ADVERTISEMENT

ചേർപ്പ് ∙ ആറാം ക്ലാസുകാരൻ പന്തു കാലിലിട്ട് അമ്മാനമാടുന്ന വിഡിയോയ്ക്ക് ലൈക്ക് ചെയ്തവരുടെ എണ്ണം ആയിരക്കണക്കിനാണെങ്കിലും അതിലൊരാൾ ചില്ലറക്കാരനല്ല, സ്വീഡന്റെ സൂപ്പർതാരം സ്‍ലാറ്റൻ ഇബ്രാഹിമോവിച്! ഇബ്രയെന്നു ലോകം സ്നേഹാദരത്തോടെ വിളിക്കുന്ന ഇബ്രാഹിമോവിച് ലൈക്കും അഭിനന്ദനവും നൽകിയ ആ വിഡിയോയിൽ കാണുന്നത് ചേർപ്പ് സിഎൻഎൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അഭിനന്ദിനെയാണ്. ലോക്ഡൗണിൽ വീട്ടിൽ കുത്തിയിരിക്കേണ്ടി വന്ന കാലത്ത് അഭിനന്ദും എട്ടാം ക്ലാസുകാരൻ സഹോദരൻ അഭിനവും ചേർന്ന് പഠിച്ചെടുത്തത് നൂറോളം ഫുട്ബോൾ ‘സ്കിൽസ്’ ആണ്.

വീടിനു മുന്നിലെ റോഡിലും ഒഴിഞ്ഞ പറമ്പിലുമായാണ് ഇവരുടെ ഫുട്ബോൾ പരിശീലനം. ചേർപ്പ് തെക്കൂട്ട് ഭൂപേഷിന്റെയും മഞ്ജുവിന്റെയും മക്കളാണ് അഭിനവും അഭിനന്ദും. തുടർച്ചയായ പരിശീലനത്തിലൂടെ അഭിനന്ദ് തുടർച്ചയായി 4652 തവണ ഫുട്ബോൾ ജഗിൾ ചെയ്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പന്ത് നിലത്തുവീഴാതെ ഇരുകാലിലും മാറിമാറി തട്ടിക്കൊണ്ടിരിക്കുന്ന വിദ്യയാണിത്. 4 മിനിറ്റ് 50 സെക്കൻഡ് നേരം തുടകൊണ്ടു മാത്രം ജഗിൾ ചെയ്തും കൗതുകം വിരിയിച്ചു. മൂന്നാം വയസ്സിൽ പന്തുതട്ടിത്തുടങ്ങിയ അഭിനന്ദ് 5ാം വയസ്സിൽ തൃശൂർ എഫ്സിയുടെ താരമായി.

പറപ്പൂർ എഫ്സി നടത്തിയ ജില്ലാ ബേബി ലീഗിൽ എഫ്സി കേരളയെ ജേതാക്കളാക്കിയതിൽ നിർണായക പങ്കുവഹിച്ചു. ബേബി ലീഗിൽ അണ്ടർ 10 വിഭാഗത്തിൽ 21 കളികളിൽ നിന്ന് 31 ഗോളുമായി ടോപ്സ്കോററായി. കൃഷ്ണദേവ്, ഡൊമിനിക് എന്നിവരാണ് ഇരുവരുടെയും പരിശീലകർ. മോഹൻ ബഗാൻ അടക്കമുള്ള ക്ലബുകളിൽ നിന്ന് ഓഫർ വന്നെങ്കിലും 13 വയസ്സു വരെ നിലവിലെ പരിശീലനം തുടരാനാണ് തീരുമാനമെന്നു ഭൂപേഷ് പറഞ്ഞു. സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ ഫെയ്സ്ബുക് പേജിൽ ഭൂപേഷ് വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സൂപ്പർതാരത്തിന്റെ അഭിനന്ദനം ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com