ADVERTISEMENT

കൊടകര ∙ വയനാട്ടിലെ ആശ്രമത്തിൽ നിന്നു മൂന്നുമുറി ഇടവകയിൽ മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഫാ. ജെൻസന്റെ കണ്ണു പതിഞ്ഞത് വഴിയരികിലെ ഒരു ഫ്ലെക്സ് ബോർഡി‍ൽ. പെൺകുട്ടിയുടെ മുഖവും വൃക്ക തകരാറിലായതിനാൽ ജീവനു വേണ്ടി പോരാടുന്നു എന്ന കുറിപ്പും. രക്തഗ്രൂപ്പ് അന്വേഷിച്ചപ്പോൾ ‍ഒ പോസിറ്റീവ്. തന്റേതും അതു തന്നെ. ഫാ. ജെൻസൺ ആ വീട്ടുകാരോടു പറഞ്ഞു, വൃക്ക തരാം.

ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിന് (26) അതൊരു ദൈവദൂതന്റെ വാക്കുകളായിരുന്നു. ഇപ്പോൾ ഇരുവരും എറണാകുളം ലൂർദ് ആശുപത്രിയിൽ. 4 ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയ. നാടിന്റെ വലിയ ആഗ്രഹമാണു പൂർത്തിയാകുന്നത്. ആൻസിയുടെ ചികിത്സയ്ക്കായി നാട്ടുകാർ ഒരേ മനസ്സോടെ മുന്നിലുണ്ടായിരുന്നു. വൃ‌ക്ക ലഭിക്കാത്തതായിരുന്നു തടസ്സം. ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു വൈദികനായപ്പോൾ മുതൽ, വൃക്ക ദാനം ചെയ്യാനുള്ള മനസ്സുണ്ടായിരുന്നുവെന്നു ഫാ. ജെൻസൺ പറയുന്നു.

അർഹരെ കൺമുന്നിലെത്തിക്കണേയെന്ന പ്രാർഥനയോടെ കഴിയുമ്പോഴാണു ആൻസിയുടെ വിവരം അറിയുന്നത്. വൃക്കദാനത്തിനായി ആഹാരം ക്രമീകരിച്ച് തൂക്കം 10 കിലോ കുറച്ചു വൈദികൻ. ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ വയനാട് ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെൻസൺ, പ്രൊവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും  മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടി. മൂന്നുമുറി ചെന്ത്രാപ്പിന്നി വീട്ടിൽ ജേക്കബ്– മറിയംകുട്ടി എന്നിവരുടെ മകനാണു ജെൻസൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com