ADVERTISEMENT

തൃശൂർ∙ ആരെ തോൽപിക്കുമ്പോഴാണ് ഏറ്റവും സന്തോഷമെന്നായിരുന്നു ഒരു കുട്ടിക്ക് ഐ.എം. വിജയനോട് ചോദിക്കാനുണ്ടായിരുന്നത്. ചോദ്യം പാസ് ചെയ്തു കിട്ടിയ ഉടനെ വിജയൻ ഗോളടിച്ചു: ‘ആരെയും തോൽപിക്കുന്നതിലല്ല, ഗോളടിക്കുന്നതിലാണ് സന്തോഷം’. കയ്യടികളോടെ കുട്ടികൾ ആ ഉത്തരം ഒരു ഗോൾ എന്നപോലെ ആരവത്തോടെ ആഘോഷിച്ചു. ജവാഹർ ബാലഭവനിലെ അവധിക്കാല കലാ–കായിക–കരകൗശല പരിശീലനത്തിലാണു കുട്ടികളോടു സംവദിക്കാൻ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എത്തിയത്.

കുട്ടിക്കാലത്തെ അനുഭവങ്ങളും ഇഷ്ടങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ഏറ്റവും ഇഷ്ടമുള്ള താരം ആരെന്നായിരുന്നു മറ്റൊരു ചോദ്യം. മെസി മുതൽ നെയ്മർ വരെയുള്ള പേരുകൾ വായുവിൽ പറന്നു. എന്നാൽ മറുപടി ഇങ്ങനെയായിരുന്നു. ‘ഏറ്റവും പ്രിയപ്പെട്ട താരം എന്നുള്ളതിന് അന്നും ഇന്നും ഉത്തരം ഒന്നു മാത്രം–മറഡോണ’ വിജയന്റെ വിജയരഹസ്യം ചോദിച്ചു കുട്ടികൾ. കഠിനാധ്വാനം മാത്രമാണു രഹസ്യമെന്നു പരസ്യമായി പറഞ്ഞു വിജയൻ. ഫുട്ബോളിനേക്കാൾ സിനിമയെ ഇഷ്ടപ്പെടുന്ന ചില കുട്ടിത്താരങ്ങൾ ഇതിനിടെ ചോദ്യത്തിന്റെ ട്രാക്ക് മാറ്റി. ‘ഇളയ ദളപതി വിജയ്നൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയൂ..’

അപ്പോഴും വിജയൻ ഗോളടിച്ചു: മറുപടി ഇങ്ങനെ: ‘ആ സിനിമയിലും സ്റ്റാർ ഫുട്ബോൾ തന്നെയായിരുന്നു. അതായിരുന്നു പ്രധാന വിഷയം. അതിലാണു കൂടുതൽ സന്തോഷം’.പി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കളിവീട് കോ ഓർഡിനേറ്ററും ഭരണസമിതി അംഗവുമായ കോലഴി നാരായണൻ, ജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.മേയ് 28 വരെയാണ് അവധിക്കാല ക്യാംപ്. രണ്ടു വർഷത്തിനു ശേഷമാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com