അമൽ എഴുതി 'മോം, സോറി'...; അമൽ എങ്ങനെ ഒഴിഞ്ഞ വീട്ടിലെത്തി? ദുരൂഹതയുടെ ആറ് മാസങ്ങൾ

thrissur-amal-body-found-house
അമലിന്റെ മൃതദേഹം കണ്ടെത്തിയ വീട്, ഇൻസെറ്റിൽ അമൽ.
SHARE

തളിക്കുളം ∙ ‘മോം, സോറി’– അമൽ കൃഷ്ണയുടെ മൃതദേഹം കിടന്നിരുന്ന അടഞ്ഞ വീട്ടിലെ മുറിയുടെ ചുമരിൽ കാണപ്പെട്ട എഴുത്തായിരുന്നു അത്. കയ്യക്ഷരം അമലിന്റേതാണെന്ന് അമ്മാവൻ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കനാണ് അമൽ കൃഷ്ണ. പഠന മികവിന് അമലിനു ലഭിച്ച പുരസ്കാരങ്ങൾ ആയിരുന്നു കഴിഞ്ഞ 6 മാസം അച്ഛനും അമ്മയ്ക്കും ഈ കാത്തിരിപ്പിൽ കൂട്ട്. പ്ലസ് വൺ ക്ലാസിലും അമൽ മികവു തുടർന്നു. അതിനിടെയായിരുന്നു തിരോധാനം.

ഓൺലൈൻ പേയ്മെന്റ് ആപ് വഴി അമൽ പണം പിൻവലിച്ചതായി പൊലീസ് കരുതുന്നുണ്ടെങ്കിലും വീട്ടുകാർക്ക് അതിന്റെ ഒരു സൂചനയുമില്ല. ഓൺലൈൻ ക്ലാസിനും മറ്റുമായി അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്; അതും അനുവാദത്തോടെ മാത്രം. രാത്രി 9നു ശേഷം ഫോൺ ഉപയോഗിക്കാറില്ല. ലാപ്ടോപ് നൽകിയത് കാണാതാകുന്നതിന് 8 ദിവസം മുൻപാണ്. അമ്മയുടെ ഫോണുമായാണ് അമലിനെ കാണാതായത്. കാണാതായ ദിവസം രാത്രി എട്ടിനാണ് ഫോൺ ഒരേയൊരു വട്ടം ഓൺ ആയത്. ടവർ ലൊക്കേഷനിൽ തൃപ്രയാർ എന്നാണു കണ്ടത്. ഒരു മിനിറ്റിനു ശേഷം ഫോൺ വീണ്ടും ഓഫായി.  

അമൽ എങ്ങനെ ഒഴിഞ്ഞ വീട്ടിലെത്തി; ദുരൂഹത

ഹോട്ടലിനു സ്ഥലം കണ്ടെത്താനായി അടഞ്ഞു കിടക്കുന്ന വീടും പറമ്പും കാണാൻ ചെന്ന ഷറഫുദ്ദീനാണ് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടത്. പ്രവാസി മലയാളിയായ കൊട്ടാരപ്പറമ്പിൽ യൂസഫിന്റേതാണ് വീട്.  മുൻവശത്തെ വാതിൽ താക്കോൽ ഉപയോഗിച്ചു തുറക്കാൻ നോക്കിയപ്പോഴാണു തുറന്നുകിടക്കുകയാണെന്നു മനസ്സിലായത്. വാതിൽ തുറക്കാനാവാത്ത വിധം വാഷ് ബേസിൻ നീക്കി വച്ചിരുന്നു. മൃതദേഹം കണ്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊതുപ്രവർത്തകനായ ഇർഷാദ് ചേറ്റുവ ആണ് എടിഎം കാർഡും മൊബൈൽ ഫോണും തിരിച്ചറിഞ്ഞു മൃതദേഹം അമലിന്റേതാകുമെന്നു സൂചന നൽകിയത്. അമലിന് എങ്ങനെയാണ് ഈ സ്ഥലം പരിചയമെന്ന് പൊലീസിനും വ്യക്തതയില്ല. കഴിഞ്ഞ ദിവസമാണ് വീട്ടുവളപ്പിലെ കാട് വെട്ടിത്തെളിച്ചത്. എസ്പി ജി.പൂങ്കുഴലി, ഡിഐജി എ.അക്ബർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ എന്നിവരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

ആ ദിവസം സംഭവിച്ചതെന്ത്? 

മാർച്ച് 18. രാവിലെ 11 മണി

വീട്ടിലെ ഊഞ്ഞാലിൽ ശാന്തനായി ഇരുന്ന അമലിനെ അമ്മ ശിൽപ ബാങ്കിൽ പോകാൻ വിളിക്കുന്നു. അമലിന്റെ എടിഎം കാർഡിന്റെ തകരാർ പരിഹരിക്കാനായിരുന്നു യാത്ര. ആശയക്കുഴപ്പമേതും ഇല്ലാതെ അമൽ ഒപ്പം പോകാൻ തയാറായി.

രാവിലെ 11.30

അമ്മയ്ക്ക് അക്കൗണ്ടുള്ള സ്വകാര്യ ബാങ്കിലാണ് ആദ്യം ഇരുവരും എത്തുന്നത്. അമലിന്റെ അക്കൗണ്ട് മറ്റൊരു ബാങ്കിലാണ്. അമ്മ ബാങ്കിടപാടു തീർത്തു വന്നതിനു ശേഷം രണ്ടാമത്തെ ബാങ്കിലേക്കു പോകാനായി മകൻ പുറത്തു കാത്തുനിന്നു.

രാവിലെ 11.40

അമ്മ ബാങ്കിനു പുറത്തെത്തിയെങ്കിലും മകനെ കണ്ടില്ല.  മകന്റെ കൈവശമുണ്ടായിരുന്ന തന്റെ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ചോഫായിരുന്നു.

ഉച്ചയ്ക്ക് 12.40

വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിക്കുന്നു. അമലിന്റെ കൈവശമുള്ള ഫോൺ സ്വിച്ചോഫ്.

രാത്രി 8 മണി

അമലിന്റെ കൈവശമുണ്ടായിരുന്ന ഫോൺ ഓൺ ആയി. ടവർ ലൊക്കേഷനിൽ തൃപ്രയാർ എന്നു കണ്ടു. കൃത്യം 1 മിനിറ്റിനു ശേഷം ഫോൺ ഓഫ് ആയി. പിന്നീട് ഒരിക്കലും ഓണായില്ല. 

English Summary: Amal said sorry to his mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN thrissur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA