ADVERTISEMENT

തൃശൂർ‌ ∙ ചേട്ടനെ കണ്ടുപഠിച്ചാണു ബിജേഷ് ബാലൻ വളർന്നത്. ഡ്യുറാൻഡ് കപ്പ് മുതൽ ഐ ല‍ീഗ് വരെയുള്ള കിരീടങ്ങൾ ബിനീഷ് ബാലൻ കാൽക്കീഴിലാക്കിയതു കണ്ട് ആവേശം മൂത്താണ് ബിജേഷും ഇവ നേടിയത്. പക്ഷേ, ഇതുവരെ ബിനീഷിനെ തേടി എത്താത്ത ഒരു നേട്ടം കഴിഞ്ഞ ദിവസം ബിജേഷിനു സ്വന്തമായി. കേരള പൊലീസിൽ സ്പോർട്സ് ക്വോട്ടയിൽ ഹവിൽദാറായി നിയമനമെന്ന സ്വപ്നം.

പരിശീലനം പൂർത്തിയാക്കി ബിജേഷ് സേനാംഗമായി സത്യപ്രതിജ്ഞ ചെയ്തതിൽ ആഹ്ലാദം പങ്കുവച്ചുകൊണ്ടുതന്നെ ബിനീഷ് കാത്തിരിപ്പു തുടരുകയാണ്, സർക്കാർ ജോലി എന്ന മോഹത്തിനായി. ഐ.എം. വിജയൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പന്തുതട്ടിയ ചരിത്രമുള്ള മുൻതാരം പാമ്പൂർ സ്വദേശി ബാലന്റെ മക്കളാണ് ബിനീഷും ബിജേഷും. 15 വയസ്സു തികയും മുൻപേ ടാറ്റ ഫുട്ബോൾ അക്കാദമി കൊത്തിക്കൊണ്ടുപോയതോടെ ‘അദ്ഭുതക്കുട്ടി’ ആയി പേരെടുത്തയാളായിരുന്നു ബിനീഷ്. ജംഷഡ്പൂരിൽ ജെആർഡി കപ്പിൽ ടോപ് സ്കോറർ ആയിട്ടായിരുന്നു തുടക്കം. 

ഗോവ ചർച്ചിൽ ബ്രദേഴ്സിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറി. കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 2 ഡ്യുറൻഡ് കപ്പ്, ഒരു ഫെഡറേഷൻ കപ്പ്, 2 ഐ ലീഗ് കിരീടം തുടങ്ങിയവ നേടിയ ചർച്ചിൽ ടീമിൽ അംഗമായി. ദേശീയ ജൂനിയർ ടീമുകളിലംഗമായി 13 വിദേശ രാജ്യങ്ങളിൽ കളിച്ചു. 7 വർഷം മുൻപു കാൽമുട്ടിനേറ്റ പരുക്കാണു കളിജീവിതം അവസാനിപ്പിച്ചത്. ഇതിനിടെ ചേട്ടന്റെ വഴിയിലൂടെ അനുജനും മികവുറ്റ താരമായി ഉയർന്നു. ഗോകുലം എഫ്സിയിലൂടെയായിരുന്നു ബിജേഷിന്റെ ജൈത്രയാത്ര. 

ഐലീഗും ഡ്യുറൻഡ് കപ്പും നേടിയ ടീമിലംഗമായി. കഴിഞ്ഞ സെപ്റ്റംബറിൽ ബിജേഷിനു സ്പോർട്സ് ക്വോട്ടയിൽ പൊലീസിൽ നിയമനം ലഭിച്ചു. മികച്ച ഔട്ട്‌‍ഡോർ കെഡറ്റ് പുരസ്കാരം നേടി പരിശീലനം പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസം. അനുജനു ലഭിച്ചതു പോലെ സർക്കാർ ജോലി എന്ന അംഗീകാരം തന്നെയും തേടിയെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ബിനീഷ്,   സർക്കാരിനു നൽകിയ അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com