ADVERTISEMENT

വർഷങ്ങളായി ഈ വഴിയിൽ ഗതികെട്ട് യാത്ര ചെയ്യുന്നവർ,അപകടങ്ങളിൽ അകപ്പെട്ടവർ,കുരുക്കിൽ കുടുങ്ങിയവർ... എല്ലാവർക്കും ആശ്വസിക്കാം, രണ്ടാംതുരങ്കവും തുറക്കാനൊരുങ്ങുമ്പോൾ,,,

ആദ്യ തുരങ്കപാത

കുതിരാനിലേതു കേരളത്തിലെ ആദ്യത്തെ ആറുവരി തുരങ്കപാത. യാഥാർഥ്യമായത് 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ. നിർമാണം പൂർത്തിയാക്കിയത് തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കരാർ കമ്പനി.

kuthiran-graphics

13 വട്ടം മുടങ്ങി

തുരങ്ക നിർമാണം 30 മാസം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ആദ്യം കരാർ നൽകിയത്. നിർമാണം തുടങ്ങിയത് 2014ൽ. പക്ഷേ, 13 വട്ടം പല കാരണങ്ങളാൽ നിർമാണം മുടങ്ങി.

2 കിലോമീറ്റർ ലാഭം

കുതിരാനിലെ വളഞ്ഞുപുളഞ്ഞുള്ള പഴയപാതയ്ക്കു 3 കിലോമീറ്ററായിരുന്നു ദൈർഘ്യം. തുരങ്കം വന്നതോടെ യാത്രാദൂരം 1 കിലോമീറ്ററായി ചുരുങ്ങി. 2 കിലോമീറ്റർ മാത്രമല്ല ലാഭം, മണിക്കൂറുകൾ നീണ്ട കുരുക്കു കൂടിയാണ്. 50 മീറ്റർ കുത്തനെയുള്ള കയറ്റവും ഇനി വേണ്ട.

സമാന്തരപാത അകലെ

കുതിരാൻ ഒഴിവാക്കി തൃശൂരിൽ നിന്നു പാലക്കാട് ദിശയിലേക്കു പോകണമെങ്കിൽ ഷൊർണൂർ, ഒറ്റപ്പാലം വഴി പോകേണ്ടി വരും. അതായത്, തൊട്ടടുത്ത സമാന്തരപാത 60 കിലോമീറ്റർ അകലെയാണ്.

തുരക്കൽ യന്ത്രം ആദ്യം

തുരങ്കം തുരക്കാനുള്ള ബൂമർ എന്ന യന്ത്രം സംസ്ഥാനത്ത് ആദ്യമായെത്തുന്നതു ക‍ുതിരാൻ തുരങ്ക നിർമാണത്തിനു വേണ്ടിയാണ്. കാംറോക്ക് എന്ന ഈ യന്ത്രം ഉപയോഗിച്ചാണ് ഇരുതുരങ്കങ്ങളും തുരന്നത്.

നഷ്ടപരിഹാരം 3 കോടി

ആദ്യ തുരങ്കത്തിനു വേണ്ടി പാറപൊട്ടിക്കുന്നതിനിടെ സമീപത്തെ വീടുകൾക്കു കാര്യമായ നാശമുണ്ടായി. നഷ്ടപരിഹാരമായി കമ്പനി നൽകിയത് 3 കോടി രൂപ.

മേൽക്കൂര കോൺക്രീറ്റിൽ

ആദ്യത്തെ തുരങ്കത്തിന്റെ മേൽക്കൂരയുടെ 400 മീറ്ററോളം ഭാഗം കോൺക്രീറ്റിങ് നടത്തിയിട്ടില്ല. പാറയ്ക്കു നല്ല ഉറപ്പാണെന്നതാണു കാരണം. രണ്ടാമത്തെ തുരങ്കത്തിന്റെ മേൽക്കൂരയിൽ 15 മീറ്ററൊഴികെ ബാക്കി ഭാഗം മുഴുവൻ ഗാൻട്രി കോൺക്ര‍ീറ്റിങ് നടത്തി.

അന്നു മണ്ണിടിഞ്ഞു

2018ലെ പ്രളയകാലത്തു തുരങ്കത്തിനു കിഴക്കു ഭാഗത്തു മുകളിൽ നിന്നു മണ്ണിടിഞ്ഞു വീണതു പരിഭ്രാന്തി പരത്തി. പിന്നീട് ഈ ഭാഗം തട്ടുകളായി തിരിച്ചു പാറക്കെട്ട് ഉറപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com