഇളകി മറിയും. പിന്നീടു അമിട്ടുകൾക്കു തീ കൊളുത്തുമ്പോഴും ഇതേ ആരവുമുണ്ടാകും. ഇത്തവണ സ്വരാജ് റൗണ്ടിൽ ആരുമില്ലാതെയാണു വെടിക്കെട്ടു നടക്കുക. കെട്ടിടങ്ങളിൽ ഗുണ്ടിന്റേയും ഡൈനയുടേയും ശബ്ദം തട്ടി പ്രതിഫലിക്കുന്നതു മാത്രമാകും വെടിക്കെട്ടിന്റെ ആരവം.

24നു പകൽപൂരം പിരിയുന്നതിനു മുൻപു രണ്ടു വൻ മേളങ്ങളുണ്ട്. അവിടെ പൂഴിയിട്ടാൽ മണ്ണിൽ വീഴാത്ത  ജനക്കൂട്ടവുമുണ്ടാകും. ഇത്തവണ മേളം നടക്കുമെങ്കിലും മേളത്തിൽ ആകാശത്തേക്കു കൈ ഉയർത്തി ആടി ഉലയുന്ന ആരാധകരുണ്ടാകില്ല. മേളവും പിന്നീടു വലിയ ആരവത്തോടെ പൂരം വിട ചൊല്ലി പിരിയുകയുമില്ല. കോവിഡ് ജീവനെടുക്കുന്ന ഈ കാലത്ത്, ഈ തീരുമാനത്തിനൊപ്പമാണ് ഇത്തവണ ഓരോ പൂരപ്രേമിയുടെയും മനസ്സ്.

പറമ്പൊരുങ്ങി; പന്തലൊരുങ്ങി 

തൃശൂർ ∙ സ്വരാജ് റൗണ്ടിൽ കൂട്ടിലിട്ട തത്തയുമായി ഭാവി പറയാൻ കൈനോട്ടക്കാർ ഇരിപ്പുണ്ട്. ഇക്കൊല്ലത്തെ തൃശൂർ പൂരത്തിന്റെ ‘ഭാവി’യെ കുറിച്ചാണ് തേക്കിൻകാട്ടിലെ മൊത്തം വർത്തമാനം. പറമ്പിൽ തമ്പടിക്കുന്ന വഴിവാണിഭക്കാരും നന്നേ കുറവ്. പാറമേക്കാവിന്റെ മണികണ്ഠനാൽ പന്തലിന്റെ തലയെടുപ്പ് പൂരത്തിന്റെ  കൊടിയടയാളമായി നിൽക്കുന്നു. മുകളിലെ മകുടം കൂടി ചാർത്തിയാൽ പന്തൽ റെഡി. മകുടാകൃതിയിലുള്ള അലങ്കാരങ്ങൾ വടംകെട്ടി മുകളിലേക്കു വലിച്ചുകയറ്റുന്ന തത്രപ്പാടിലാണ് പണിക്കാർ.

തിരക്കിനിടയിലും തെല്ലിട ബൈക്ക് നിർത്തി, ‘ചേട്ടാ പൂരം നടക്ക്വോ?’ എന്നന്വേഷിക്കുന്നവരുണ്ട്. എടപ്പാൾ ബൈജുവിനാണ് മണികണ്ഠനാൽ പന്തലിന്റെ കരാർ. കാനാട്ടുകര ദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്ര മാതൃകയിലുള്ള പന്തൽ ഉയർത്തുന്നത്. ചെറുതുരുത്തി സെയ്തലവിക്കാണു തിരുവമ്പാടിയുടെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെ കരാർ. അനിശ്ചിതത്വത്തിന്റെ മന്ദഗതി ഇരു പന്തലുകളിലും കാണാം. അലങ്കാരങ്ങൾ കയറ്റുന്ന പണികൾ തകൃതിയായി നടക്കുന്നുണ്ട്.

നാളെ, സാംപിൾ വെടിക്കെട്ടിനു മുൻപ് വെളിച്ചം വിതറേണ്ടുന്ന വിധമായിരുന്നു ഒരുക്കം. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയ്ക്കു സമീപം സാംപിൾ വെടിക്കെട്ടിനുള്ള കുഴികളെടുത്തു തുടങ്ങിയിരുന്നു. മഴക്കാറിനെ മാത്രം പേടിച്ചിരുന്ന കരിമരുന്നു കുഴികൾ കോവിഡ് മൂലമുള്ള അനിശ്ചിതത്വത്തെയും പേടിക്കുന്നു. സാംപിൾ ഇല്ലെന്ന തീരുമാനം വന്നതോടെ, കുഴിയെടുപ്പു നിർത്തി. വടക്കുന്നാഥനും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. പടിഞ്ഞാറേനടയിൽ ദീപങ്ങളും പുഷ്പാലങ്കാരങ്ങളും തോരണങ്ങളും വിതാനിക്കുന്നു.

