ADVERTISEMENT

പൂരപ്പറമ്പിലേക്ക് ആർക്കൊക്കെ പ്രവേശിക്കാം? സ്വരാജ് റൗണ്ടിൽ പ്രവേശനം തടയുന്നത് എപ്പോൾ? നഗര ഹൃദയത്തിലെ വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർ പൂരദിവസങ്ങളിൽ എന്തുചെയ്യും? പൂരം നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം ഇങ്ങനെ..

തൃശൂർ ∙ പൊതുജനത്തിനു പ്രവേശനം നിരോധിച്ചതോടെ പൂരം കാണാൻ ടിവി, മൊബൈൽ ഫോൺ സ്ക്രീനുകൾ തന്നെ ശരണം. പൂരം നടത്തിപ്പിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളിലും അന്തിമ തീരുമാനമായി. പൂരപ്പറമ്പിലേക്കു മാത്രമല്ല, സ്വരാജ് റൗണ്ടിന്റെ പരിസരത്തേക്കു പോലും പൂരനാളുകളിൽ ജനത്തിനു പ്രവേശനമുണ്ടാകില്ല. പൂരം സംബന്ധിച്ച് അറിയേണ്ടതെല്ലാം:

? ആർക്കൊക്കെ പ്രവേശനം

പൊതുജനത്തിനു പ്രവേശനമുണ്ടാകില്ല. പൂരത്തിൽ പങ്കാളികളായ ദേവസ്വങ്ങൾ, ഘടക ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർക്കും ക്ഷേത്രം ജീവനക്കാർക്കും വാദ്യക്കാർക്കും പാപ്പാന്മാർക്കും പാസ് മുഖേന പ്രവേശനമുണ്ടാകും. പൂരം ഡ്യൂട്ടി ലഭിച്ച സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്കും പ്രവേശനം അനുവദിക്കും.

? പാസ് നൽകുന്നതെങ്ങനെ

വാദ്യക്കാർ, കമ്മിറ്റിക്കാർ, സഹായികൾ, ക്ഷേത്രം ജീവനക്കാർ എന്നിവർക്കെല്ലാം പാസ് അനുവദിക്കേണ്ട ചുമതല അതതു ദേവസ്വം ഭാരവാഹികൾക്കാണ്. വിതരണം ചെയ്യുന്ന പാസിന്റെ എണ്ണം അതതു ദേവസ്വങ്ങൾ മുൻകൂട്ടി ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച് അനുവാദം വാങ്ങി നിർദിഷ്ട മാതൃകയിൽ പ്രിന്റ് ചെയ്തു വിതരണം ചെയ്യണം. പാസിന്റെ മാതൃക ദേവസ്വങ്ങൾക്കു കൈമാറി. ഇതിൽ ഫോട്ടോ, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും.

? പാസിന് മാനദണ്ഡമെന്ത്

പൂരനാളിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റോ 2 ഡോസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇവ കൈവശമുള്ളവർക്കു മാത്രമേ പാസ് അനുവദിക്കാവൂ എന്നു പൊലീസ് ദേവസ്വങ്ങളെ അറിയിച്ചിട്ടുണ്ട്. ഈ രേഖകളും പാസും സ്പെഷൽ ബ്രാഞ്ചിനു സമർപ്പിക്കണം. രേഖകൾ പരിശോധിച്ചുറപ്പ‍ാക്കിയ ശേഷം സ്പെഷൽ ബ്രാഞ്ച് അംഗീകാരം നൽകും.

? പാസ് പരിശോധന എവിടെ

പൂരപ്പറമ്പിലേക്കു തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെയും ഘടക പൂരങ്ങളുടെയും പ്രവേശനം പാസ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും. 8 സ്ഥലങ്ങളിൽ ഇതിനുള്ള കൗണ്ടറുകൾ ഏർപ്പെടുത്തും. എംജി റോഡ്, ഷൊർണൂർ റോഡ്, ബിനി ജംക്‌ഷൻ, പാലസ് റോഡ്, കോളജ് റോഡ്, ഹൈറോഡ്, എംഒ റോഡ്, കുറുപ്പം റോഡ് എന്നിവിടങ്ങളിലാകും പരിശോധന.

? നഗരഹൃദയവാസികൾ എന്തുചെയ്യണം

സ്വരാജ് റൗണ്ടിന്റെ ചുറ്റുവട്ടത്തും നഗരഹൃദയത്തിലുമുള്ള വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർ അവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. പൂരം നടക്കുന്ന ഭാഗത്തേക്ക് ഇവർക്കും പ്രവേശനമുണ്ടാകില്ല. ഇവർ പുറത്തു നിന്നുള്ളവരെ തങ്ങളുടെ താമസസ്ഥലത്തു പ്രവേശിപ്പിക്കാൻ പാടില്ല.

? കടകൾ തുറക്കാമോ

സ്വരാജ് റൗണ്ടിലും റൗണ്ടിലേക്കു പ്രവേശിക്കുന്ന ഔട്ടർ സർക്കിൾ റോഡുകളിലും 23ന് മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല. ഭക്ഷണശാലകൾക്കും മാളുകൾക്ക‍ുമൊക്കെ നിയന്ത്രണം ബാധകമാണ്. എംജി റോഡ്, ശങ്കരയ്യ ജംക്‌ഷൻ റോഡ്, പൂങ്കുന്നം ജംക്‌ഷൻ, പാട്ടുരായ്ക്കൽ, അശ്വിനി ജംക്‌ഷൻ, ചെമ്പൂക്കാവ്, ആമ്പക്കാടൻമൂല, പൗരസമിതി ജംക്‌ഷൻ, മനോരമ സർക്ക‍ിൾ, മാതൃഭൂമി സർക്കിൾ, വെളിയന്നൂർ, റെയിൽവേ സ്റ്റേഷൻ റോഡ്, ദിവാൻജിമൂല, പൂത്തോൾ എന്നിവിടങ്ങളെല്ലാം ഔട്ടർ സർക്കിളിൽപ്പെടും.

? വാഹനങ്ങൾ തടയുന്നതെപ്പോൾ

നഗരഹൃദയത്തിലും പരിസരത്തും പൂരനാളിൽ രാവിലെ 6 മുതൽ പകൽപൂരനാൾ ഉച്ച വരെ ഗതാഗതം നിയന്ത്രിക്കും. പൂരദിവസം റൗണ്ടിലേക്കു ഗതാഗതം അനുവദിക്കില്ല. എല്ലാ വാഹനങ്ങളും റൗണ്ടിനു പുറത്തേക്കു തിരിച്ചുവിടും. നാളെ ഉച്ചയോടെ തന്നെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പാർക്കിങ് നിരോധിക്കും. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ നഗരഹൃദയം ഒഴിവാക്കി സർവീസ് നടത്തും.

? തിരിച്ചറിയൽ കാർഡ് വേണോ

നഗരത്തിനുള്ളിലെ ആശുപത്രികൾ, അവശ്യമേഖലയിലെ ജീവനക്കാർ എന്നിവർ ജോലി സ്ഥലത്തേക്കു പ്രവേശിക്കാൻ തിരിച്ചറിയൽ കാർഡ് (സ്ഥാപനം നൽകുന്ന) ഹാജരാക്കണം. മാധ്യമപ്രവർത്തകർക്കും ഇതു ബാധകമാണ്.

സുരക്ഷയ്ക്ക് 2000 പൊലീസ്

തൃശൂർ ∙ പാസ് പരിശോധനയ്ക്കും ക്രമസമാധാന പാലനത്തിനുമായി നഗരത്തിൽ 2000 പൊലീസുകാരെ നിയോഗിക്കും. 6 ഡപ്യൂട്ടി കലക്ടർമാർ പൂരം നടത്തിപ്പിനു നേതൃത്വം നൽകും. സുരക്ഷാ മേൽനോട്ടം കമ്മിഷണർ ആർ. ആദിത്യ ഏകോപിപ്പിക്കും.

15 ആനകളെത്തന്നെ അണിനിരത്തും:പാറമേക്കാവ് ദേവസ്വം 

തൃശൂർ∙ പുറത്തേക്കെഴുന്നള്ളിക്കുന്നതിനും തെക്കോട്ടിറക്കത്തിനും 15 ആനകളെത്തന്നെ അണിനിരത്തുമെന്നു പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. 25 സെറ്റ് കുടമാറ്റുകയും ചെയ്യും. വാദ്യക്കാരിലും കാര്യമായ കുറവുണ്ടാകില്ല. 24നു പകൽപ്പൂരവും പതിവുപോലെ നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കി പൂരം നടത്താമെന്നാണു ചീഫ് സെക്രട്ടറി പറഞ്ഞത്. അതാണു ദേവസ്വം ചെയ്യുന്നതെന്നു സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. പങ്കെടുക്കുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

ബാക്കിയുള്ളവർ വാക്സീൻ എടുത്തിട്ടുണ്ട്. നാട്ടുകാർ ആരും പൂരത്തിൽ പങ്കെടുക്കുന്നുമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂരത്തിനു പതിവുള്ളത്ര ആനകളെ എഴുന്നള്ളിക്കുന്നത്. സർക്കാർ പറഞ്ഞതു മാത്രമാണു തങ്ങൾ ചെയ്യുന്നതെന്നു രാജേഷ് പറഞ്ഞു. വെടിക്കെട്ടിനും പതിവുപോലെ അനുമതി നൽകിയിട്ടുണ്ട്. പകൽപൂരത്തിനും അനുമതിയുണ്ട്. അവിടെയും കർശന നിയന്ത്രണമുണ്ടാകും. അതും ദേവസ്വം പാലിക്കുമെന്നു രാജേഷ് വ്യക്തമാക്കി.

അന്നും ചടങ്ങുകളിൽ ഒതുങ്ങി പൂരം

തൃശൂർ ∙ ഇതിനു മുൻപ് രണ്ടു വർഷം അടുപ്പിച്ച് പൂരം ചടങ്ങുകളിൽ ഒതുങ്ങിയത് 1962ലും 63ലും. പൂരാഘോഷങ്ങൾക്കായി പൂരം എക്സിബിഷൻ കമ്മിറ്റിയിൽ നിന്നു പണം ലഭിക്കാത്തതിനാലും വിവിധ സാമഗ്രികളുടെ വിലവർധനയും കാരണമാണ് 1962ൽ പൂരം ചടങ്ങു മാത്രമായി നടത്തിയത്. തൊട്ടടുത്ത വർഷം ഇന്ത്യ– ചൈന യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് പൂരം ചടങ്ങുകളിലൊതുങ്ങാ‍ൻ കാരണം. ഇതു കഴിഞ്ഞ് പൂരാഘോഷം ഇല്ലാതായത് 2020ൽ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com