ADVERTISEMENT

പഴയന്നൂർ ഐഎച്ച്ആർഡി 

പഴയന്നൂർ∙ ഐഎച്ച്ആർഡിയുടെ അപ്ലൈഡ് സയൻസ് കോളജിനു സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്കാരം (ഹരിത കോളജ്) ലഭിച്ചു. ക്യാംപസിലെ ഒരു ഏക്കർ ഭൂമിയിൽ നീർമാതളമെന്ന പേരിൽ ജൈവ വൈവിധ്യങ്ങളൊരുക്കിയാണു കോളജ് ഹരിത പുരസ്കാരത്തിന് അർഹത നേടിയത്.

ചിത്രശലഭോദ്യാനം, മുളകു തോട്ടം, മുളന്തോട്ടം, പപ്പായ തോട്ടം, നക്ഷത്ര വനം, തുടങ്ങിയവ അടങ്ങിയതായരുന്നു  നീർമാതളം. കോളജിലെ നാഷനൽ സർവീസ് സ്കീം, ഭൂമിത്ര സേന എന്നിവ ചേർന്നാണു ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ നടത്തിയത്. പ്രിൻസിപ്പൽ പി. ഷാഗു, അധ്യാപകരായ ഷെറോൺ വക്കച്ചൻ, അജിത് സെൻ എന്നിവർ നേതൃത്വം നൽകി.

ഇ.ആർ. വിനോദ്
ഇ.ആർ. വിനോദ്

ഇ.ആർ.വിനോദ്

ഇരിങ്ങാലക്കുട ∙ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരത്തിന് കൊറ്റനെല്ലൂർ സ്വദേശി ഇടവന വീട്ടിൽ ഇ.ആർ.വിനോദ് അർഹനായി. നാടൻ സസ്യ ഇനങ്ങളുടെയും ജനിതക വൈവിധ്യത്തിന്റെയും സംരക്ഷണത്തിനുള്ള പുരസ്കാരമാണ് കോഴിക്കോട് സ്വദേശി പി.ജെ.തോമസിനൊപ്പം വിനോദ് പങ്കിട്ടത്. വിവിധയിനം കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണമാണ് അവാർഡിന് അർഹനാക്കിയത്. നാൽപത്തിയഞ്ചിലധികം വ്യത്യസ്ത കാച്ചിലുകളും അൻപതിലധികം ചേമ്പുകളും വിനോദിന്റെ കൃഷിയിടത്തിലുണ്ട്. വിവിധയിനം കിഴങ്ങുകൾ, ചേന, ഇഞ്ചി,തുടങ്ങിയ കൃഷി ചെയ്യുന്നുണ്ട്. അപൂർവ ആയുർവേദ സസ്യങ്ങളുടെ സംരക്ഷണവും ഉണ്ട്.

പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമാണ്. സ്വന്തമായുള്ള 90 സെന്റിന് പുറമേ പാട്ടത്തിനെടുത്ത 3 ഏക്കറിലുമാണ് വൈവിധ്യമാർന്ന കിഴങ്ങുകൾ കൃഷി ചെയ്യുന്നത്. മുൻ കൃഷിമന്ത്രി വി.ആർ.സുനിൽകുമാർ വിനോദിന്റെ കൃഷിയിടം സന്ദർശിക്കാൻ എത്തിയിട്ടുണ്ട്.ശ്രീകാര്യം ഗവേഷണ കേന്ദ്രത്തിന്റെ മികച്ച കിഴങ്ങ് വർഗ കർഷകനുള്ള ദേശീയ പുരസ്കാരം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിനോദിനെ തേടിയെത്തിയത്. വെള്ളാനിക്കര എൻബിപിജിആർ ഗവേഷണ കേന്ദ്രത്തിന്റെ കസ്റ്റേഡിയൻ ഫാർമർ കൂടിയാണ്. അമ്മ ശാന്തയും കൃഷിയിൽ സഹായത്തിന് കൂടാറുണ്ട്. പരേതനായ ഇടവന രാമകൃഷ്ണനാണ് അച്ഛൻ.

എൻ.ജെ. ജെയിംസ്
എൻ.ജെ. ജെയിംസ്

ഗ്രീൻ ഹാബിറ്റാറ്റ്

പാവറട്ടി ∙ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റിക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം. ജൈവ വൈവിധ്യ മേഖലയിലെ സംസ്ഥാനത്തെ മികച്ച സന്നദ്ധ സംഘടന പ്രവർത്തനത്തിനാണ് അവാർഡ്. ചാവക്കാട് തീരത്തെ കടലാമ സംരക്ഷണം, കണ്ടൽ വന വൽക്കരണ പ്രവർത്തനങ്ങൾ, അങ്ങാടി കുരുവികളുടെ സംരക്ഷണം, പഞ്ചായത്ത് കിണറുകളുടെ വീണ്ടെടുപ്പ്, നാടൻ മുത്തശി മാവുകൾക്ക് യുവത്വം നൽകൽ തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് ഗ്രീൻ ഹാബിറ്റാറ്റ് നടത്തിയത്.  2011ൽ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് സയൻസ് ടീച്ചിങ് കമ്യൂണിറ്റിയുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്.

പിന്നീട് സാധാരണ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തകരെ കൂടെ കൂട്ടിയാണ് ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി രൂപീകരിച്ചത്. ഇന്ത്യയിലെ പ്രമുഖ കടലാമ സംരക്ഷണ കൂട്ടായ്മയാണ് ഗ്രീൻ ഹാബിറ്റാറ്റ്. ഇൗയിടെ അന്തരിച്ച സി.എഫ്.ജോർജായിരുന്നു സംഘടനയുടെ പ്രസിഡന്റ്. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകൻ എൻ.ജെ.ജെയിംസാണ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ. സലീം ഫോക്കസ് ആണ് പ്രോഗ്രാം ഓഫിസർ. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ സംഘടനയുടെ പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com