ADVERTISEMENT

തൃശൂർ ∙ തലക്കെട്ടിൽ കാണുന്ന വാചകം ഓരോ കുത്താമ്പുള്ളിക്കാരന്റെയും നെടുവീർപ്പാണ്. ശരാശരി 200 കോടി രൂപയുടെ വാർഷിക വിറ്റുവരവുമായി ബ്രാൻഡഡ് കൈത്തറി ഗ്രാമമെന്ന ഖ്യാതി നേടിയ കുത്താമ്പുള്ളിക്ക് ഇതു നിലനിൽപ്പു പോരാട്ടത്തിന്റെ സമയം. വരുന്ന ഓണക്കാലത്തെങ്കിലും വസ്ത്രവ്യാപാരം പച്ചപിടിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്നു മലയാളവും കന്നഡയും തമിഴും കലർന്ന ദേവാംഗ ഭാഷയിൽ അവർ പരസ്പരം ചോദിക്കുന്നു.

നെയ്ത്തുകാരൻ ശിവകുമാർ നെയ്ത സെറ്റു സാരിയുമായി
നെയ്ത്തുകാരൻ ശിവകുമാർ നെയ്ത സെറ്റു സാരിയുമായി

കുത്താമ്പുള്ളിയുടെ കഷ്ടകാലം തുടങ്ങിയിട്ട് ഏതാനും വർഷമായി. 2018ലെ പ്രളയത്തോടെയായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം രണ്ടാം പ്രളയം. കഴിഞ്ഞ വർഷം കോവിഡ് എത്തിയതോടെ വിറ്റുവരവ് നേർപകുതിയായി. കഴിഞ്ഞ ഓണക്കാലത്തിനു ശേഷം ഒന്നു പച്ചപിടിച്ചു തുടങ്ങിയതാണ്. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തോടെ സ്ഥിതി മോശമായി. വിഷുക്കാലത്ത് സാധാരണ പതിവുള്ള കച്ചവടത്തിന്റെ 20% മാത്രമേ നടന്നുള്ളൂ.

നൂലിനും പൊന്നുംവില

തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങി വ്യാപാരികളാണ് നെയ്ത്തുതറികളിൽ എത്തിക്കുന്നത്. കേരള സാരി, സെറ്റ് – മുണ്ട്, കസവു മുണ്ട് തുടങ്ങിയവ നെയ്ത്തുകാർ നെയ്ത ശേഷം വ്യാപാരികളെ തിരികെ ഏൽപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി കുത്താമ്പുള്ളി കൈത്തറി എന്ന ബ്രാൻഡ് നെയിമിൽ തന്നെയാണ് ഇവയുടെ വിൽപന.

ലക്ഷ്മി
ലക്ഷ്മി

അസംസ്കൃത വസ്തുക്കളായ പാവ്, നൂൽ എന്നിവ തമിഴ്നാട്ടിൽ നിന്നും കസവ് സൂറത്തിൽ നിന്നുമാണ് എത്തിക്കാറുള്ളത്. ഇവയുടെ വില കോവിഡ് മൂലം വർധിച്ചതോടെ കുത്താമ്പുള്ളി വീണ്ടും കഷ്ടത്തിലായി. കൈത്തറി നിർമാണം 50 ശതമാനത്തിനു താഴേക്കു പതിച്ചിട്ടു നാളുകളായി.

നിറം മങ്ങി ജീവിതം

നെയ്ത്തിലൂടെ ഉപജീവനം നടത്തുന്ന കുടുംബങ്ങൾക്കു പട്ടിണിക്കാലമാണിത്. ഒരു മാസം 3 പാവ് വസ്ത്രങ്ങൾ സ്ഥിരമായി നെയ്തിരുന്നവരാണിവർ. ഒരു പാവ് കൊണ്ട് 6 സാരി നെയ്യാം. അതായത്, ഒരു മാസം 18 സാരി വരെ. 15,000 മുതൽ 20,000 രൂപ വരെ നെയ്തു സമ്പാദിച്ചിരുന്ന അധ്വാനികളേറെ.

എന്നാൽ, ഇപ്പോൾ മാസവരുമാനം 5000 രൂപയ്ക്കു താഴേക്കു പതിച്ചു. ചിലപ്പോഴൊക്കെ 3000 രൂപയിലേക്കു വീണു. ജീവിക്കാൻ മാർഗമില്ലാതെ പലരും ക‍ൂലിപ്പണിയിലേക്കു തിരിഞ്ഞു. നെയ്ത്തെന്ന വിദഗ്ധ തൊഴിൽ മേഖലയുടെ അന്ത്യത്തിന് ഇതു കാരണമായേക്കുമെന്നു ഭയക്കുന്നവരേറെ.

ഒരു സാരിയിലെത്ര ഇഴ

കാര്യമായ ഡിസൈനുകളില്ലാത്തൊരു കൈത്തറി സാരി നെയ്തെടുക്കാൻ ഒരു നെയ്ത്തുകാരൻ എത്ര തവണ തറിയിൽ ചവിട്ടണമെന്നറിയാമോ? ഏകദേശം 22,050 തവണ! ആറേമുക്കാൽ മീറ്റർ നീളമുള്ള ഒരു സാരിയിൽ ഓരോ ഇഞ്ചിലും 90 വീതം ഇഴകൾ ചേരുന്നുണ്ടെന്നാണ് കണക്ക്.

മയിൽപ്പീലി, കഥകളി, ചുമർച്ചിത്രം തുടങ്ങിയ ഡിസൈനുകൾ വരുമ്പോൾ ഇഴകളുടെ എണ്ണം വീണ്ടും കൂടും. സാധാരണ കൈത്തറി സാരി ഒന്നര ദിവസം കൊണ്ടു നെയ്യാമെന്നിരിക്കെ ‍ഡിസൈൻ സാരികൾക്ക് 2 ദിവസം വേണ്ടിവരും. കൈത്തറി സാരികൾക്കു വില ശരാശരി 1400 രൂപ മുതൽ 10,000 രൂപ വരെ.

ചേരാതെ കണക്കുകൾ

കുത്താമ്പുള്ളിയുടെ പ്രതിവർഷ വിറ്റുവരവ് : ഏകദേശം 200 കോടി (കോവിഡിന് മുൻപ്)

പ്രധാന വിപണികൾ : കേരളം, 

തമിഴ്നാട്, മഹാരാഷ്ട്ര, വിദേശ വിപണി.

കൈത്തറി വ്യാപാരികൾ : 100 ഓളം പേർ

നെയ്ത്തുകാർ : അഞ്ഞൂറിലധികം

അനുബന്ധ തൊഴിലുകാർ: 2000 പേർ.

പ്രധാന സീസൺ : ഓണം, ബക്രീദ് (75%), വിഷു.

കഴിഞ്ഞ വർഷത്തെ വിറ്റുവരവ് : 50% ഇടിഞ്ഞു

ഈ വർഷം പ്രതീക്ഷിക്കുന്നത് : 25% എങ്കിലും വിൽപന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com