ADVERTISEMENT

തൃശൂർ ∙ 16 വർഷം എയർഫോഴ്സിൽ ജോലിചെയ്തതു കൊണ്ടാകാം, ടി.പി. ഔസേപ്പ് എക്കാലവും ഉന്നംവച്ചത് അത്യുന്നതങ്ങളിലേക്കാണ്. 75–ാം വയസ്സിൽ, വൈകിയെത്തിയ അംഗീകാരമായി ദ്രോണാചാര്യ പുരസ്കാരം ലഭിച്ചപ്പോഴും ഔസേപ്പിന്റെ നോട്ടം ഉയരങ്ങളിലേക്കു തന്നെ. 2024ലെ ഒളിംപിക്സിലേക്ക് ശിഷ്യരിലാരെങ്കിലും യോഗ്യത നേടുക, 2028ൽ മെഡൽ നേടുക – ഈ ലക്ഷ്യങ്ങൾ കൈവരിക്കും വരെ വിശ്രമമില്ലെന്ന് ഔസേപ്പ് നെഞ്ചുവിരിച്ചു പറയുന്നു.

ടി.പി.ഔസേപ്പ്
ടി.പി.ഔസേപ്പ്

ഒന്നര വർഷമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ജംപ്സ് വിഭാഗം പരിശീലകനാണു ഔസേപ്പ്. കോതമംഗലം എംഎ കോളജിൽ 16 വർഷം നീണ്ട പരിശീലനച്ചുമതല ഒഴിഞ്ഞത് 2019ൽ ആണ്. വിവരമറിഞ്ഞു തൃശൂരിലെ 2 കോളജുകൾ അദ്ദേഹത്തെ തേടി പെരുമ്പാവൂർ ഇരിങ്ങോളിലെ വീട്ടിലെത്തി. എന്നാൽ, ക്രൈസ്റ്റ് കോളജിന്റെ ക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ, കോവിഡ് എത്തിയതോടെ പരിശീലനം ഓൺലൈനിലേക്കു ചുരുക്കേണ്ടി വന്നു.

ദേശീയതാരങ്ങളായ സാന്ദ്ര ബാബു, മീര ഷിബു, സച്ചു ജോർജ്, എൻ. അനസ് എന്നിവർ ഒസേപ്പിനു കീഴിൽ പരിശീലനത്തിലാണ്. പരിശീലകനെന്ന നിലയിൽ മാത്രമല്ല, മുൻ ചാംപ്യനെന്ന നിലയിലുമുള്ള അനുഭവ സമ്പത്തും തുണയാണ്. 16 വർഷത്തെ എയർ ഫോഴ്സ് ജീവിതത്തിനിടെ 13 വർഷം ലോങ്ജംപിലും 5 വർഷം ട്രിപ്പിൾ ജംപിലും സേനാചാംപ്യനായിരുന്നു.

1980ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പോർട്സിൽ നിന്നു ഡിപ്ലോമ നേടി എയർ ഫോഴ്സിൽ പരിശീലകനായി. പിന്നീടു ജ‍ി.വി. രാജയിലും വിമല കോളജിലും പരിശീലകനായി. വിമലയിലെ പരിശീലനകാലത്താണു ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ്, ലേഖ തോമസ്, ജിൻസി ഫിലിപ് തുടങ്ങിയ രാജ്യാന്തര താരങ്ങളെ പരിശീലിപ്പിച്ചത്. 11 വർഷം ബോബി അലോഷ്യസിന്റെ പരിശീലകനായിരുന്നു.

1994–98 കാലത്ത് ഇന്ത്യൻ ടീമിന്റെ പരിശീലകനുമായി. കഴിഞ്ഞ 5 വർഷവും ദ്രോണാചാര്യ പുരസ്കാര നിർണയത്തിനിടെ ഔസേപ്പ് തഴയപ്പെട്ടിരുന്നു. ഇത്തവണയും ദുരനുഭവം ആവർത്തിച്ചപ്പോൾ കേന്ദ്ര കായിക മന്ത്രാലയത്തിന്  നേരിട്ട് അപേക്ഷ സമർപ്പിക്കുകയായിരുന്നു. അംഗീകാരം ഏറെ വൈകിയെങ്കിലും പരിഭവമില്ലെന്ന് അദ്ദേഹം പറയുന്നു. ഭാര്യ ഗ്രേസിയും മക്കളായ ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവരുമുൾപ്പെട്ട കുടുംബം പുരസ്കാര ലബ്ധിയിൽ ആഹ്ലാദത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com