ADVERTISEMENT

പാവറട്ടി ∙ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിച്ച കേസിൽ ഷാജഹാൻ പെരുവല്ലൂരിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്നു ഷാജഹാൻ. 2018ൽ ഇൗ സംഘത്തിൽ അപ്രൈസർ, അറ്റൻഡർ തസ്തികയിലേക്ക് ഒഴിവുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ഉദ്യാഗാർഥികളിൽ നിന്നായി 75 ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്നാണ് കേസ്.

തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ നിന്നാണ് പാവറട്ടി എസ്എച്ച്ഒ എം.കെ.രമേഷ്, എസ്ഐമാരായ ആർ.പി.സുജിത്ത്, സജീവൻ, എസ്എസ്ഐ ജയ്സൺ പൗലോസ്, സിപിഒ സുമേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പാവറട്ടി, കണ്ടാണശേരി, അരിമ്പൂർ സ്വദേശികളാണ് പരാതിക്കാർ. ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കാനായി പരീക്ഷ, അഭിമുഖം എന്നിവ നടത്തുകയും തിരഞ്ഞെടുത്തവർക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കോവിഡ് കാലഘട്ടം മുതലെടുത്ത് വീട്ടിലിരുന്ന് ജോലി എന്ന നിലയിൽ ആദ്യ ശമ്പളം ഉദ്യോഗാർഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുകയും തുടർന്ന് ജോലിക്കായി പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും കൈപ്പറ്റുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശമ്പളം ലഭിക്കാതായപ്പോഴാണ് കബളിക്കപ്പെട്ടതായി മനസിലാക്കിയ ഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിന് ശേഷം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. പൊലീസിന് രഹസ്യമായി ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഷാജഹാനെ പൊലീസ് പിടികൂടിയത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com