ADVERTISEMENT

കുന്നംകുളം ∙ ദേവീ ക്ഷേത്രങ്ങളിലെ‍ പൂരത്തിന് മുന്നോടിയായി മേഖലയിലെ വീടുകളിൽ നായാടിക്കളി സംഘങ്ങൾ എത്തിത്തുടങ്ങി. നാടിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി പ്രാചീന കാലം മുതൽ പ്രചാരണത്തിലുള്ളതാണ് ഇൗ കലാരൂപം. നായാടാൻ പോകുന്നവരുടെ വേഷം കെട്ടി പാണൻ സമുദായക്കാർ വീടുകൾ തോറും ചെന്നാണു പാട്ടുപാടി കളിക്കുന്നത്. സാധാരണ ഒന്നു മുതൽ അഞ്ച് പേർ വരെ സംഘത്തിൽ ഉണ്ടാകും. രണ്ട് മുളവടികളാണ് ഇവരുടെ വാദ്യോപകരണങ്ങൾ.

അരയിൽ ചുറ്റിയിരിക്കുന്ന മുണ്ടിനു മുകളിൽ തനതായ വസ്ത്രങ്ങൾ അണിഞ്ഞു തലയിൽ മുണ്ടു കെട്ടി ദേഹത്ത് ചാന്ത് വാരിപ്പൂശിയാണ് ഇവർ വരുന്നത്. മരം കൊണ്ടുള്ള ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഇത് നിലത്ത് വച്ചു വടികൾ തമ്മിൽ കൊട്ടി വട്ടം ചുറ്റിക്കളിക്കും. കളിക്കൊപ്പം പാട്ടുകളുമുണ്ടാവും. വിഷയം നായാട്ടു വിശേഷങ്ങളാകും. അപ്പപ്പോൾ അവർ തന്നെ ഉണ്ടാക്കി പാടുന്നതും പതിവുണ്ട്.

കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും പണവും നൽകും. പൂര ദിവസം ക്ഷേത്രത്തിൽ എത്തി വിസ്തരിച്ചു കളിച്ചാണ് സമാപനം. നായാടിക്കളിയുമായി വീടുകളിൽ എത്തുമ്പോൾ നല്ല സ്വീകരണം ലഭിക്കുന്നുണ്ടെന്ന് ഏറെക്കാലമായി ഇൗ രംഗത്തുള്ള വെസ്റ്റ് മങ്ങാട് സ്വദേശികളായ വി.ആർ. രാജൻ, വി.ഐ. മോഹൻ, കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു. സഹായത്തിന് കുടുംബത്തെയും കൂട്ടിയാണ് ഇവർ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com