സമീപം മേളപ്പന്തൽ കെട്ടിക്കഴിഞ്ഞു. തേക്കിൻകാടിനു ചുറ്റുമുള്ള ഇന്നർ ഫുട്പാത്തുകളിൽ ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കുന്നുണ്ട്. പൂരപ്പറമ്പിൽ സുരക്ഷയൊരുക്കാൻ ഇറക്കിവച്ച പൊലീസിന്റെ ഇരുമ്പുമറകൾ ‘ഡ്യൂട്ടിക്ക് കയറാൻ’ കാത്തിരിക്കുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും അലങ്കാരവും  ഒരുക്കങ്ങളും പുരോഗമിക്കുന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പിനു സമാനമാണ് പൂരം പ്രദർശന നഗരി. പ്രവേശന ടിക്കറ്റെടുത്ത് തിങ്ങിനിറഞ്ഞ് വരിയിൽനിൽക്കുന്നവരുടെ പതിവു കാഴ്ചയില്ല. കുറച്ചുപേർ കയറുന്നുണ്ട്. അനൗൺസ്മെന്റില്ല. ബലൂണും പീപ്പിയുമായി ഓടിനടക്കുന്ന കുട്ടികളില്ല. കസർത്തുമായെത്തുന്ന തെരുവു സർക്കസ് കുടുംബങ്ങളുമില്ല. 

ഒടുവിൽ ആശ്വാസപ്പൂരം

തൃശൂർ∙ ഒരു പകൽ മുഴുവൻ നീണ്ട ആശങ്കയും പിരിമുറുക്കവും. ഭാഗികമായെങ്കിലും തീർന്നതു ഇന്നലെ സന്ധ്യയോടെ. പൂരം എങ്ങനെ നടത്തണമെന്നു തീരുമാനിക്കാനായി ഇന്നലെ രാവിലെ 10നു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഉന്നതല യോഗം നടക്കുന്നതിനാൽ അതു വൈകിട്ട് 4ലേക്ക് മാറ്റി. കോവിഡ് രൂക്ഷമായതിനാൽ പൂരത്തിലെ പതിവു ആഘോഷം ഉപേക്ഷിക്കാൻ ദേവസ്വങ്ങളുമായി പലരും അനൗദ്യോഗിക ചർച്ച നടത്തുന്നുണ്ടായിരുന്നു.

യോഗം തുടങ്ങുന്നതിനു മുൻപുതന്നെ സർക്കാർ നിലപാടും ദേവസ്വങ്ങളെ അറിയിച്ചു. ചടങ്ങുകൾ ഒന്നും തടയരുതെന്നു മാത്രമായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. ഇത് അംഗീകരിക്കാൻ ആദ്യമേ തീരുമാനിച്ചു. ചർച്ച തുടങ്ങി അര മണിക്കൂറിനകം തന്നെ എല്ലാവരും ധാരണയിലെത്തി. പൂരത്തിനു കാണികളുണ്ടാകില്ല എന്നതായിരുന്നു ആദ്യത്തെ തീരുമാനം. പാസ് കൊടുത്തു ജനത്തെ കടത്തി വിടുന്നതിലെ പ്രായോഗിക പ്രശ്നം പൊലീസ് കമ്മിഷണർ ആർ.ആദിത്യ വിശദീകരിച്ചതോടെ ജനത്തെ പൂർണമായും ഒഴിവാക്കാൻ ആദ്യമേ ധാരണയായി.

ഇതോടെ പകുതി പ്രശ്നം തീർന്നു. പകൽപ്പൂരം ഉപേക്ഷിക്കാനും എല്ലാം ആഘോഷം കുറച്ചു നടത്താനും തീരുമാനിച്ചതോടെ ദേവസ്വങ്ങൾ യോഗം ചേരാനായി പിരിഞ്ഞു. ഒരാനപ്പുറത്തു എഴുന്നള്ളിപ്പു നടത്താനും മഠത്തിൽ വരവു പഞ്ചവാദ്യവും നായ്ക്കനാൽ മേളവും വളരെ കുറച്ചു കലാകാരന്മാരെ മാത്രംവച്ചു നടത്താനും 5 മണിയോടെ തിരുവമ്പാടി തീരുമാനിച്ചു.

ഇതിനകം ഘടക പൂരങ്ങളുമായും തിരുവമ്പാടി ചർച്ച നടത്തിയിരുന്നു. കർഫ്യൂ അടക്കമുള്ള നിയന്ത്രണത്തിനിടയിൽ എഴുന്നള്ളിപ്പു അസാധ്യമാണെന്നും ഘടക പൂരങ്ങളിൽ പലരും വ്യക്തമാക്കി. ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനിക്കാമെന്നും പറഞ്ഞു. ആറു മണിയോടെ തിരുവമ്പാടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു. പാറമേക്കാവ് എഴുന്നള്ളിപ്പും കുടമാറ്റവും മേളവും പതിവുപോലെ നടത്തുമെന്നു വൈകിട്ടു വ്യക്തമാക്കി. രാത്രി 8നാണ് പകൽ മുഴുവൻ നീണ്ട അനിശ്ചിതത്വം അവസാനിച്ചത്.

കോവിഡ് പരിശോധന

തൃശൂർ ∙ മേളക്കാർ, പൂരക്കമ്മിറ്റി അംഗങ്ങൾ, പാപ്പാന്മാർ, സംഘാടകർ, തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ എന്നിവർക്ക് കോവിഡ് പരിശോധിക്കുന്നതിന് (ആർടിപിസിആർ) വടക്കുന്നാഥ ക്ഷേത്രം ഊട്ടുപുര (2 ടീം), പാറമേക്കാവ് അഗ്രശാല (3 ടീം), തിരുവമ്പാടി ശ്രീപത്മം ഹാൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും 10 മുതൽ 4 വരെ സൗകര്യം ഒരുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com